മുഖ്യമന്ത്രി സ്ഥാനം: കൂടുതല്‍ പിന്തുണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്; കേരളം വീണ്ടും യുഡിഎഫിലേക്ക്; 91 സീറ്റുമായി സതീശന്‍ തരംഗമെന്ന് വോട്ടേഴ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ സര്‍വേ; ബിജെപിക്ക് സീറ്റില്ലെന്നും പ്രവചനം; ഇടതിന് 40 ഇടത്ത് ജയം; സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം; പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റ് അഡ്വ അവനീഷ് കോയിക്കര പറയുന്നത്
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വോട്ടേഴ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ (Voters Rights Foundation) പുതിയ സര്‍വേ ഫലം. പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കരയുടെ നേതൃത്വത്തില്‍ രണ്ട് ലക്ഷം വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സമഗ്ര പഠനത്തിലാണ് യുഡിഎഫ് തരംഗം പ്രവചിക്കുന്നത്. യുഡിഎഫിന് 91 സീറ്റുകള്‍ ലഭിക്കുമ്പോള്‍, നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫ് 49 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണെന്നതാണ് റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ കണ്ടെത്തല്‍. 28.91% പേര്‍ സതീശനെ പിന്തുണയ്ക്കുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 19.89% പിന്തുണ മാത്രമാണുള്ളത്. രമേശ് ചെന്നിത്തല (18.21%), ടി.എം. തോമസ് ഐസക് (17.44%), രാജീവ് ചന്ദ്രശേഖര്‍ (11.26%) എന്നിവരാണ് പട്ടികയില്‍ പിന്നാലെയുള്ളത്. കഴിഞ്ഞ തദ്ദേശ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ വിജയം നിയമസഭയിലേക്കും വ്യാപിപ്പിക്കാന്‍ യുഡിഎഫിന് കഴിയുമെന്ന് ഡാറ്റാ വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു.
വോട്ട് വിഹിതത്തിലും യുഡിഎഫ് തന്നെയാണ് മുന്നില്‍. യുഡിഎഫിന് 44.97 ശതമാനവും എല്‍ഡിഎഫിന് 39.34 ശതമാനവും വോട്ട് ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎയുടെ വോട്ട് വിഹിതം 14.72 ശതമാനമായി വര്‍ദ്ധിക്കുമെങ്കിലും അത് സീറ്റുകളാക്കി മാറ്റാന്‍ ബിജെപി സഖ്യത്തിന് സാധിച്ചേക്കില്ല. എങ്കിലും നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയായി തുടരും.
ശക്തമായ ഭരണവിരുദ്ധ വികാരം, ക്ഷേമ പദ്ധതികളിലെ പോരായ്മകള്‍, തൊഴിലില്ലായ്മ തുടങ്ങിയ ഘടകങ്ങള്‍ എല്‍ഡിഎഫിന് തിരിച്ചടിയാകും. 2021-ല്‍ 99 സീറ്റുകളുമായി തുടര്‍ച്ചയായ രണ്ടാം ഭരണം നേടിയ ഇടതുമുന്നണിക്ക് ഇത്തവണ പ്രതിപക്ഷ സ്ഥാനത്തേക്ക് മടങ്ങേണ്ടി വരുമെന്ന് സര്‍വേ അടിവരയിടുന്നു.
സ്ഥാനാര്‍ത്ഥി പ്രതിച്ഛായയും പ്രാദേശിക വിഷയങ്ങളും അവസാനഘട്ട പ്രചാരണ തന്ത്രങ്ങളും ഫലത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര നടത്തിയ സമഗ്ര സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
