ഓണദിവസങ്ങളില്‍ മായം ചേര്‍ത്ത പാല്‍ അതിര്‍ത്തി കടന്നെത്തുന്നത് തടയാന്‍ പരിശോധന; ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

മായം കലര്‍ന്ന പാല്‍ എത്തിക്കുന്നത് തടയാന്‍ സംസ്ഥാനത്തെ അഞ്ച് ചെക്കു പോസ്റ്റുകളിലാണ് ഇത്തവണ പരിശോധന

Update: 2024-09-14 06:20 GMT


ഇടുക്കി: ഓണദിവസങ്ങളില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മായംചേര്‍ത്ത പാല്‍ കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. മായം കലര്‍ന്ന പാല്‍ എത്തിക്കുന്നത് തടയാന്‍ സംസ്ഥാനത്തെ അഞ്ച് ചെക്കു പോസ്റ്റുകളിലാണ് ഇത്തവണ പരിശോധന നടത്തുന്നത്. സഞ്ചരിക്കുന്ന ലബോറട്ടറിയിലാണ് പരിശോധന നടത്തുന്നത്. പാല്‍ ഉപയോഗം കൂടുന്ന ഓണക്കാലത്ത് ലക്ഷക്കണക്കിനു ലിറ്റര്‍ പാലാണ് അതിര്‍ത്തി കടന്നെത്തുന്നത്.

കഴിഞ്ഞ വര്‍ഷം വരെ ക്ഷീരവികസന വകുപ്പമായി ചേര്‍ന്നായിരുന്നു പരിശോധന. എന്നാല്‍ ഇത്തവണ ഭക്ഷ്യ സുരക്ഷ വകുപ്പ് മാത്രമാണ് രംഗത്തുള്ളത്. പാലിന്റെ അസിഡിറ്റി, കൊഴുപ്പ്, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്രലൈസറുകള്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവയുടെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. പാല്‍ ഏറെ നേരം കേടാകാതരിക്കാന്‍ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടോയെന്നും കണ്ടെത്താം. ഒന്‍പത് തരത്തിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നുണ്ട്.

ടാങ്കര്‍ ലോറികള്‍ക്കൊപ്പം ചെറിയ വാഹനങ്ങളില്‍ കൊണ്ടുവരുന്നതും പായ്ക്കു ചെയ്തു വരുന്ന പാലും പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ സാമ്പിള്‍ ശേഖരിച്ച് കാക്കനാടുള്ള ലാബിലേക്ക് അയക്കുന്നുണ്ട്. ഓണം വരെ 24 മണിക്കൂറും ഭക്ഷ്യ സുരക്ഷ വിഭാഗം അതിര്‍ത്തികളിലുണ്ടാകും. എന്നാല്‍ ഓണക്കാലത്ത് മാത്രമുള്ള പാല്‍ പരിശോധന സ്ഥിരമാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

Tags:    

Similar News