ഡല്‍ഹിയില്‍ നിന്നും പറന്നുയരുന്ന സുഖോയ് വിമാനത്തില്‍ നിന്നും വിക്ഷേപിച്ചാല്‍ പാക്കിസ്ഥാനിലെ ഏത് നഗരവും ലക്ഷ്യം വെക്കാം; ചൈനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും തകര്‍ക്കാം; ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് ഒപ്പം ഗോള്‍ഡന്‍ ഹൊറൈസണും ചേര്‍ത്തുവച്ചാല്‍ ഇന്ത്യക്ക് ഏഷ്യയില്‍ തന്നെ അജയ്യമായ സ്ഥാനം; കരുത്തേകാന്‍ 'അയണ്‍ ഡോം' സാങ്കേതികവിദ്യയും; പ്രതിരോധ ലോകത്തെ 'ഗെയിം ചേഞ്ചര്‍' കരാര്‍; മോദിയുടെ വരവ് കാത്ത് ഇസ്രയേല്‍
ജെറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പുറത്തുവരുന്ന പ്രതിരോധ വാര്‍ത്തകള്‍ ഏഷ്യയിലെ ശക്തിസമവാക്യങ്ങളെ മാറ്റിമറിക്കുമെന്ന് വിലയിരുത്തല്‍. ഇസ്രയേലിന്റെ അതീവ രഹസ്യ മിസൈലായ 'ഗോള്‍ഡന്‍ ഹൊറൈസണും' വിഖ്യാതമായ 'അയണ്‍ ഡോം' സാങ്കേതികവിദ്യയും ഇന്ത്യയിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശത്രുക്കളുടെ പ്രതിരോധ കോട്ടകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള 'ഗോള്‍ഡന്‍ ഹൊറൈസണ്‍' (Golden Horizon) മിസൈലുകള്‍ ഇന്ത്യ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായും, ഇന്ത്യയുടെ സുരക്ഷയ്ക്കായി 'അയണ്‍ ഡോം' സാങ്കേതികവിദ്യ കൈമാറാന്‍ ഇസ്രയേല്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൈനിക ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള സഹകരണവും കരാറിന്റെ ഭാഗമാകും. ഇത് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നല്‍കും.
ഇസ്രയേല്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന, ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലാണിത് (ALBM). ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് Su-30MKI യുദ്ധവിമാനങ്ങളില്‍ ഈ മിസൈല്‍ ഘടിപ്പിക്കുന്നതോടെ ഇന്ത്യയുടെ പ്രഹരശേഷി ഇരട്ടിയാകും. സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ക്ക് അവ കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന ഗോള്‍ഡന്‍ ഹൊറൈസണ്‍ എവിടെ നിന്ന് വരുമെന്ന് പ്രവചിക്കാന്‍ ശത്രുക്കള്‍ക്ക് സാധിക്കില്ല. 1,500 മുതല്‍ 2,000 കിലോമീറ്റര്‍ വരെയാണ് ദൂരപരിധി. ഇന്ത്യന്‍ അതിര്‍ത്തി കടക്കാതെ തന്നെ ചൈനയുടെയും പാക്കിസ്ഥാന്റെയും തന്ത്രപ്രധാന കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഇതിലൂടെ സാധിക്കും.
ഇസ്രയേലിനെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന വിഖ്യാതമായ 'അയണ്‍ ഡോം' (Iron Dome) സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ച് വ്യക്തമാക്കി. ശത്രുക്കള്‍ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍, ഡ്രോണുകള്‍ എന്നിവയെ ആകാശത്തുവെച്ച് തന്നെ ഈ സംവിധാനം തകര്‍ക്കും. ജനവാസ മേഖലകളെ ലക്ഷ്യമിടുന്ന ഭീഷണികളെ മാത്രം കണ്ടെത്തി തകര്‍ക്കുന്നതിലൂടെ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഇതിന് സാധിക്കും. ഇന്ത്യയുടെ അതിര്‍ത്തി നഗരങ്ങളുടെ സുരക്ഷയ്ക്ക് ഇത് വലിയ മുതല്‍ക്കൂട്ടാകും. വെറുമൊരു ആയുധ കൈമാറ്റത്തിനപ്പുറം, ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയെയും ഇസ്രയേലിനെയും ഉള്‍പ്പെടുത്തി ഒരു പുതിയ ആഗോള പ്രതിരോധ സഖ്യം രൂപീകരിക്കാനും ഇസ്രയേല്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായി ശക്തമായ ബന്ധം പുലര്‍ത്തുന്ന ഗീസ്, സൈപ്രസ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവരടങ്ങുന്ന ഒരു പുതിയ സുരക്ഷാ ശൃംഖലയാണ് ഇസ്രയേലിന്റെ ലക്ഷ്യം.
