'യഥാര്‍ത്ഥ കഥ' എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍? കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും; ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല; 'കേരള സ്റ്റോറി 2-'ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; സിനിമയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി നേരിട്ട് കാണുമെന്നും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ്

Update: 2026-02-24 07:38 GMT

കൊച്ചി: വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' (The Kerala Story 2: Goes Beyond) റിലീസിനൊരുങ്ങവെ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. സിനിമയുടെ ടീസറിലും ട്രെയിലറിലും ഉള്‍പ്പെടുത്തിയിട്ടുള്ള ചില രംഗങ്ങള്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതാണെന്ന പരാതിയെത്തുടര്‍ന്ന് അവ നീക്കം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ടീസര്‍ പുറത്തിറക്കിയതെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സ് കോടതിയില്‍ സമ്മതിച്ചു. സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ചിത്രം കോടതി നേരിട്ട് കാണുമെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരമാണ് കോടതി സിനിമ കാണുക.

സാധാരണ ഇത്തരം ഹര്‍ജികളില്‍ ഇടപെടാറില്ലെന്നും കേരള സ്റ്റോറി എന്ന പേരാണ് ഇതിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ പ്രമേയം യഥാര്‍ത്ഥ കഥയാണെന്ന് നിര്‍മാതാക്കള്‍ പറയുന്നുണ്ടെന്നും ജനങ്ങളുടെ ആശങ്ക അവഗണിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. സിനിമ മതസ്പര്‍ധ ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണുര്‍ ചിറ്റാപ്പറമ്പ് സ്വദേശി ശ്രീദേവന്‍ നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ടീസറിലുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്താന്‍ നിശ്ചയിച്ചിട്ടുള്ള 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കേവലം ഒരു പ്രൊപ്പഗാന്‍ഡ ചിത്രമാണെന്നും കേരളത്തെ കരിനിഴലില്‍ നിര്‍ത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. നാലു യുവതികള്‍ തീവ്രവാദികളുടെ കെണിയില്‍പ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

വസ്തുതാവിരുദ്ധമായ അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് വലിയ വിമര്‍ശനങ്ങള്‍ നേരിട്ട 'കേരള സ്റ്റോറി'യുടെ ആദ്യ ഭാഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന്റെ രണ്ടാം ഭാഗവും സമാനമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ക്കും ക്രമസമാധാന തകര്‍ച്ചയ്ക്കും വഴിതെളിക്കുമെന്ന ആശങ്ക ഹര്‍ജിയില്‍ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ''ദി കേരള സ്റ്റോറി'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സുപ്രധാന നിരീക്ഷണം

സാധാരണഗതിയില്‍ സിനിമകളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കോടതി ഇടപെടാറില്ലെന്നും എന്നാല്‍ 'കേരള സ്റ്റോറി' എന്ന പേരും അതിലെ അവകാശവാദങ്ങളും കാരണമാണ് ഈ വിഷയത്തില്‍ ഇടപെടുന്നതെന്നും കോടതി പറഞ്ഞു. കേരളം മതേതരത്വത്തിലും മതസൗഹാര്‍ദ്ദത്തിലും ഉറച്ചുനില്‍ക്കുന്ന സംസ്ഥാനമാണ്. സിനിമയില്‍ കാണിക്കുന്നത് പോലെയാണ് കേരളത്തിലെ കാര്യങ്ങളെന്ന് പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. സിനിമ 'യഥാര്‍ത്ഥ കഥ' (True Story) ആണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 27-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം വലിയ രീതിയിലുള്ള ക്രമസമാധാന തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

കേരളം മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന സംസ്ഥാനമാണെന്ന് കോടതി വ്യക്തമാക്കി. മതസൗഹാര്‍ദം പുലരുന്ന നാടാണ് കേരളം. കേരളത്തില്‍ എല്ലായിടത്തും ടീസറില്‍ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്ന കാര്യമാണ്. ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കണം. സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് എന്നു പറയുന്നത് ശരിയല്ല. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. കേസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് കോടതി വീണ്ടും പരിഗണിക്കും.

Tags:    

Similar News