മനാഫിനെതിരെ കള്ളക്കേസ് എടുത്ത് പകവീട്ടി സര്‍ക്കാര്‍; ജയിലില്‍ അടച്ചാലും അര്‍ജുന്റെ കുടുംബത്തെ തള്ളിപ്പറയില്ലെന്നും ലോറിയുടമ; മൃതദേഹം കിട്ടിയതോടെ സമാധാനം പ്രതീക്ഷിച്ചത് വെറുതെയായെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പി മനാഫ്

പോലീസ് കേസെടുക്കുമ്പോള്‍ വിതുമ്പുകയാണ് മനാഫ്.

Update: 2024-10-04 06:16 GMT

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെതിരെ പോലീസ് കേസെടുക്കുമ്പോള്‍ വിതുമ്പുകയാണ് മനാഫ്. സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അര്‍ജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ പരാതിയിലാണ് ചേവായൂര്‍ പോലീസാണ് കേസെടുത്തത്.

അര്‍ജുന്റെ സഹോദരിയുടെ പരാതിയില്‍ സത്യമുണ്ട്. ചില കേന്ദ്രങ്ങള്‍ അവരെ ആക്രമിച്ചിരുന്നു. എന്നാല്‍ ഈ ആക്രമണത്തെ പരസ്യമായി തള്ളി പറയുകയും പ്രരോധിക്കാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത വ്യക്തിയാണ് മനാഫ്. സോഷ്യല്‍ മീഡിയയില്‍ മനാഫ് ആരേയും കടന്നാക്രമിച്ചിരുനനില്ല. എന്നിട്ടും മനാഫിനെതിരെ കള്ളക്കേസ് എടുത്ത് പകവീട്ടുകയാണ് സര്‍ക്കാര്‍. അതിനിടെ ജയിലില്‍ അടച്ചാലും അര്‍ജുന്റെ കുടുംബത്തെ തള്ളിപ്പറയില്ലെന്നും ലോറിയുടമ പറയുന്നു. മൃതദേഹം കിട്ടിയതോടെ സമാധാനം പ്രതീക്ഷിച്ചത് വെറുതെയായെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പുകയാണ് ഇന്ന് മനാഫ്.

സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടത്തിയതിനുള്ള വകുപ്പ് ചുമത്തിയാണ് ലോറി ഉടമ മനാഫ് അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. തങ്ങളുടെ കുടുംബ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനാഫ് സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാല്‍ കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും, കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്തതായും പരാതിയില്‍ പറയുന്നു. ഇതിന്മേലാണ് നടപടികള്‍.

അതേസമയം, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും പകരം മതങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താനാണ് ശ്രമിച്ചതെന്ന് മനാഫ് പറഞ്ഞു. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനല്‍ എല്ലാവര്‍ക്കും പരിശോധിക്കാം. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. കേസെടുത്തതിന് പിന്നാലെ മനാഫിന്റെ സോഷ്യല്‍ മീഡിയ പേജുകളുള്‍പ്പെടെ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

തന്നെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വാഹനത്തിന്റെ ആര്‍.സി. ഉടമ മുബീനാണെന്നും എന്നാല്‍, ഉടമസ്ഥത തങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമാണെന്നും മനാഫ് വിശദീകരിച്ചു. അതേസമയം രക്ഷപ്രവര്‍ത്തന ദൗത്യം വൈകിപ്പിക്കാനാണ് മനാഫ് ശ്രമിച്ചതെന്നും. എന്നാല്‍ മനാഫിന്റെ സഹോദരന്‍ മുബീന്‍ ആത്മാര്‍ത്ഥമായി സഹായിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു.

എന്നാല്‍ അര്‍ജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മനാഫ് പറഞ്ഞു. കേസില്‍ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കും. ജനങ്ങളുടെ വികാരം തന്റെ നിയന്ത്രണത്തിലല്ല. അര്‍ജുന്റെ കുടുംബത്തെ ആക്രമിക്കരുതെന്നാണ് സമൂഹത്തോട് ആവശ്യപ്പെട്ടത്. അര്‍ജുനെ കാണാതായത് മുതല്‍ കുടുംബത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്. തനിക്കെതിരെ കേസെടുത്ത് ജയിലിലടച്ചാലും കുടുംബത്തിനൊപ്പം നില്‍ക്കും. ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. അര്‍ജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം ലഭിക്കുമെന്ന് വിചാരിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയില്‍ ചേവായൂര്‍ പൊലീസാണ് മനാഫിനെതിരെ കേസെടുത്തത്. അര്‍ജുന്റെ ചിത്രം ഉപയോഗിച്ച് 'ലോറി ഉടമ മനാഫ്' എന്ന പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇതുവഴി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. കുടുംബം വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സൈബറാക്രമണം രൂക്ഷമായെന്നും സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ മനാഫ് കാരണക്കാരനായെന്നും പരാതിയില്‍ പറയുന്നു.

Tags:    

Similar News