ഇന്ധനവിലയില്‍ വര്‍ദ്ധനവ്: പ്രീമിയം പെട്രോളിനും വ്യവസായ ഡീസലിനും വില കൂട്ടി; സാധാരണക്കാര്‍ക്ക് തല്‍ക്കാലം ആശ്വാസം, പക്ഷേ ആശങ്കയൊഴിയുന്നില്ല!

പ്രീമിയം പെട്രോളിനും വ്യവസായ ഡീസലിനും വില കൂട്ടി

Update: 2026-03-20 13:34 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധനവിലയില്‍ മാറ്റം വരുത്തി എണ്ണക്കമ്പനികള്‍. പ്രീമിയം പെട്രോളിനും വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഡീസലിനുമാണ് വില വര്‍ദ്ധിപ്പിച്ചത്. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് ലിറ്ററിന് 22 രൂപയുമാണ് കൂട്ടിയത്. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് സാധാരണക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നു.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ദ്ധനവുമാണ് പുതിയ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍. പ്രീമിയം പെട്രോളിന് വില വര്‍ദ്ധിപ്പിച്ചത് ഉയര്‍ന്ന ശേഷിയുള്ള ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക ബാധ്യതയുണ്ടാക്കും. എച്ച്പിസിഎല്ലിന്റെ 'പവര്‍' പെട്രോള്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ഇന്ധനങ്ങള്‍ക്കായി ഇനി മുതല്‍ ലിറ്ററിന് രണ്ട് രൂപയോളം അധികം നല്‍കേണ്ടി വരും.

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ എണ്ണക്കമ്പനികള്‍ നഷ്ടം സഹിക്കുന്ന രീതിയാണ് 2022 ഏപ്രില്‍ മുതല്‍ രാജ്യത്ത് തുടരുന്നത്. ഇന്ധനവില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുമാറ്റിയെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി വിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. എന്നാല്‍ വ്യവസായ ഡീസലിന് 22 രൂപയോളം വര്‍ദ്ധിപ്പിച്ചത് ഉല്‍പ്പാദന മേഖലയിലും ചരക്കുനീക്കത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് പരോക്ഷമായി സാധനങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമായേക്കാം.

പശ്ചിമേഷ്യന്‍ പ്രതിസന്ധി രൂക്ഷമാവുകയും ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുകയും ചെയ്താല്‍ വരും ദിവസങ്ങളില്‍ സാധാരണ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ നിര്‍ബന്ധിതരായേക്കും. ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വം തുടരുന്നത് ഇന്ത്യന്‍ വിപണിയിലും കനത്ത ജാഗ്രതയ്ക്ക് കാരണമായിട്ടുണ്ട്.

Tags:    

Similar News