'ഐഎഎസ് ലഭിച്ചു എന്ന് നിങ്ങള്‍ നുണ പറഞ്ഞില്ലേ' എന്ന് ചോദിക്കുമ്പോള്‍ മെഹന്ദി ഇടുന്ന പടം ഇടുന്നു; 'നിങ്ങള്‍ക്ക് രണ്ട് ഐഡി കാര്‍ഡ് ഇല്ലേ' എന്ന് ചോദിക്കുമ്പോള്‍ ബീച്ചില്‍ ഇരുന്ന് കുമിള വിടുന്ന പടം ഇടുന്നു; എം എ ഷഹനാസ് തട്ടിപ്പു നടത്തിയോ? യുപിഎസ്സി മുതല്‍ ഗവര്‍ണര്‍ വരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ

എം എ ഷഹനാസ് തട്ടിപ്പു നടത്തിയോ? യുപിഎസ്സി മുതല്‍ ഗവര്‍ണര്‍ വരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ

Update: 2026-02-24 14:57 GMT

തിരുവനന്തപുരം: പ്രമുഖ പ്രസാധകയും കെപിസിസി സാംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറിയുമായ എം.എ ഷഹനാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. ഷഹനാസ് ഐഎഎസ് (IAS) നേടി എന്ന് വ്യാജമായി അവകാശപ്പെടുകയും അതിന്റെ പേരില്‍ പദവികളും സ്വീകരണങ്ങളും കൈപ്പറ്റിയെന്നുമാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ വസ്തുതാപരമായ അന്വേഷണം ആവശ്യപ്പെട്ട് യുപിഎസ്സി (UPSC) ചെയര്‍മാന്‍ മുതല്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ വരെ നീളുന്ന പരാതികളുമായി ശ്രീനാദേവി രംഗത്തെത്തി. കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യുപിഎസ്സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, കേരള ഗവര്‍ണര്‍, കോഴിക്കോട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് ശ്രീനാദേവി കുഞ്ഞമ്മ പരാതി നല്‍കിയിരിക്കുന്നത്.


ആരോപണങ്ങളുടെ പശ്ചാത്തലം

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷഹനാസ് 2014-ല്‍ സിവില്‍ സര്‍വീസ് നേടി എന്ന് അവകാശപ്പെട്ടത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും പഠിച്ച കോളേജില്‍ പോലും നുണ പറഞ്ഞ് സ്വീകരണം ഏറ്റുവാങ്ങിയെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു. 2014-ലെ റിസള്‍ട്ട് പരിശോധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ യുപിഎസ്സിയോട് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎഎസ് പദവി ദുരുപയോഗം ചെയ്ത് വിദേശത്തും സ്വദേശത്തും നടത്തിയ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

ഷഹനാസ് നിലവില്‍ വലിയ രീതിയിലുള്ള സൈബര്‍ പോരാട്ടങ്ങള്‍ക്കും നിയമനടപടികള്‍ക്കും നടുവിലാണ്. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് നിയാസ് മലബാറി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഷഹനാസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ശ്രീനാദേവി ചൂണ്ടിക്കാട്ടുന്നു. ഐഎഎസ് നുണയാണോ, രണ്ട് ഐഡി കാര്‍ഡുകള്‍ ഉണ്ടോ, രണ്ട് അക്കൗണ്ടുകള്‍ വഴിയാണോ പബ്ലിക്കേഷന്‍സ് നടത്തുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രസക്തമല്ലാത്ത വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് അവര്‍ പ്രതികരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

കഥാകൃത്ത് വി.ആര്‍ സുധീഷിനെതിരെ വ്യാജ മീ ടൂ (MeToo) ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഷഹനാസിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കാര്യവും ശ്രീനാദേവി കുഞ്ഞമ്മ വെളിപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയും ഷഹനാസിനെതിരെ ശ്രനാദേവി ഉയര്‍ത്തുന്നു.

സ്ത്രീപക്ഷ വാദത്തിലെ പൊള്ളത്തരം?

