പശ്ചിമേഷ്യന്‍ പ്രതിസന്ധി: വാണിജ്യ മേഖലയ്ക്കുള്ള എല്‍പിജി വിഹിതം 50 ശതമാനമായി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു. റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്. മാര്‍ച്ച് 23 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍വരും. നേരത്തെ അനുവദിച്ച പത്ത് ശതമാനം വര്‍ധനവിന് പുറമെയാണ് പുതിയ തീരുമാനം. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംകൂടി നീക്കത്തിന് പിന്നിലുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.പുതിയ വിഹിതം പ്രധാനമായും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍, ഭക്ഷണ സംസ്‌കരണ യൂണിറ്റുകള്‍, ഡയറി യൂണിറ്റുകള്‍ എന്നിവയ്ക്കായിരിക്കും മുന്‍ഗണന നല്‍കുക. കൂടാതെ സംസ്ഥാന സര്‍ക്കാരുകളോ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കാന്റീനുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ എന്നിവയ്ക്കും ഇതിന്റെ ഗുണം ലഭിക്കും.
കുടിയേറ്റ തൊഴിലാളികള്‍ക്കായി അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. സിലിണ്ടറുകള്‍ ലഭ്യമാകുന്നതിന് വാണിജ്യ ഉപഭോക്താക്കള്‍ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഒപ്പം, അതത് നഗരങ്ങളിലെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികളില്‍ പിഎന്‍ജി കണക്ഷനായി അപേക്ഷ നല്‍കുകയും അത് സ്വീകരിക്കാന്‍ സജ്ജരാകുകയും വേണം എന്ന നിബന്ധനയും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്.
ആഗോള രാഷ്ട്രീയ സാഹചര്യം ഇന്ധന വിതരണത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ നിലവില്‍ തടസ്സങ്ങളില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ വിതരണം സുഗമമായി നടക്കുന്നുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്കായി ജനങ്ങള്‍ പരിഭ്രാന്തരായി മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന പ്രവണത കുറഞ്ഞതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.
