പ്രധാനമന്ത്രിയെ മകന്റെ വിവാഹത്തിന് നേരിട്ട് ക്ഷണിച്ച് സച്ചിനും കുടുംബവും; വരനും വധുവിനും നല്‍കിയ അനുഗ്രഹങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും നന്ദി എന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെയും സാനിയ ഛന്ദോക്കിന്റെയും വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായിരുന്നു സച്ചിനും കുടുംബവും എത്തിയത്. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സച്ചിന്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടതിങ്ങനെ... ''അര്‍ജുന്റെയും സാനിയയുടെയും വിവാഹത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ക്ഷണിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. നവദമ്പതികള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും മോദിജിക്ക് നന്ദി അറിയിക്കുന്നു.'' - സച്ചിന്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അര്‍ജുനും സാനിയയും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. തുടര്‍ന്ന് സ്വകാര്യമായി നടന്ന ചടങ്ങില്‍ ഇരുവരുടെയും നിശ്ചയവും കഴിഞ്ഞിരുന്നു.
മാര്‍ച്ച് 3ന് വിവാഹ ആഘോഷങ്ങള്‍ ആരംഭിക്കും. മാര്‍ച്ച് 5ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. ബിസിനസുകാരന്‍ രവി ഘായുടെ കൊച്ചുമകളായ സാനിയ ചന്ദോക്കും അര്‍ജുനും തമ്മിലുള്ള നിശ്ചയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു.
ആരാണ് സാനിയ ഛന്ദോക്ക്?
പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമാണ് സാനിയ. പ്രശസ്ത വ്യവസായിയും ഗ്രാവിസ് ഗ്രൂപ്പ് തലവനുമായ രവി ഘായിയുടെ ചെറുമകളാണ് സാനിയ ഛന്ദോക്ക്. മുംബൈയിലെ പ്രമുഖ പെറ്റ് കെയര്‍ സംരംഭമായ 'മിസ്റ്റര്‍ പോസ് പെറ്റ് സ്പാ'യുടെ ഡയറക്ടറും പാര്‍ട്ണറുമാണ് സാനിയ. ഹോട്ടല്‍ ബിസിനസ് രംഗത്തും സാനിയയുടെ കുടുംബത്തിന് വലിയ നിക്ഷേപങ്ങളുണ്ട്. ഇന്റര്‍കോണ്ടിനെന്റല്‍ പോലെയുള്ള പ്രീമിയം ഹോട്ടലുകള്‍ ഇവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
അഭ്യന്തര ക്രിക്കറ്റ് ലീഗില്‍ ഗോവയ്ക്ക് വേണ്ടിയാണ് ഓള്‍റൗണ്ടറായ അര്‍ജുന്‍ കളിക്കുന്നത്. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും 29 ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. മുംബൈയ്ക്ക് വേണ്ടിയാണ് ടി20യില്‍ അരങ്ങേറിയത്. പിന്നീട് 2022/23 സീസണില്‍ കൂടുതല്‍ അവസരങ്ങള്‍ക്കായി ഗോവയിലേക്ക് മാറുകയായിരുന്നു. ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടിയാണ് താരം കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് അര്‍ജുന്‍ ലക്നൗവിലെത്തിയത്.