സ്ത്രീപക്ഷ വാദത്തിന്റെയും ഫെമിനിസത്തിന്റെയും പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ സ്ത്രീസമൂഹത്തിന് തന്നെ അപമാനമാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു. സിവില്‍ സര്‍വീസ് പഠനത്തിനായി വര്‍ഷങ്ങള്‍ ഉഴിഞ്ഞുവെക്കുന്ന ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളുള്ള കേരളത്തില്‍, ഇത്തരം വ്യാജ അവകാശവാദങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി.

വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും സജീവമായ ഷഹനാസ് എം.എ, തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് പരാതിപ്പെടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ അവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.

ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മാധ്യമങ്ങളില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നും ഷഹനാസ് എം.എ എന്ന പേരിലുള്ള ഒരു എഴുത്തുകാരി പലതരത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അപമാനിക്കുന്ന രീതിയിലും, വി. ആര്‍. സുധീഷ് എന്ന കഥാകൃത്തിനെതിരെ വ്യാജ MeToo ആരോപണം നടത്തി അദ്ദേഹത്തെ ആക്ഷേപിക്കുന്ന രീതിയിലും സംസാരിക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ ശ്രീ. നിയാസ് മലബാറി എന്ന വ്യക്തി എഴുതുന്ന ചില കുറിപ്പുകള്‍ പലതവണയായി കാണുവാനും ഇടയായി. ഷഹനാസ് എന്നവര്‍ക്കെതിരെ സാഹിത്യകാരന്‍ വി.ആര്‍ സുധീഷ് നല്‍കിയ മാനനഷ്ടകേസില്‍ ഇവര്‍ പലതവണയും കോടതിയില്‍ ഹാജരാകാതെ ഇവര്‍ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും അറിഞ്ഞു.

അപ്പോഴാണ് ഞാന്‍ ഒരു വാര്‍ത്ത ശ്രദ്ധിച്ചത്. നിബു വര്‍ഗീസ് എന്ന ഒരു വ്യക്തിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു എന്ന രീതിയില്‍ ഇവര്‍ ഒരു പരാതി കൊടുത്തിരിക്കുന്നു. പക്ഷെ വിസ്മയം എന്തെന്നാല്‍ ഇവര്‍ പരാതി കൊടുത്തത് സോഷ്യല്‍ മീഡിയയില്‍ ഇവരെപ്പറ്റി സംസാരിച്ചു കൊണ്ടേയിരിക്കുന്ന നിയാസ് മലബാറിയ്‌ക്കെതിരെ അല്ല. സ്വാഭാവികമായും നമുക്ക് ഉറപ്പാക്കാം നിയാസ് മലബാറി പറഞ്ഞ കാര്യങ്ങള്‍ ഖണ്ഡിക്കുവാനുള്ള ഒരു വാദങ്ങളും ഇവരുടെ കൈയില്‍ ഇല്ല എന്ന്. അതുകൊണ്ടാണ് ഇവര്‍ ആ വ്യക്തിയെ അറ്റാക്ക് ചെയ്യാതെ ഇവര്‍ക്കെതിരെ എന്തോ കുറിപ്പുകള്‍ എഴുതിയ നിബു വര്‍ഗീസിനെതിരെ പരാതി കൊടുത്തത്.

നിയാസ് മലബാറി,

'ഐഎഎസ് ലഭിച്ചു എന്ന് നിങ്ങള്‍ നുണ പറഞ്ഞില്ലേ'

എന്ന് ചോദിക്കുമ്പോള്‍

ഇവര്‍ മെഹന്ദി ഇടുന്ന പടം ഇടുന്നു,

'നിങ്ങള്‍ക്ക് രണ്ട് ഐഡി കാര്‍ഡ് ഇല്ലേ'

എന്ന് ചോദിക്കുമ്പോള്‍

ഇവര്‍ ബീച്ചില്‍ ഇരുന്ന് കുമിള വിടുന്ന പടം ഇടുന്നു.

'പബ്ലിക്കേഷന്‍സ് സ്ഥാപനം നടത്തുന്ന നിങ്ങള്‍ക്ക് രണ്ട് അക്കൗണ്ട് ഇല്ലേ'

എന്ന് ചോദിക്കുമ്പോള്‍

ഇവര്‍ മഞ്ചേരിയില്‍ ഉള്ള ഒരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന വീഡിയോ ഇടുന്നു.

