29 തോക്കുകള്‍, 50 ഐഇഡികള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു; ആയുധങ്ങള്‍ പിടിച്ചെടുത്തത് മലയോര മേഖലയില്‍ നിന്നും

29 തോക്കുകള്‍, 50 ഐഇഡികള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു

Update: 2026-03-21 12:28 GMT

ഇംഫാല്‍: മണിപ്പൂരിലെ വിവിധ ജില്ലകളില്‍ സുരക്ഷാ സേന നടത്തിയ സംയുക്ത തിരച്ചിലില്‍ വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ മലയോര മേഖലകളില്‍ നിന്നും താഴ്വരകളില്‍ നിന്നുമായി 29 തോക്കുകള്‍, 50 ഐഇഡികള്‍, ഗ്രനേഡുകള്‍, മറ്റ് യുദ്ധസമാനമായ സാമഗ്രികള്‍ എന്നിവയാണ് കണ്ടെടുത്തത്.

കാക്ചിംഗ് ജില്ലയിലെ വബഗായ് തുരല്‍ മാമേയ് മേഖലയില്‍ നിന്ന് ആറ് തോക്കുകളും മൂന്ന് ഗ്രനേഡുകളും വെടിയുണ്ടകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തെങ്നൗപാല്‍ ജില്ലയിലെ ലോയിസി, സായ്വോം ഗ്രാമങ്ങളില്‍ നിന്ന് 29 ഐഇഡികള്‍, അഞ്ച് നാടന്‍ കൈബോംബുകള്‍, ഇലക്ട്രിക് ഡെറ്റണേറ്ററുകള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍ എന്നിവ കണ്ടെടുത്തു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഡെങ്, കാമെങ് മേഖലകളില്‍ നിന്ന് 11 പിസ്റ്റളുകള്‍, 85 റൗണ്ട് വെടിയുണ്ടകള്‍, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

തെങ്നൗപാലിലെ മാച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ യംഗൗബംഗ് ഗ്രാമത്തിലും നടന്ന പ്രത്യേക പരിശോധനകളില്‍ കൂടുതല്‍ ഐഇഡികള്‍, പിസ്റ്റളുകള്‍, ഗ്രനേഡ് ലോഞ്ചര്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി നശിപ്പിച്ചു. തൗബാല്‍ ജില്ലയിലെ ടെക്ചാം സഞ്ജി ചിംഗ് കുന്നടിവാരത്തുനിന്നും അഞ്ച് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

Tags:    

Similar News