ഗുരുഗ്രാമില്‍ സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ബംഗ്ലാദേശ് സ്വദേശി പിടിയില്‍; പ്രതിയെ പിടികൂടിയത് ഗുജറാത്തില്‍ നിന്നും
ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണിസന്ദേശമയച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശി സൗരഭ് വിശ്വാസിനെയാണ്(30) പോലിസ് അറസ്റ്റ് ചെയ്തത്. ജനുവരി 28-നാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് വ്യാജബോംബ് ഭീഷണിയടങ്ങിയ ഇ-മെയില്‍ സന്ദേശം ലഭിക്കുകയായിരുന്നു.
ഇതോടെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പരിഭ്രാന്തരായി. ഉടന്‍ പോലിസ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ സ്‌കൂളുകളില്‍ പരിശോധന നടത്തിയെങ്കിലും സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സൈബര്‍ സൗത്ത് ഗുരുഗ്രാം പോലീസിന്റെ അന്വേഷണത്തില്‍ ഗുജറാത്തില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഒമ്പത് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ സൗരഭ് പശ്ചിമ ബംഗാളിലാണ് താമസിച്ചിരുന്നത്. ഒരു കാര്‍ നിര്‍മ്മാണ കമ്പനിയില്‍ തൊഴിലാളിയായി ജോലി നോക്കിയശേഷം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും ഗ്രാഫിക്‌സിലും വൈദഗ്ധ്യം നേടിയ ഇയാള്‍ അഞ്ച് വര്‍ഷമായി ഈ മേഖലയില്‍ ഫ്രീലാന്‍സറായി ജോലി ചെയ്തു വരികയായിരുന്നു.
ഇതിനിടയില്‍ മാമുനൂര്‍ റഷീദ് എന്ന ബംഗ്ലാദേശ് സ്വദേശിയെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് വഴി പരിചയപ്പെടുകയും ക്രിപ്‌റ്റോകറന്‍സി രൂപത്തില്‍ പണം വാഗ്ദാനം ചെയ്ത് ഏകദേശം 300 ജി-മെയില്‍ ഐഡികള്‍ റഷീദിന് നല്‍കുയും ചെയ്തു. ഇതിന് പകരമായി 250 യു.എസ് ഡോളര്‍ ഇയാള്‍ക്ക് ലഭിച്ചു. സൗരഭ് കൈമാറിയ ജി-മെയില്‍ ഐഡികളില്‍ ഒന്ന് ഉപയോഗിച്ചാണ് സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് പോലീസ് പിന്നീട് കണ്ടെത്തി.