അതല്ലാതെ ആ വ്യക്തി ചോദിച്ച ഒരു ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ഒരിക്കലും ഇവര്‍ പറഞ്ഞിട്ടില്ല. അവരുടെ വിവാഹപൂര്‍വ ബന്ധങ്ങള്‍ അവരുടെ സ്വാതന്ത്ര്യമാണ് എന്ന് അവര്‍ക്ക് കാഴ്ചപ്പാടുണ്ടാകാം എന്നതുകൊണ്ട് ആ വിഷയത്തില്‍ എനിക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ല. പക്ഷെ, സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ഈ ആരോപണ-പ്രത്യാരോപണങ്ങളില്‍ 22 ദിവസം ആയിട്ടും ആരോപണ വിധേയ ശ്രീമതി. എം. എ. ഷഹനാസ് സത്യം എന്തെന്ന് പറഞ്ഞു കണ്ടില്ല.

ഐഎഎസ് നേടി എന്ന് വ്യാജമായി പറയുകയും അതിന്റെ പേരില്‍ സ്വീകരണവും മറ്റ് കാര്യങ്ങളും നേടുകയും ചെയ്യുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. ഐഎഎസ് ആണെന്ന് പറഞ്ഞ് ഇവര്‍ നാട്ടിലും വിദേശത്തും എന്തൊക്കെ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട് എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, പ്രതിപക്ഷനേതാവിനും, UPSC ചെയര്‍മാനും, കേന്ദ്ര മന്ത്രാലയത്തിനും, കേന്ദ്രമന്ത്രിമാരായ ശ്രീ സുരേഷ്ഗോപിയ്ക്കും, ശ്രീ ജോര്‍ജ് കുര്യനും, കേരള ഗവര്‍ണര്‍ക്കും, കോഴിക്കോട് ജില്ലാ പോലീസ് മേധാവിയ്ക്കും ഇന്ന് ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്.

2014 ലെ റിസള്‍ട്ട് പരിശോധിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കണം എന്ന് ആവശ്യപ്പെട്ട് UPSC യെയും സമീപിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് പഠനത്തിനായി വര്‍ഷങ്ങള്‍ ബലികൊടുത്ത ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ കേരളത്തില്‍ ഉണ്ട്. പക്ഷെ പഠിച്ച കോളേജില്‍ നുണ പറഞ്ഞ് സ്വീകരണം വാങ്ങാന്‍ അസാമാന്യരായ നുണയര്‍ക്കു മാത്രമേ സാധിക്കു.

NB:

ചരിത്രത്തിലെ കരുത്തുറ്റ, അന്തസ്സുള്ള സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, ആ തണലില്‍ നിന്നുകൊണ്ട്, സൗകര്യപൂര്‍വ്വം ആദര്‍ശത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും പുലമ്പുന്ന ചില സ്ത്രീകള്‍ ഇന്ന് വലിയ സ്ത്രീപക്ഷ വാദികളായി സ്വയം പ്രഖ്യാപിയ്ക്കുന്ന കാഴ്ച രാഷ്ട്രീയകേരളത്തില്‍ സര്‍വ്വസാധാരണമായി മാറുന്നുണ്ട്. ഒരുപാട് അന്തസ്സുള്ള സ്ത്രീകളും പുരുഷന്മാരും നഷ്ടപ്പെടലുകളിലൂടെ സൃഷ്ടിച്ചെടുത്ത ആത്മത്യാഗത്തിന്റെ ചരിത്രമാണ് നമ്മുടെ സ്ത്രീമുന്നേറ്റത്തിനുള്ളത്. അതിന്റെ ഇന്നലകളില്‍ നുണകളില്ല. ഇന്നുകളിലും നാളെകളിലേക്കും സ്ത്രീ സമൂഹത്തിന് അഭിമാനത്തോടെ നടന്നുനീങ്ങാന്‍ സാധിക്കുന്ന സത്യത്തിന്റെ വെളിച്ചവും കൂട്ടിനുണ്ട്. അല്ലാത്തതെന്തിനും നീര്‍ക്കുമിളകളുടെ അല്‍പജല്പനം മാത്രമാണ് സ്വന്തം.


Full View

Tags:    

Similar News