കാണ്‍പൂരിലെ ലംബോര്‍ഗിനി അപകടം: പണക്കാരനായ ഒരു വ്യവസായിയുടെ മകന്‍ കുറ്റം ചെയ്തപ്പോള്‍ എന്തുകൊണ്ട് ബുള്‍ഡോസര്‍ നടപടിയില്ല? യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷം

എന്തുകൊണ്ട് ബുള്‍ഡോസര്‍ നടപടിയില്ല? യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷം

Update: 2026-02-10 12:15 GMT

ലഖ്നൗ: കാണ്‍പൂരില്‍ പുകയില വ്യവസായിയുടെ മകന്‍ ഓടിച്ച ലംബോര്‍ഗിനി കാറിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. ഇത്തരം സാഹചര്യങ്ങളില്‍ 'സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വീടുകള്‍ പൊളിക്കാന്‍ കാണിക്കുന്ന ആ വേഗത, പണക്കാരനായ ഒരു വ്യവസായിയുടെ മകന്‍ കുറ്റം ചെയ്തപ്പോള്‍ എന്തുകൊണ്ട് കാണിക്കുന്നില്ല?' എന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോദിച്ചു.

പുകയില വ്യവസായി കെ കെ മിശ്രയുടെ മകന്‍ ശിവം മിശ്ര ഓടിച്ച ലംബോര്‍ഗിനി വലിയ അപകടങ്ങളായിരുന്നു സൃഷ്ടിച്ചത്. 10 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി റെവുവെല്‍റ്റോ നിയന്ത്രണം വിട്ട് ഒരു ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇതിനിടെ പ്രതികളെ സംരക്ഷിക്കുന്നതിനായി അന്വേഷണം വൈകിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പൊലീസ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചുവെന്നും, പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു ആരോപണം.

സര്‍ക്കാര്‍ ഓരോ കേസിലും വിവേചനം കാണിക്കുന്നുണ്ടെന്നും സാധാരണക്കാരനും വന്‍കിട വ്യവസായിക്കും നിയമം ഒരുപോലെയാകണമെന്നും പ്രതിപക്ഷം പറഞ്ഞു. കുറ്റകൃത്യങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആറുപേരുടെ പരിക്കിന് കാരണക്കാരനായ വ്യക്തിയുടെ വീടിന് നേരെ എപ്പോള്‍ ബുള്‍ഡോസര്‍ അയക്കുമെന്ന് എംഎല്‍എ രവിദാസ് മെഹ്റോത്ര ചോദിച്ചു.

അപകടത്തിന് പിന്നാലെ കറുത്ത എസ്യുവിയില്‍ അകമ്പടി വന്ന ബൗണ്‍സര്‍മാര്‍ കാറില്‍ നിന്നും ശിവം മിശ്രയെ പുറത്തെടുത്ത് കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Tags:    

Similar News