സംരക്ഷണം ആവശ്യപ്പെട്ട ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തി; പിന്നാലെ മകനെ കുത്തിവീഴ്ത്തി പിതാവ്; ക്രൂരത സ്വത്ത് തർക്കത്തിൽ; ഒളിവിൽ പോയ പ്രതിയെ പൊക്കി പോലീസ്

Update: 2026-02-10 05:49 GMT

ധെൻകനാൽ: ഒഡീഷയിലെ ധെൻകനാലിൽ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഖിരോദ് സാഹു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സ്വത്തുമായി ബന്ധപ്പെട്ട് ഇയാളും പിതാവായ വിഭൂതി സാഹുവും തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഖിരോദ് പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നതായാണ് റിപ്പോർട്ടുകൾ.

സ്റ്റേഷനിൽ നിന്ന് തിരികെ വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ വിഭൂതി സാഹു മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മകന്റെ വയറ്റിൽ പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖിരോദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പോലീസ് പിടികൂടി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തന്റെ മകൻ പോലീസ് സംരക്ഷണം തേടിയിരുന്നുവെന്നും എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ഉടൻ കൊല്ലപ്പെട്ടുവെന്നും ഇരയുടെ അമ്മ രശ്മിത സാഹു പറഞ്ഞു. പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.

"എന്റെ ഭർത്താവ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് എന്റെ മകനെ കൊലപ്പെടുത്തി. സംരക്ഷണത്തിനായി അവൻ പോലീസിനെ സമീപിച്ചിരുന്നു, പക്ഷേ തിരികെ വന്നപ്പോൾ അവൻ കൊല്ലപ്പെട്ടു. ഈ ക്രൂരകൃത്യത്തിന് കഠിനമായ ശിക്ഷ തന്നെ ലഭിക്കണം," അവർ പറഞ്ഞു. പരാതി നൽകാനായി യുവാവ് ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി ധെൻകനാലിലെ കങ്കദഹദ് പോലീസ് സ്റ്റേഷൻ ഇൻചാർജ് സ്ഥിരീകരിച്ചു.

"മകൻ വീട്ടിൽ തിരിച്ചെത്തിയ ഉടൻ, പിതാവ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയും അവൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു." പ്രതിയെ അറസ്റ്റ് ചെയ്തതായും കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്നുള്ള തെളിവുകൾ പരിശോധിച്ച് വരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Tags:    

Similar News