അന്ന് യാമിനി, ഇന്ന് ബിന്ദു; മാറാത്ത ഗണേഷ് ഗാഥ! വഴുതക്കാട്ടെ വീടും രണ്ടേകാല്‍ കോടിയും നല്‍കി ഒത്തുതീര്‍ത്ത ഗാര്‍ഹിക പീഡനക്കേസ്; ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' അവതരിപ്പിച്ച കാലത്തെ പരിചയം രണ്ടാം വിവാഹത്തിലെത്തി; ഇന്ത്യന്‍ കോഫി ഹൗസിലെ സദ്യയില്‍ തുടക്കമിട്ട ദാമ്പത്യവും സമാന ക്ലൈമാക്‌സിലേക്കോ? ബിന്ദു മേനോന്റെ വെളിപ്പെടുത്തലില്‍ ആടിയുലഞ്ഞ് ഗണേഷിന്റെ മന്ത്രിക്കസേര!

അന്ന് യാമിനി, ഇന്ന് ബിന്ദു; മാറാത്ത ഗണേഷ് ഗാഥ!

Update: 2026-03-09 15:55 GMT

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വ്യക്തിജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുള്ള ഒന്നാണ്. ആദ്യ ഭാര്യ ഡോ. യാമിനി തങ്കച്ചി ഉന്നയിച്ച ഗുരുതരമായ ഗാര്‍ഹിക പീഡന ആരോപണങ്ങളും തുടര്‍ന്നുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ഒടുവില്‍ 2013-ലാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. ഈ വിവാദങ്ങള്‍ ഗണേഷിന്റെ ആദ്യ മന്ത്രിസ്ഥാനം തെറിക്കുന്നതിലേക്കും വഴിതെളിച്ചിരുന്നു.

യാമിനിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2014-ലാണ് ഗണേഷ് കുമാര്‍ ബിന്ദു മേനോനെ വിവാഹം കഴിക്കുന്നത്. പാലക്കാട് സ്വദേശിയായ ബിന്ദു മേനോന്‍ മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വമാണ്. ഏഷ്യാനെറ്റിലെ മാര്‍ക്കറ്റിംഗ് വിഭാഗം ഓവര്‍സീസ് ഓപ്പറേഷന്‍സ് ഹെഡ് ആയും ഗള്‍ഫ് മേഖലയിലെ ജനറല്‍ മാനേജറായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിന്ദുവിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.

സിനിമ-സാംസ്‌കാരിക മേഖലകളിലെ പൊതുവായ ബന്ധങ്ങളാണ് ഇരുവരെയും അടുപ്പിച്ചത്. ഏഷ്യാനെറ്റിലെ പ്രശസ്തമായ 'നമ്മള്‍ തമ്മില്‍' എന്ന പരിപാടിയുടെ അവതാരകനായിരുന്നു അന്ന് ഗണേഷ് കുമാര്‍. കൊട്ടാരക്കരയിലെ തറവാട് വീട്ടില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ ബിന്ദുവിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു വിവാഹത്തിന് ഒരുക്കിയ സദ്യ. ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് ഏകദേശം നൂറു പേര്‍ക്ക് മാത്രമാണ് അന്ന് സദ്യ ഓര്‍ഡര്‍ ചെയ്തിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ബിന്ദു മേനോനും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ഗണേഷ് കുമാറിന്റെ പഴയ ദാമ്പത്യ വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

യാമിനി തങ്കച്ചിയുടെ ആരോപണങ്ങള്‍

മുന്‍ ഭാര്യ ആയിരുന്ന യാമിനി തങ്കച്ചി ഗണേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് 2013ല്‍ അവര്‍ വിവാഹമോചിതരായി. ഇതിന് ശേഷമാണ് ബിന്ദു മേനോനെ ഗണേഷ് കുമാര്‍ വിവാഹം കഴിക്കുന്നത്. അന്ന് യാമിനി തങ്കിച്ചി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ വിവാദമാകുകയും ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

16 വര്‍ഷത്തോളം തന്നെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, ഗണേഷിന് വിവാഹേതര ബന്ധമുണ്ടെന്ന് അന്ന് യാമിനി തങ്കച്ചി ആരോപിച്ചിരുന്നു. അന്ന് യാമിനി തങ്കച്ചി തന്നെ നേരിട്ട് പത്രസമ്മേളനവുമായി രംഗത്തിറങ്ങി. ഗണേഷ് തന്നെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ചായിരുന്നു പത്രസമ്മേളനം. മാധ്യമ പ്രവര്‍ത്തകുടെ മുന്നില്‍ യാമിനി പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ട് പോലും ഒരു ഗുണവും ഉണ്ടായില്ലെന്നും യാമിനി ആരോപിച്ചിരുന്നു.

