അന്‍വറിന്റെ ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവില്ല; ആര്‍ എസ് എസ് നേതാവിനെ സ്വകാര്യമായി കണ്ടതില്‍ ഉത്തരവുമില്ല; അജിത് കുമാറിനെതിരെയുള്ള റിപ്പോര്‍ട്ട് ഡിജിപി ഇന്ന് കൈമാറും; ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റും

കേരളത്തിലെ ഒരു ആര്‍എസ്എസ് നേതാവ് എഡിജിപിയുടെ ഓഫിസില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്നും പരാതിയുണ്ട്.

Update: 2024-10-04 01:07 GMT

തിരുവനന്തപുരം : എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ഇന്നു സര്‍ക്കാരിനു നല്‍കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റിയേക്കും. അജിത് കുമാറിന്റെ ആര്‍ എസ് എസ് നോതാക്കളുമായുള്ള കൂടിക്കാഴ്ചയിലും അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ അജിത്തിനെതിരായ തെളിവൊന്നും ഡിജിപിക്കു ലഭിച്ചില്ല. കോഴിക്കോട്ടെ മാമി തിരോധാനക്കേസാണ് ഡിജിപി പ്രധാനമായും പരിശോധിച്ചത്. ആര്‍ എസ് എസ് കൂടിക്കാഴ്ച മാത്രമാണ് അജിത് കുമാറിന് വിനയാകുന്നത്.

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അജിത്തിനോടു ഡിജിപി ചോദിച്ചപ്പോള്‍ പ്രധാന നേതാക്കള്‍ ആരു കേരളത്തില്‍ വന്നാലും കാണാന്‍ പോകാറുണ്ടെന്നായിരുന്നു മറുപടി. എങ്കില്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി രഹസ്യമായി പോയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞുമില്ല. ആര്‍ എസ് എസ് നേതാക്കളുടെ കൂടിക്കാഴ്ചയാണ് അജിത് കുമാറിന് വിനയാകുന്നത്. കേരളത്തിലെ ഒരു ആര്‍എസ്എസ് നേതാവ് എഡിജിപിയുടെ ഓഫിസില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്നും പരാതിയുണ്ട്. ഇതും അന്വേഷിച്ചു. ജയിലില്‍ കഴിയുന്ന ആര്‍എസ്എസുകാരുടെ പരോളുമായി ബന്ധപ്പെട്ടായിരുന്നു ഈ കൂടിക്കാഴ്ചകള്‍ എന്നാണ് അജിത് കുമാര്‍ നല്‍കിയ വിശദീകരണം.

കല്‍പറ്റയിലെ ഹോട്ടലില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ കണ്ടിരുന്നുവെന്നും അതു കഷ്ടിച്ച് 4 മിനിറ്റ് മാത്രമാണെന്നും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പ്രതികരിച്ചിട്ടുണ്ട്. ദുരിതാശ്വാസവുമായെത്തിയ സേവാഭാരതി വൊളന്റിയര്‍മാരെയും ആംബുലന്‍സിനെയും തടഞ്ഞ പൊലീസ് നടപടി പറയാനായിരുന്നു ഇതെന്നാണ് വിശദീകരണം. ദുരന്തസമയത്ത് സന്നദ്ധസംഘടനകളുടെ ഭക്ഷണം തടഞ്ഞ നടപടിക്ക് വല്‍സനും അജിത്കുമാറും നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട. വയനാട് ദുരന്തമേഖലയില്‍ ഡ്യൂട്ടിക്കെത്തിയ അജിത്കുമാറിനെ വല്‍സന്‍ തില്ലങ്കേരിയുള്‍പ്പെടെ 3 നേതാക്കള്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സന്ദീപ് വാരിയര്‍ തുടങ്ങിയ നേതാക്കളും എഡിജിപി താമസിച്ച അതേ ഹോട്ടലിലായിരുന്നു താമസം.

അജിത് കുമാറിനെതിരെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് നടത്തിയ അന്വേഷണത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു റിപ്പോര്‍ട്ടുകളാണ് ഇതു സംബന്ധിച്ച് പോലീസ് മേധാവി തയ്യാറാക്കിയത്. ഈ രണ്ടു റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. കഴിഞ്ഞ ദിവസം കൈമാറുമെന്നായിരുന്നു സൂചനകളെങ്കിലും അവസാന വിശകലനങ്ങള്‍ക്ക് വേണ്ടി അത് ഒരു ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു. പിവി അന്‍വര്‍ എഴുതി നല്‍കിയ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറുന്നതില്‍ ഒന്ന്. മറ്റേത് ഇടതു നേതാക്കള്‍ അജിത് കുമാറിനെതിരെ ചര്‍ച്ചയാക്കി വിഷയങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ടും.

ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയടക്കം ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകും. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിപിഐ സംസ്ഥാന സെക്രട്ടറിയും വിശദീകരിച്ചിട്ടുണ്ട്. സിപിഐയുടെ സംസ്ഥാന നേതൃയോഗത്തിലായിരുന്നു ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്. ഈ സാഹചര്യത്തില്‍ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ അജിത് കുമാറിനെ നീക്കാനാണ് സാധ്യത. പകരം പോലീസിന് പുറത്ത് നിയമിക്കും. അതിനിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ഇനി നിയമിക്കില്ലെന്നും സൂചനയുണ്ട്. പോലീസ് ആസ്ഥാനത്ത് മറ്റൊരു അധികാര കേന്ദ്രം ഒഴിവാക്കാനാണ് ഇത്.

Tags:    

Similar News