കാണം വിറ്റും ഓണമുണ്ടു, പിന്നാലെ ഖജനാവ് കാലി! ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി; ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ്; അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറില്ല, ആനുകൂല്യങ്ങള്‍ മുടങ്ങും
ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി
തിരുവനന്തപുരം: കടം വാങ്ങാന്‍ കഴിയുന്നതിന്റെ കൂടുതല്‍ തുകയും പണം കടമെടുത്ത് ഓണം ആഘോഷിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ഇതോടെ പ്രതിസന്ധി മറികടക്കാന്‍ ട്രഷറി നീയന്ത്രണം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. അഞ്ചുലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ മാറിനല്‍കില്ല. നേരത്തേ ഇത് 25 ലക്ഷം എന്നതായിരുന്നു പരിധി.
തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ബില്ലുകള്‍ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവുന്നത്. ഈ ഘട്ടത്തില്‍ നിയന്ത്രണം വന്നാല്‍ പദ്ധതികള്‍ പലതും ഒഴിവാക്കേണ്ടിവരും.
സര്‍ക്കാരിന് പണം നല്‍കാനാവാത്ത സാഹചര്യത്തില്‍ കരാറുകളുടെ ബില്ലുകള്‍ ബാങ്കുവഴി മാറാവുന്ന ബില്‍ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കില്‍നിന്ന് 90 ശതമാനം തുകവരെയാണ് കിട്ടിയിരുന്നത്. ഇനി അഞ്ചുലക്ഷം രൂപവരെയേ കിട്ടൂ. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാര്‍ക്കും ഇത് ബാധകമാണ്. പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കണം. ഇതിന് പലിശ കരാറുകാര്‍തന്നെ നല്‍കണം.
ബില്ലുകള്‍ മാറുന്നതിന് നേരത്തേ അഞ്ചുലക്ഷമായിരുന്നു പരിധി. ഈവര്‍ഷം ജൂണിലാണ് അത് 25 ലക്ഷമാക്കി ഉയര്‍ത്തിയത്. സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിയിരിക്കുകയാണ് ട്രഷറി. ഡിസംബര്‍വരെ ഇനി കടമെടുക്കാന്‍ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്തംബര്‍ ആദ്യം തന്നെ സര്‍ക്കാര്‍ എടുത്തു.
ബാക്കി തുക അടുത്ത വര്‍ഷം ജനുവരിയിലാണ് എടുക്കാനാവുക. എന്നാല്‍ ഓണച്ചെലവുകള്‍ക്കായി 5,000 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാനം അനുമതി തേടി. ഇതില്‍ 4,200 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചു. ഓണം കഴിഞ്ഞതോടെ വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഇതിനോടകം തന്നെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനവും അവതാളത്തില്‍ ആയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളെ അടക്കം നേരിട്ടു ബാധിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. വയനാട് പുനരരധിവാസ പ്രവര്‍ത്തനം അടക്കം നടക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാറില്‍ നിന്നും വിഹിതം എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് എത്തുക.