നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ഛത്തിസ്ഗഢ് നിയമസഭയില്‍ ബില്‍; ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സഭയില്‍നിന്ന് ഇറങ്ങിപ്പോയി

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ഛത്തിസ്ഗഢ് നിയമസഭയില്‍ ബില്‍

Update: 2026-03-20 12:38 GMT

റായ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ഛത്തിസ്ഗഢ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. 'ഛത്തിസ്ഗഢ് ധര്‍മ സ്വാതന്ത്ര്യ വിധേയക് 2026' (മതസ്വാതന്ത്ര്യ ബില്‍ 2026) ബില്ലാണ് ഛത്തിസ്ഗഢ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ്, അതിന് വഴങ്ങാത്ത സ്പീക്കറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി വിജയ് ശര്‍മയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 11 സംസ്ഥാനങ്ങളിലെ സമാന നിയമങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ ബില്‍ തിടുക്കത്തില്‍ പാസാക്കരുതെന്നും കൂടുതല്‍ ആലോചനകള്‍ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷ നേതാവ് ചരണ്‍ദാസ് മഹന്ത് ആവശ്യപ്പെട്ടു.

വൈവിധ്യത്തിലും സഹിഷ്ണുതയിലുമാണ് രാജ്യത്തിന്റെ ശക്തിയെന്നും സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കാനേ ഈ ബില്‍ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബലപ്രയോഗമോ വഞ്ചനയോ തെറ്റിദ്ധരിപ്പിക്കലോ വഴിയുള്ള മതപരിവര്‍ത്തനം തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും ഇത്തരം നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍നിന്ന് സംസ്ഥാനങ്ങളെ തടയുന്ന സുപ്രീം കോടതി ഉത്തരവില്ലെന്നും ഉപമുഖ്യമന്ത്രി വിജയ് ശര്‍മ വ്യക്തമാക്കി.

ഒഡിഷ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഉത്തരാഖണ്ഡ്, തമിഴ്‌നാട് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ സമാന നിയമങ്ങള്‍ നേരത്തെ പാസാക്കിയിട്ടുണ്ട്. അടുത്തിടെ മഹാരാഷ്ട്ര നിയമസഭയും സമാന ബില്‍ പാസാക്കിയിരുന്നു.

Tags:    

Similar News