ഇരു രാജ്യങ്ങളും നേരിടുന്ന സമാനമായ സുരക്ഷാ വെല്ലുവിളികള്‍ കണക്കിലെടുത്ത് നിലവിലുള്ള പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അയണ്‍ ഡോം സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. കേവലം ഒരു ആയുധ ഇടപാടിനേക്കാള്‍ ഉപരിയായി, നവീകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ പങ്കാളിത്തമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സഹകരണത്തിലൂടെ ഇന്ത്യയിലെ പ്രതിരോധ ഗവേഷണ മേഖലയ്ക്ക് പുതിയ അറിവുകള്‍ ലഭ്യമാകും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കും. ഇത് പ്രതിരോധ വ്യവസായ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും നിക്ഷേപവും കൊണ്ടുവരും
എന്താണ് ഗോള്‍ഡന്‍ ഹൊറൈസണ്‍?
ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലാണ് (Air-Launched Ballistic Missile - ALBM). സാധാരണയായി ബാലിസ്റ്റിക് മിസൈലുകള്‍ ഭൂമിയില്‍ നിന്നാണ് വിക്ഷേപിക്കാറുള്ളത്. എന്നാല്‍ ഗോള്‍ഡന്‍ ഹൊറൈസണ്‍ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ച് ശത്രുവിന്റെ അതിര്‍ത്തിക്ക് പുറത്തുനിന്നുതന്നെ വിക്ഷേപിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ സുഖോയ് Su-30MKI യുദ്ധവിമാനങ്ങളില്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍. ഏകദേശം 1,500 മുതല്‍ 2,000 കിലോമീറ്റര്‍ വരെ.പ്രത്യേകത: സുഖോയ് Su-30MKI വിമാനങ്ങളുമായി ഇത് സംയോജിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യന്‍ അതിര്‍ത്തി കടക്കാതെ തന്നെ ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിക്കും. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ചൈനയുടെയും പാക്കിസ്ഥാന്റെയും മിസൈല്‍ ശേഷിയുമായി ഗോള്‍ഡന്‍ ഹൊറൈസണെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ നേടുന്ന മേല്‍ക്കൈ വ്യക്തമാണ്.
ഒരു ഗെയിം ചേഞ്ചര്‍
ഇസ്രയേലിന്റെ അതീവ രഹസ്യമായ 'സില്‍വര്‍ സ്പാരോ' (Silver Sparrow) മിസൈലിന്റെ പരിഷ്‌കരിച്ച രൂപമായാണ് പ്രതിരോധ വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഈ മിസൈല്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ ഇസ്രയേല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക കരാര്‍ (Formal Agreement) ഇതുവരെ ഒപ്പിട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍, ഈ മിസൈല്‍ സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
2,000 കിലോമീറ്റര്‍ പരിധി എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് വിക്ഷേപിച്ചാല്‍ പാക്കിസ്ഥാനിലെ ഏത് നഗരവും ലക്ഷ്യം വെക്കാം. ബാലിസ്റ്റിക് മിസൈലുകള്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലൂടെ അതിവേഗം വരുന്നതിനാല്‍ അവയെ വെടിവെച്ചിടാന്‍ നിലവിലെ പല മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ക്കും കഴിയില്ല. ഇന്ത്യയുടെ പക്കല്‍ നിലവിലുള്ള ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് 300-500 കി.മീ പരിധിയാണുള്ളത്. ഇതിനൊപ്പം ഗോള്‍ഡന്‍ ഹൊറൈസണ്‍ കൂടി ചേരുന്നതോടെ ദീര്‍ഘദൂര ആക്രമണങ്ങളില്‍ ഇന്ത്യക്ക് ഏഷ്യയില്‍ തന്നെ അജയ്യമായ സ്ഥാനം ലഭിക്കും.
പാക്കിസ്ഥാനും ചൈനയ്ക്കും ആശങ്ക
പാക്കിസ്ഥാന്‍: പാകിസ്ഥാന്റെ ഷഹീന്‍ മിസൈലുകള്‍ നിലത്തുനിന്ന് വിക്ഷേപിക്കുന്നവയാണ്. ഇവയുടെ സ്ഥാനങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ ഗോള്‍ഡന്‍ ഹൊറൈസണ്‍ വഹിക്കുന്ന ഒരു വിമാനം എവിടെ നിന്ന് എപ്പോള്‍ മിസൈല്‍ തൊടുക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അതിവേഗത്തില്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലൂടെ വരുന്ന ഗോള്‍ഡന്‍ ഹൊറൈസണ്‍ തടയാന്‍ നിലവിലെ മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ക്ക് കഴിയില്ല.
