യുഎഇ മന്ത്രി ഇന്ത്യയില്‍; വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ദുബായ്: യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷ്മി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ന്യൂഡല്‍ഹിയിലെത്തിയ അവര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരുമായി സുപ്രധാനമായ കൂടിക്കാഴ്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തതോടൊപ്പം, പ്രദേശത്തെ നിലവിലെ സാഹചര്യങ്ങളും ഇറാന്റെ ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഉണ്ടായ ആഘാതങ്ങളും അവലോകനം ചെയ്തു. ആഗോള സാമ്പത്തിക മേഖലയിലും ഊര്‍ജ വിതരണ സുരക്ഷയിലും ആക്രമണങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
ഹുര്‍മുസ് കടലിടുക്കില്‍ ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചര്‍ച്ചയില്‍ ഉന്നയിച്ചു. ആഗോള ഊര്‍ജ വിതരണത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും നിര്‍ണായകമായ ഈ കടല്‍പാതയില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഇരുവരും വ്യക്തമാക്കി. യു.എ.ഇക്കും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും നേരെയുണ്ടാകുന്ന ഇറാന്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്ന് റീം അല്‍ ഹാഷ്മി പറഞ്ഞു. ഇത് രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ കടുത്ത വെല്ലുവിളിയാണെന്നും ആഗോള വ്യാപാരത്തെയും സമുദ്ര ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതില്‍ യു.എ.ഇ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും സ്വയം പ്രതിരോധത്തിനുള്ള പൂര്‍ണ അവകാശമുണ്ടെന്നും വ്യക്തമാക്കി. ഇറാന്റെ ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 136 രാജ്യങ്ങള്‍ പിന്തുണച്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയവും, 115ലധികം രാജ്യങ്ങള്‍ പിന്തുണച്ച അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ പ്രമേയവും അല്‍ ഹാഷ്മി ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. ഈ പ്രമേയങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഏകോപിത നിലപാട് വ്യക്തമാക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.