അമിതവേഗതയിലെത്തിയ കാർ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ഇടയിലേക്ക് പാഞ്ഞുകയറി; നാലു വയസ്സുകാരന് ദാരുണാന്ത്യം; സംഭവം മുംബൈയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-22 10:37 GMT
മുംബൈ: വഡാലയിൽ അമിതവേഗതയിൽ എത്തിയ കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. നടപ്പാതയിൽ താമസിച്ചിരുന്ന ലക്ഷ്മൺ കിൻവാഡെ(4) ആണ് മരിച്ചത്.അംബേദ്കർ കോളേജിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ, കാറോടിച്ചിരുന്ന ഭൂഷൺ സന്ദീപ് ഗോളിനെ(19) പോലീസ് അറസ്റ്റ് ചെയ്തു.
അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടസമയത്ത് അമിതവേഗതയിലായിരുന്നു വാഹനമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വിലേ പാർലെ സ്വദേശിയാണ് സന്ദീപ്. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
കാലങ്ങളായി നടപ്പാതയിൽ താമസിക്കുന്ന കുടുംബമായിരുന്നു ലക്ഷ്മണിന്റേത്. പിതാവിന് കൂലിപ്പണിയാണ്. കുട്ടി കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടമെന്നാണ് പോലീസ് പറയുന്നത്.