ചൈന: ചൈനയുടെ അതിശക്തമായ എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെപ്പോലും മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഈ ഇസ്രയേല്‍ മിസൈലിന് സാധിക്കും. ഹിമാലയന്‍ അതിര്‍ത്തികളില്‍ നിന്ന് വിക്ഷേപിച്ചാല്‍ ചൈനയുടെ ഉള്‍പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ വരെ ഇന്ത്യയുടെ പരിധിയിലാകും. ചൈനയുടെ ഹിമാലയന്‍ അതിര്‍ത്തികളിലെ പ്രതിരോധത്തെപ്പോലും നിഷ്പ്രഭമാക്കാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.
എന്താണ് അയണ്‍ഡോം?
തൊണ്ണൂറുകളില്‍ വികസനം ആരംഭിച്ചെങ്കിലും 2006 ല്‍ ഹിസ്ബുല്ലയ്‌ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനന്‍ യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയത്. അയേണ്‍ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേല്‍ സൈന്യം പുറത്തു പറഞ്ഞിട്ടില്ല.
റോക്കറ്റുകള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍, ഡ്രോണുകള്‍ എന്നിവയെ ആകാശത്തുവച്ച് തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും. റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് വികസിപ്പിച്ചതാണിത്. റഡാര്‍, നിയന്ത്രണ കേന്ദ്രം, ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ എന്നിവ ചേര്‍ന്നാണ് അയണ്‍ ഡോം പ്രവര്‍ത്തിക്കുന്നത്.
ശത്രു റോക്കറ്റ് വിക്ഷേപിക്കുകയോ പീരങ്കി വെടി ഉതിര്‍ക്കുകയോ ചെയ്താല്‍ അത് അയണ്‍ ഡോം ശൃംഖലയുടെ റഡാര്‍ കണ്ണുകളില്‍പ്പെടും. വിവരം ഉടന്‍ അതിനോടു ബന്ധപ്പെട്ടുള്ള ആയുധനിയന്ത്രണ സംവിധാനത്തിലെത്തും. പറന്നുവരുന്ന റോക്കറ്റിന്റെയും പീരങ്കിഷെല്ലിന്റെയും ലക്ഷ്യം നിരീക്ഷിച്ചു കണക്കുകൂട്ടി മിസൈല്‍ വിക്ഷേപണത്തിന് അനുമതി നല്‍കും. മിസൈല്‍ നിമിഷനേരത്തിനുള്ളില്‍ കുതിച്ചെത്തി പറന്നുവരുന്ന റോക്കറ്റിനെ അല്ലെങ്കില്‍ പീരങ്കിഷെല്ലിനെ തകര്‍ക്കും.
റോക്കറ്റുകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കല്ല വരുന്നത്. ഒരു വിക്ഷേപിണിയില്‍നിന്നു മാത്രം ഒറ്റ ഫയറിങില്‍ നാല്‍പ്പതോളം റോക്കറ്റുകള്‍ തീതുപ്പി പറക്കും. അങ്ങനെ ഡസന്‍ കണക്കിനു വിക്ഷേപിണികളില്‍ നിന്നാണു നൂറുകണക്കിന് റോക്കറ്റുകള്‍ ഒരേ സമയം പറന്നുവരുന്നത്. ജനവാസ മേഖലകളെ ലക്ഷ്യമിടുന്ന റോക്കറ്റുകളെ മാത്രം തടയുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ, എളുപ്പത്തില്‍ സ്ഥാനം മാറ്റാനും വിന്യസിക്കാനും സാധിക്കും.
അയണ്‍ ഡോമിന് ചില പരിമിതികളുമുണ്ട്. പ്രവര്‍ത്തന ചെലവ് കൂടുതലാണ്. ഇസ്രയേലിന്റെ വ്യോമപ്രതിരോധത്തിന്റെ താഴത്തെ പാളിയാണ് അയണ്‍ഡോം. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പോലുള്ള വലിയ ഭീഷണികളെ നേരിടാന്‍ ഡേവിഡ് സ്ലിംഗ്, ആരോ സിസ്റ്റം തുടങ്ങിയ മറ്റ് സംവിധാനങ്ങളെയാണ് ഇസ്രയേല്‍ ആശ്രയിക്കുന്നത്. ഒരേ സമയം നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ചുള്ള വന്‍ ആക്രമണങ്ങളെ അതിജീവിക്കാന്‍ അയണ്‍ ഡോമിന് ചിലപ്പോള്‍ സാധിക്കില്ല.
