ലഘുഭക്ഷണ പാക്കറ്റിനുള്ളിലെ കളിപ്പാട്ടം പൊട്ടിത്തെറിച്ചു; എട്ടു വയസ്സുകാരന് കാഴ്ച നഷ്ടമായി
ബലാംഗീര്‍: ലഘുഭക്ഷണ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച കളിപ്പാട്ടം പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരന്റെ കാഴ്ച നഷ്ടപ്പെട്ടു. ഒഡിഷയിലെ ബലാംഗീര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കടയില്‍ നിന്ന് വാങ്ങിയ ലഘുഭക്ഷണ പാക്കറ്റിനുള്ളില്‍ സൗജന്യമായി ലഭിച്ച കളിപ്പാട്ടം കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഞായറാഴ്ചയാണ് കുട്ടി പ്രദേശത്തെ ഒരു കടയില്‍ നിന്ന് അഞ്ച് രൂപയുടെ 'ലൈറ്റ് ഹൗസ്' എന്ന കോണ്‍ പഫ്സ് പായ്ക്കറ്റ് വാങ്ങിയത്. ലഘുഭക്ഷണം കഴിച്ച ശേഷം അതിനുള്ളിലുണ്ടായിരുന്ന കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോഴായിരുന്നു സ്‌ഫോടനം. കളിപ്പാട്ടം പൊട്ടിത്തെറിച്ച് കണ്ണിന്റെ ഉള്ളില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും നേത്രഗോളത്തിന് ഗുരുതരമായ തകരാര്‍ സംഭവിക്കുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ഉല്‍പ്പന്നം പൂര്‍ണ്ണമായും നിരോധിക്കണമെന്നും നിര്‍മ്മാണ കമ്പനിക്കെതിരെ കര്‍ശന നടപടി വേണമെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കും ഭാവി പഠനത്തിനുമായി അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.