ഫിലിപ്പിന്റെ സത്യസന്ധത; അച്ചാമ്മയ്ക്ക് തിരികെ കിട്ടിയത് മൂന്നരലക്ഷത്തിന്റെ സ്വര്‍ണവും 30,000 രൂപയും

ഫിലിപ്പിന്റെ സത്യസന്ധ്യതയില്‍ അച്ചാമ്മയ്ക്ക് ലഭിച്ചത് മൂന്നരലക്ഷം രൂപ വില വരുന്ന സ്വര്‍ണവും മുപ്പതിനായിരം രൂപ അടങ്ങിയ ബാഗും

Update: 2024-10-04 05:25 GMT

അടൂര്‍: ഫിലിപ്പിന്റെ സത്യസന്ധ്യതയില്‍ അച്ചാമ്മയ്ക്ക് ലഭിച്ചത് മൂന്നരലക്ഷം രൂപ വില വരുന്ന സ്വര്‍ണവും മുപ്പതിനായിരം രൂപ അടങ്ങിയ ബാഗും. പറന്തല്‍ മിത്രപുരം തടത്തില്‍ വീട്ടില്‍ ഡി.ഫിലിപ്പിനാണ് എം.സി.റോഡില്‍ മാര്‍ ക്രിസോസ്റ്റം കോളേജിന് സമീപത്തും നിന്നും സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് ലഭിച്ചത്. ഇത് പിന്നീട് അടൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് തിരികെ നല്‍കി.

ചെങ്ങന്നൂര്‍ കൊല്ലം കടവ് അനു വില്ലയില്‍ അച്ചാമ്മ വര്‍ഗ്ഗീസിന്റെ പണമടങ്ങിയ ബാഗാണ് ഓട്ടോറിക്ഷ യാത്രക്കിടയില്‍ റോഡില്‍ വീണത്. സ്വര്‍ണ്ണമാല, കൈ ചെയിന്‍, രണ്ട് മോതിരം, മുപ്പതിനായിരം രൂപ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. ചെങ്ങന്നൂരില്‍ നിന്നും തിരുവനന്തപുരം ഭാഗത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുവിനൊപ്പം ഒട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ അബദ്ധത്തില്‍ കൈവശമിരുന്ന ബാഗ് റോഡില്‍ വീണു. ബാഗിന് മുകളില്‍ കൂടി വാഹനങ്ങള്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തു തന്നെ താമസിക്കുന്ന ഫിലിപ്പ് പെട്ടെന്ന് റോഡിലേക്കിറങ്ങി അത് എടുത്തു. അടൂര്‍ ഡിവൈ.എസ്.പി.ഓഫീസില്‍ ബാഗ് കിട്ടിയ വിവരം അറിയിച്ചു.

പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടൂര്‍ പോലീസ് ബാഗ് കളഞ്ഞുകിട്ടിയ സ്ഥലത്തെത്തി ഫിലിപ്പില്‍ നിന്നും ബാഗ് ഏറ്റുവാങ്ങി. ബാഗിനുള്ളിലെ രേഖകളില്‍ നിന്നും ലഭിച്ച അച്ചാമ്മയുടെ മൊബൈല്‍ നമ്പരില്‍ വിളിച്ച് വിവരം പറഞ്ഞു. ഇതിനോടകം അച്ചാമ്മ സഞ്ചരിച്ച ഓട്ടോറിക്ഷ കൊട്ടാരക്കര കഴിഞ്ഞ് വാളകം എത്തിയിരുന്നു.

പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരികെ അവര്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. എസ്.ഐ.സുരേഷ് ബാബു, എസ്.സി.പി.ഒമാരായ പി.ആര്‍.രാജേഷ്, ബി.രാജീവ് എന്നിവരുടെ സാന്നിധ്യത്തില്‍ ഡി.ഫിലിപ്പ് കളഞ്ഞുകിട്ടിയ ബാഗ് അച്ചാമ്മയ്ക്ക് തിരികെ നല്‍കി.

Tags:    

Similar News