പടിഞ്ഞാറന്‍ ലണ്ടനിലെ കത്തോലിക്കാ പള്ളിയില്‍, പിരിവില്‍ നിന്ന് 22000 രൂപ മോഷ്ടിച്ച പുരോഹിതന് ശിക്ഷ വിധിച്ച് കോടതി; ഇരുപത് ആഴ്ചത്തെ ജയില്‍ ശിക്ഷ വിധിച്ചുവെങ്കിലും ശിക്ഷ രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ചു

പിരിവില്‍ നിന്ന് 22000 രൂപ മോഷ്ടിച്ച പുരോഹിതന് ശിക്ഷ വിധിച്ച് കോടതി

Update: 2024-09-19 02:23 GMT

ലണ്ടന്‍: വേലി തന്നെ വിളവ് തിന്നത് കണ്ടെത്തിയപ്പോള്‍, സ്ഥാനമാനങ്ങള്‍ നോക്കാതെ ശിക്ഷ വിധിക്കാന്‍ ബ്രിട്ടീഷ് നിയമ സംവിധാനങ്ങള്‍. താന്‍ സേവനമനുഷ്ഠിച്ചിരുന്ന പള്ളിയിലെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിച്ച കത്തോലിക്ക പുരോഹിതനെ കോടതി ശിക്ഷിച്ചത് ഇരുപത് ആഴ്ചയിലെ തടവിന്. ഏതായാലും രണ്ട് വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചിട്ടുണ്ട്.

പടിഞ്ഞാറന്‍ ലണ്ടനിലെ, ഗുള്ളാമിലുള്ള അവര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്പ് കത്തോലിക്ക പള്ളിയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ജനുവരി 7 ന് ഫോര്‍ചൂണേറ്റോ പാന്റിസാനോ എന്ന 44 കാരനായ പുരോഹിതന്‍ ഭണ്ഡാരത്തില്‍ നിന്നും പണമെടുക്കുന്നത് സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍, ഒരു ജീവനക്കാരന്‍ സ്വന്തം സ്ഥാപനത്തില്‍ നടത്തിയ മോഷണം എന്ന കുറ്റം ഇറ്റാലിയീന്‍ പൗരത്വമുള്ള പുരോഹിതന്‍ നിഷേധിക്കുകയായിരുന്നു. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണക്ക് ഒടുവിലാണ് ഈ പുരോഹിതന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാത്.

കഴിഞ്ഞ 10 വര്‍ഷമായി ഇതേ പള്ളിയില്‍ പുരോഹിതനായി ജോലി ചെയ്യുന്ന ഇയാളുടെ പേരില്‍ ഇതുവരെ മറ്റ് കുറ്റകൃത്യങ്ങള്‍ ഒന്നും തന്നെ അരോപിക്കപ്പെട്ടിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു ഇരുപത് ആഴ്ചത്തെ തടവ് ശിക്ഷ നടപ്പാക്കുന്നത് രണ്ടു വര്‍ഷത്തേക്ക് മരവിപ്പിച്ചു കൊണ്ട് കോടതി ഉത്തരവായാത്. ഇയാള്‍ മോഷ്ടിച്ച 200 പൗണ്ട് തിരികെ നല്‍കാനും കോടതി ചെലവുകള്‍ക്കായി 800 പൗണ്ട് നല്‍കാനും വിധിയില്‍ ഇയാളോ്യുട് ആവശ്യപ്പെട്ടിട്ടുണ്ട്.

മോഷണം നടന്ന സമയത്ത് ഇയാളെ പള്ളിയിലെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു എന്ന് കോടതിയില്‍ ബോധിപ്പിച്ചു. ഒരു പുരോഹിതന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഇനി ഇയാള്‍ക്ക് കഴിയില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അതേസമയം, ഇയാളുടെ പേരില്‍ ഇതിന് മുന്‍പ് കേസുകള്‍ ഇല്ലാ എന്നതിനാലും, പൊതുസമൂഹത്തിന് ഭീഷണിയാകാന്‍ ഇടയില്ല എന്നതിനാലുമാണ് രണ്ട് വര്‍ഷത്തേക്ക് ശിക്ഷ നടപ്പിലാക്കുന്നാത് തടഞ്ഞിരിക്കുന്നത്.

Tags:    

Similar News