മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു; വീടുകള്‍ക്ക് തീയിട്ട് സായുധ സംഘങ്ങള്‍: അയല്‍ജില്ലകളിലേക്ക് പലായനം ചെയ്ത് ഗ്രാമവാസികള്‍: നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു
ഇംഫാല്‍: മണിപ്പുരില്‍ ഗോത്രമേഖലയായ ഉഖ്‌റുല്‍ ജില്ലയില്‍ ലിറ്റാന്‍ സാരയ്‌ഖോങ് ഗ്രാമത്തില്‍ സംഘര്‍ഷം വ്യാപിക്കുന്നു. സായുധസംഘങ്ങള്‍ ഗ്രാമത്തില്‍ കൂടുതല്‍ വീടുകള്‍ക്കു തീയിട്ടതോടെയാണ് കുക്കി-നാഗാ വംശീയ സംഘര്‍ഷം വ്യാപിച്ചത്. ഗ്രാമീണര്‍ അയല്‍ജില്ലയായ കാങ്‌പോക്പിയിലേക്കു പലായനം തുടങ്ങി. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി ലിറ്റാന്‍ ഗ്രാമത്തില്‍ നാഗാ യുവാവിനെ ചിലര്‍ ആക്രമിച്ചതോടെയാണു പ്രശ്‌നത്തിനു തുടക്കം. ഗോത്രനേതാക്കള്‍ ഇടപെട്ടു പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച ഇരു ഗോത്രവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. രാത്രിയോടെ വീടുകള്‍ക്കു തീയിട്ടു. സായുധസംഘങ്ങള്‍ ആകാശത്തേക്ക് പലവട്ടം നിറയൊഴിച്ചതോടെയാണു ആളുകള്‍ പലായനം തുടങ്ങിയത്.
ഇരുവിഭാഗങ്ങളുടേതുമായി അന്‍പതോളം വീടുകള്‍ക്ക് തീയിട്ടു. അക്രമം നിയന്ത്രിക്കാന്‍ വന്‍ തോതില്‍ കേന്ദ്രസേനയെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രൂല്‍. കുക്കി-നാഗാ യുവാക്കള്‍ തമ്മിലുള്ള ചെറിയ സംഘര്‍ഷമാണ് വന്‍ അക്രമത്തിലേക്ക് വഴിമാറിയത്.