അച്ഛന്റെ പ്രായമുണ്ടല്ലോ നിങ്ങൾക്ക്?; ഇതൊക്കെ എങ്ങനെ ചെയ്യാൻ തോന്നുന്നു; രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ നോക്കിയ ആൾക്ക് എട്ടിന്റെ പണി; വീഡിയോ സഹിതം പുറത്തുവിട്ട് യുവതി
മുംബൈ: മുംബൈയിലെ പ്രശസ്തമായ മറൈൻ ഡ്രൈവിൽ വെച്ച് തന്നെയും സുഹൃത്തിനെയും രഹസ്യമായി ചിത്രീകരിച്ച മധ്യവയസ്കനെ യുവതി ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സ്വകാര്യതയുടെയും സുരക്ഷയുടെയും വിഷയത്തിൽ ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കാഴ്ചകൾ ആസ്വദിച്ച് മറൈൻ ഡ്രൈവിൽ നിൽക്കുകയായിരുന്ന യുവതിയുടെയും സുഹൃത്തിന്റെയും ദൃശ്യങ്ങൾ, സമീപത്തുണ്ടായിരുന്ന ഒരാൾ അനുവാദമില്ലാതെ രഹസ്യമായി പകർത്തുന്നത് മറ്റൊരു യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇദ്ദേഹം യുവതികളെ വിവരമറിയിച്ചതിനെത്തുടർന്ന്, അവർ ആ വ്യക്തിയെ സമീപിക്കുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തു.
പരിശോധനയിൽ, തങ്ങളുടെ അനുവാദമില്ലാതെ പകർത്തിയ നിരവധി ചിത്രങ്ങളും വീഡിയോകളും യുവതികൾക്ക് കണ്ടെത്താനായി. തുടർന്ന് അവർ മധ്യവയസ്കനെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. രാജീവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആദ്യം 'വെറുതെ എടുത്തതാണ്' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും, യുവതിയുടെ ശക്തമായ ചോദ്യം ചെയ്യലിന് മുന്നിൽ കുറ്റം സമ്മതിച്ച് മാപ്പ് പറയുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. "ഞങ്ങളുടെ അച്ഛന്റെ പ്രായമുള്ള നിങ്ങൾക്ക് എങ്ങനെയാണ് ഇത് ചെയ്യാൻ തോന്നുന്നത്? എന്തിനാണ് പിന്നിൽ നിന്ന് എന്റെ ഫോട്ടോ എടുത്തത്?" എന്ന് യുവതി ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഈ സംഭവം വിവരിച്ച് യുവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. "ഒരു അപരിചിതൻ അറിയിച്ചതുകൊണ്ടാണ് ഇയാളുടെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടത്. പൊതുസ്ഥലങ്ങളിൽ പോലും സ്ത്രീകൾക്ക് സമാധാനമായി നിൽക്കാൻ കഴിയാത്ത അവസ്ഥയാണിത്. നമ്മളെ വെറും വസ്തുക്കളായി മാത്രം കാണുന്ന ഇത്തരം പ്രവർത്തികൾ അറപ്പുളവാക്കുന്നതാണ്," യുവതി കുറിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ മിണ്ടാതിരിക്കരുതെന്നും പരസ്യമായി പ്രതികരിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.