സിനിമാഭിനയത്തിന്റെ കാലത്താണ് ഗണേഷ് ഡോ.യാമിനി തങ്കച്ചിയെ വിവാഹം കഴിക്കുന്നത്. 1994 മെയ് 20 നായിരുന്നു ഗണേഷ്-യാമിനി തങ്കച്ചി വിവാഹം. ആദ്യ നാളുകളില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും പതിയെ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായാണ് യാമിനി തങ്കച്ചി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പേ ഗണേഷ് കുമാറിന്റെ പേരില്‍ പല അപവാദ കഥകളും പ്രചരിച്ചിരുന്നു.




ഭരണത്തില്‍ മിടുക്കന്‍, പക്ഷേ...

2001 മെയ് മാസത്തില്‍ പത്തനാപുരത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട് ഗണേഷ്‌കുമാര്‍, എ.കെ. ആന്റണി മന്ത്രിസഭയിലെ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച മന്ത്രിയായി. രാഷ്ട്രീയത്തില്‍ നവാഗതനായിരുന്നു എങ്കിലും, തകര്‍ന്നടിഞ്ഞ് കിടന്ന കെ.എസ്.ആര്‍.ടി.സിയെ വളരെ മികച്ച ഒരു ഭരണസംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ അദ്ദേഹം വിജയിച്ചു. എന്നിരുന്നാലും, വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഗണേഷ്‌കുമാറിന്റെ കരിയറിനെ ബാധിക്കുന്നത് തുടര്‍ന്നു.

രാജിയും വിവാഹമോചനവും; രണ്ടേകാല്‍ കോടി ജീവനാംശം

2013 ഫെബ്രുവരി 21 ന് മംഗളം ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് വീട്ടില്‍ കയറി തല്ലി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തയില്‍ ഗണേഷ് കുമാറിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. പിന്നീട് പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ വിഷയം ആളിക്കത്തിച്ചു. കാമുകിയുടെ ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് അടികിട്ടിയത് ഗണേഷ് കമാറിനാണെന്ന് പിസി ജോര്‍ജ്ജ് പരസ്യമായി പ്രസ്താവിച്ചു. ഗണേഷിന്റെ കുടുംബ പ്രശ്നങ്ങള്‍ മുഴുവന്‍ തനിക്കറിയാമെന്നും പിസി വെളിപ്പെടുത്തിയിരുന്നു.

താന്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നില്ല, ഭാര്യ തന്നെ മര്‍ദ്ദിക്കുകയാണ് ഉണ്ടായത് എന്ന് പറഞ്ഞ് ഗണേഷ് കുമാറും അന്ന് രംഗത്തെത്തി. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ പല ഘട്ടത്തിലും ഗണേഷിനെതിരെ ഉപയോഗിക്കുകയും ചെയ്തിരുന്നു. വിവാദത്തിനൊടുവില്‍ ഏപ്രില്‍ 1, 2013 ന് രാത്രിയോടെ ഗണേഷ് രാജി വെച്ചു.

ഗാര്‍ഹിക പീഡനം ആരോപിച്ചാണ് യാമിനി തങ്കച്ചി വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുന്‍പാകെ യാമിനി തങ്കച്ചി രേഖാമൂലം പരാതി നല്‍കി. സ്ഥിരം ജീവനാംശമായി തിരുവനന്തപുരം വഴുതക്കാടുള്ള വീടും രണ്ടേകാല്‍ കോടി രൂപയും ആണ് ഗണേഷ് കുമാര്‍ യാമിനിക്കും മക്കള്‍ക്കും നല്‍കിയത്. പിന്നീട് ഗണേഷ് കുമാറില്‍ നിന്ന് വിവാഹ മോചനം നേടിയതിന് ശേഷം ജീവിതത്തില്‍ സന്തോഷവും സമാധാനവും തനിക്ക് അനുഭവിക്കാന്‍ സാധിച്ചുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് 2014 ജനുവരിയില്‍ കൊട്ടാരക്കരയിലെ തറവാട് വീട്ടില്‍ വച്ചായിരുന്നു ഗണേഷിന്റെ രണ്ടാം വിവാഹം. 12 വര്‍ഷങ്ങള്‍ക്ക് ശേഷം അതും സമാനമായ ആരോപണത്തില്‍ എത്തി നില്‍ക്കുകയാണ്.

Tags:    

Similar News