ഉയരത്തിലേക്ക് കുതിക്കവെ യന്ത്രഊഞ്ഞാല്‍ പൊട്ടിവീണു; സുരജ്കുണ്ഡ് മേളയ്ക്കിടെ അപകടം; രക്ഷിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഫരീദാബാദിലെ സുരജ്കുണ്ഡ് മേളയ്ക്കിടെ യന്ത്രഊഞ്ഞാല്‍ തകര്‍ന്നുവീണ് അപകടം. മേളയുടെ ഭാഗമായി ഒരുക്കിയിരുന്ന 'സുനാമി ഊഞ്ഞാല്‍' ആണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പോലീസ് ഇന്‍സ്പെക്ടറായ ജഗദീഷ് പ്രസാദിനാണ് അപകടത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. അപകടം നടന്നതറിഞ്ഞ് പരിക്കേറ്റവരെ രക്ഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് വിവരം.
അപകടവിവരമറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണര്‍, ടൂറിസം വകുപ്പ് മാനേജിങ് ഡയറക്ടര്‍ തുടങ്ങിയവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ അപകടസ്ഥലത്തേക്ക് ജനങ്ങള്‍ പ്രവേശിക്കാതിരിക്കാനായി ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിരിക്കുകയാണ്. നേരത്തേ ശക്തമായ കാറ്റിനെത്തുടര്‍ന്ന് മേളയിലെ ഒരു ഭക്ഷണശാലയും നിലംപ്പൊത്തിയിരുന്നു.
അപകടസമയത്ത് യന്ത്ര ഊഞ്ഞാലില്‍ 15 പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. യന്ത്രത്തകരാര്‍ ഊഞ്ഞാല്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. അപകടസമയത്ത് സഞ്ചാരികളുമായി ഉയരത്തില്‍ പറക്കുകയായിരുന്നു ഊഞ്ഞാല്‍. അപകടത്തിന് പിന്നാലെ മേള നടന്നിരുന്ന ഗ്രൗണ്ട് അധികൃതര്‍ ഒഴിപ്പിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി നയാബ് സെയ്‌നി അനുശോചനം രേഖപ്പെടുത്തി.