ഹെൽമറ്റും റൈഡിങ് ജാക്കറ്റും രക്ഷിച്ചില്ല; റോഡ്‌ പണിക്കായി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; ജീവന് വേണ്ടി പിടഞ്ഞത് മണിക്കൂറുകളോളം

Update: 2026-02-06 11:46 GMT

ഡൽഹി: ഡൽഹിയിലെ ജനക്‌പുരിയിൽ നിർമ്മാണം നടക്കുന്ന റോഡിലെ കുഴിയിൽ വീണ് 27 വയസ്സുകാരനായ യുവാവിന് ദാരുണാന്ത്യം. ജല ബോർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡിൽ എടുത്ത കുഴിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. കമൽ എന്ന യുവാവാണ് അപകടത്തിൽ മരിച്ചത്.

ജനക്‌പുരി ജില്ലാ സെന്ററിന് സമീപം കുഴിച്ച വലിയ കുഴിയിലേക്കാണ് കമൽ സഞ്ചരിച്ചിരുന്ന അപ്പാച്ചെ ബൈക്ക് മറിഞ്ഞത്. ഹെൽമെറ്റും റൈഡിംഗ് ജാക്കറ്റും ഉൾപ്പെടെയുള്ള സുരക്ഷാ കവചങ്ങൾ ധരിച്ചിരുന്നെങ്കിലും അപകടത്തിന്റെ വ്യാപ്തി കമലിന്റെ ജീവനെടുക്കുകയായിരുന്നു. രാത്രി മുഴുവൻ യുവാവ് കുഴിക്കുള്ളിൽ കിടന്നതായാണ് പ്രാഥമിക നിഗമനം.

കമലിനെ ഫോണിൽ ലഭിക്കാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിന്റെ സഹായം തേടി. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്ക് ശേഷം കുഴിക്കുള്ളിൽ നിന്ന് കമലിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട് യുവാവ് കുഴിയിൽ കിടക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 16ന് നോയിഡയിലെ സെക്ടർ 150ൽ കാർ കുഴിയിൽ വീണ് യുവരാജ് മേഹ്ത്ത എന്ന സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് രാജ്യതലസ്ഥാനത്ത് സമാനമായ മറ്റൊരു ദുരന്തം കൂടി അരങ്ങേറുന്നത്. 

Tags:    

Similar News