രക്തസമ്മര്‍ദ്ദം കൂടിയതല്ല, കൊലപാതകം! എട്ടു വര്‍ഷമായി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
ഇന്‍ഡോര്‍: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആശുപത്രിയില്‍ എത്തിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എട്ടു വര്‍ഷമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ ഭര്‍ത്താവ് കുറ്റസമ്മതം നടത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് 40കാരിയായ സുമിത്ര ചൗഹാനെ ഭര്‍ത്താവ് മഹാരാജ യശ്വന്ത്‌റാവു കൊലപ്പെടുത്തിയത്. ഇന്‍ഡോറിലെ ഏറോഡ്രോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനുവരി ഒന്‍പതിനാണ് സുമിത്ര ചൗഹാന്‍ കൊല്ലപ്പെട്ടത്.
മെക്കാനിക്കായ ഭര്‍ത്താവ് മാധവ് തന്നെയാണ് ഭാര്യയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭാര്യ വീണു മരിച്ചുവെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ആശുപത്രിയില്‍ മൃതദഹം എത്തിച്ചത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സംഭവിച്ചത് ശ്വാസം മുട്ടിച്ചാണെന്ന് കണ്ടെത്തിയതോടെ ഭര്‍ത്താവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. പിന്നാലെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്യലില്‍ വികാരാധീനനായ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി ഭാര്യ തന്നെ ശാരീരിക ബന്ധത്തിന് അനുവദിക്കാറില്ല, ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.