മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍, ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം; നാല് ഗ്രാമങ്ങളില്‍ തള്ളിയ മാലിന്യം നീക്കി തുടങ്ങി; മാലിന്യം ശേഖരിക്കുന്നത് 16 ലോറികളിലായി: തിരികെ എത്തിച്ച് സംസ്‌കരിക്കും
ചെന്നൈ: കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള ടണ്‍ കണക്കിന് മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍, ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം പുറത്തുവന്നതോടെ മാലിന്യം നീക്കം ആരംഭിച്ചു. ക്ലീന്‍ കേരള കമ്പനിയുടെയും തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് ഈ നടപടി. കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലും വയലുകളിലും മാലിന്യം കണ്ടെത്തിയിരുന്നു. കണ്ണെത്താദൂരത്തോളം പടര്‍ന്ന ആശുപത്രി മാലിന്യക്കൂമ്പാരം, പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മലിനീകരണത്തിനും കാരണമായതായി സ്ഥിരീകരിച്ചു.
തമിഴ്നാട്ടില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചയായ സംഭവത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലോടെയാണ് കേരളം മാലിന്യങ്ങള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് നാല് പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
16 ലോറികളിലായാണ് മാലിന്യം ശേഖരിക്കുന്നത്. എല്ലാം തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരും. ഇവ ക്ലീന്‍ കേരള കമ്പനി തരം തിരിക്കും. കമ്പനിക്ക് കീഴിലെ വിവിധ ബയോസംസ്‌ക്കരണ യൂണിറ്റില്‍ സംസ്‌ക്കരിക്കും. പുനരുപയോഗിക്കാന്‍ കഴിയുന്നവ അങ്ങനെ ചെയ്യും. ആര്‍എസിസിയില്‍ നിന്നും ക്രെഡന്‍സ് അടക്കമുള്ള ആശുപത്രികളില്‍ നിന്നുമുള്ള മാലിന്യമാണ് തിരുനെല്‍വേലിയില്‍ നിക്ഷേപിച്ചത്. തലസ്ഥാനത്തെ ചില ഹോട്ടലുകളില്‍ നിന്നുളള മാലിന്യങ്ങളും ഇതിലുണ്ട്. മാലിന്യം തള്ളിയ ലോറി ഡ്രൈവര്‍ അടക്കം നാലുപേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രികളില്‍ നിന്ന് മെഡിക്കല്‍ മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ നേടിയ കമ്പനികള്‍ക്ക് വീഴ്ചയുണ്ടായെന്നാണ് കേരള സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇവര്‍ക്കെതിരെ നടപടി എടുക്കും. മാലിന്യസംസ്‌ക്കരണത്തിന് വേണ്ടത്ര സൗകര്യമില്ലാതെ ഈ കമ്പനികള്‍ എങ്ങനെ കരാര്‍ നേടി എന്ന ചോദ്യമാണ് ഉയരുന്നത്.