തലശേരിക്ക് ഞെട്ടലായി ഇസയുടെ ദുരന്തം; ട്രെയിന്‍ തട്ടി മരിച്ചത് കുട്ടിയായിരിക്കെ പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടി, ദുരൂഹത നീക്കാന്‍ പൊലീസ്
തലശേരിക്ക് ഞെട്ടലായി ഇസയുടെ ദുരന്തം
കണ്ണൂര്‍ : തലശേരിയെ കണ്ണീരണിയിച്ച് ഇസയെന്ന പ്‌ളസ്ടു വിദ്യാര്‍ത്ഥിനിയുടെ ദാരുണ മരണം. തലശേരി - കോഴിക്കോട് ദേശീയപാതയിലെ പുന്നോല്‍ റെയില്‍വേ ഗേറ്റിനു സമീപമാണ് പെണ്‍കുട്ടിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പുന്നോല്‍ റെയില്‍വെ ഗേറ്റിന് സമീപത്തെ ഹിറഹൗസില്‍ ഇസയെയാണ് (17) ബുധനാഴ്ച്ച പുലര്‍ച്ചെ 2.30 ന് റെയില്‍പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഴയങ്ങാടി വാദിഹുദാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഇസ. പുന്നോലിലെ ഫുക്രുദ്ദീന്‍ മന്‍സിലില്‍ പി.എം അബ്ദുള്‍ നാസര്‍ - മൈമുന ദമ്പതികളുടെ മകളാണ്.
പെണ്‍കുട്ടിക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന അസുഖമുള്ളതായി ബന്ധുക്കള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊച്ചുകുട്ടിയായായിരിക്കെ പുന്നോലില്‍ നടന്ന പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഇസ ഏറെ ശ്രദ്ധ നേടിയിരുന്നു. സമരക്കാരെ പൊലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്യുമ്പോള്‍ ഇസയും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഇതുവഴി കടന്നുപോകുന്ന ഒരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പെണ്‍കുട്ടി പാളത്തിന് സമീപം വീണു കിടക്കുന്നത് കണ്ടെത്തിയത്. ഉടന്‍ റെയില്‍വെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു റെയില്‍വെ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ന്യൂ മാഹി പൊലിസ് സ്ഥലത്തെത്തി മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഇഫ്തിഖര്‍, ഇ ഫ്രത്ത് ജഹാന്‍, ഇര്‍ഫാന (ദുബായ്). തലശേരി ടൗണ്‍എസ്.ഐയാണ് കേസ് അന്വേഷണം നടത്തിവരുന്നത്. ദുരന്തമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇസയുടെ പുന്നോലിലെ വീട്ടിലും തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുമെത്തിയത്.