റോഡ് മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ച് തെറിപ്പിച്ച് കാര്‍; ഇടികൊണ്ട ആന കാറിന് മുകളിലേക്ക് വീണ് കാര്‍ തകര്‍ന്നു; യാത്രക്കാരെ ആക്രമിച്ചില്ല; പരിക്കേറ്റ ആനയെ കണ്ടെത്താന്‍ ശ്രമം

Update: 2025-11-16 06:29 GMT

ചിക്കമഗളൂരു: റോഡ് മുറിച്ചുകടന്ന കാട്ടാനയെ കാറിടിച്ച് അപകടം. ചിക്കമംഗളൂരു ജില്ലയിലെ എന്‍ആര്‍ പുരയിലാണ് സംഭവം. ഇടികൊണ്ട ആന കാറിന് മുകളിലേക്ക് വീണു. തകര്‍ന്ന കാറിലുണ്ടായിരുന്നവരെ ആന ആക്രമിക്കാന്‍ മുതിരാതിരുന്നതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറാണ് റോഡ് മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തു.

പരിക്കേറ്റ ആനയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. എന്‍ആര്‍ പുര ബലിഹൊണ്ണൂര്‍ സംസ്ഥാന പാതയിലാണ് സംഭവം. കര്‍ണാടകയില്‍ മനുഷ്യ മൃഗ സംഘര്‍ഷം പതിവാകുന്നതില്‍ ഒടുവിലത്തെ സംഭവമാണ് ഇത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചിക്കമംഗളൂരുവിലെ നരസിംഹരാജ പുര താലൂക്കില്‍ കാപ്പി തോട്ടത്തില്‍ ജോലിക്ക് പോയ 39കാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വിനോദ ഭായി എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭദ്ര റിസര്‍വ് വനത്തിന് സമീപത്തെ കാപ്പിത്തോട്ടത്തില്‍ വച്ചായിരുന്നു സംഭവം. ഒക്ടോബര്‍ ആദ്യവാരത്തില്‍ എന്‍ ആര്‍ പുരയില്‍ കൃഷിയിടത്തില്‍ സാരമായ നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ വനംവകുപ്പ് പിടികൂടിയിരുന്നു.

Similar News