ശബരിമലയില്‍ 'മുരാരി ബാബു'മാരെ വളര്‍ത്തിയവര്‍ വിഡി സതീശനെതിരെ രംഗത്ത്; സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണനിരങ്ങനല്ലേയെന്ന് സുകുമാരന്‍ നായര്‍; വെള്ളാപ്പള്ളിയുടെ അതേ നിലപാട് ഏറ്റു പിടിച്ച് എന്‍ എസ് എസും; സുകുമാരന്‍ നായരുടെ വാക്കുകളിലുള്ളത് സിപിഎമ്മിനോടുള്ള അനുഭാവം! കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ആരുമില്ലേ?

Update: 2026-01-18 07:01 GMT

കോട്ടയം: ശബരിമല കൊള്ളയില്‍ എന്‍ എസ് എസ് നേതാവായിരുന്ന മുരാരി ബാബു അഴിക്കുള്ളിലായിട്ടും പ്രതികരിക്കാത്തെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും ഒടുവില്‍ ഒരു പ്രതികരണം നടത്തുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും രംഗത്തെത്തുമ്പോള്‍ തെളിയുന്നത് രാഷ്ട്രീയം കോണ്‍ഗ്രസിനെതിരെ തിരിച്ചു വിടുന്ന കുതന്ത്രമാണ്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആരും ഇല്ലെന്ന് പരസസ്യമായി പറഞ്ഞ് എന്‍ എസ് എസ് സമദൂരം ഉപേക്ഷിക്കുകയാണെന്നും സൂചന നല്‍കി.

സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണനിരങ്ങനല്ലേയെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കാന്‍ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. തനിക്കെതിരെയും സതീശന്‍ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങള്‍ക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാള്‍ എന്‍ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങള്‍ക്കെതിരെ പറഞ്ഞയാള്‍ അതില്‍ ഉറച്ചുനില്‍ക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാന്‍ നടക്കരുതായിരുന്നു എന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. സതീശനെ കോണ്‍ഗ്രസ് അഴിച്ചു വിട്ടിരിക്കുന്നു. നയപരമായ വിഷയങ്ങള്‍ തീരുമാനിക്കാന്‍ സതീശന് എന്ത് അധികാരം-ഇതാണ് സുകുമാരന്‍ നായരുടെ ചോദ്യം. ബിജെപിയേയും സുരേഷ് ഗോപിയേയും ഗവര്‍ണര്‍ ആനന്ദ ബോസിനേയും ജി സുകുമാരന്‍ നായര്‍ തള്ളി പറയുന്നുണ്ട്. ഇതെല്ലാം ചൂണ്ടി കാണിക്കുന്നത് അനുഭാവം സിപിഎമ്മിനോട് ആണെന്നാണ്. വിഡി സതീശനാണ് പ്രധാന ശത്രുവെന്നും വ്യക്തം.

കോണ്‍ഗ്രസിന് പ്രസിഡന്റ് ഇല്ലേ. കെ പി സി സി പ്രസിഡന്റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശന്‍ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ അടി കിട്ടുമെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയും സതീശനെതിരെ കടുപ്പിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി. എസ് എന്‍ ഡി പി - എന്‍ എസ് എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എന്‍ എസ് എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പ്രധാന ലക്ഷ്യം സതീശനാണെന്നും വ്യക്തമായി. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ആരും യോഗ്യരല്ലെന്ന് സതീശന്‍ പറയുന്നു. വിഡി സതീശനും കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ശശി തരൂരും എല്ലാം ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് മറന്നാണ് സുകുമാരന്‍ നായരുടെ പ്രഖ്യാപനങ്ങള്‍. ഇതോടെ സിപിഎമ്മിന് വേണ്ടിയാണ് സുകുമാരന്‍ നായര്‍ പറയുന്നതെന്നും വ്യക്തമായി. ചെന്നിത്തലയ്ക്കുള്ള യോഗ്യത മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാവിനുണ്ടോ എന്നും സുകുമാരന്‍ നായര്‍ ചോദിക്കുന്നു. അനുഭാവം ചെന്നിത്തലയോടെന്ന് വ്യക്തം.

സമുദായങ്ങള്‍ക്കിടയില്‍ ഐക്യം അനിവാര്യമാണെന്ന് വ്യക്തമാക്കിയ സുകുമാരന്‍ നായര്‍, ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം തള്ളി. മുന്‍പ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസ്സമായതെന്നും എന്നാല്‍ ഇപ്പോള്‍ അത്തരം തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്കും വീഴ്ചകള്‍ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച അദ്ദേഹം, അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടില്‍ എന്‍എസ്എസ് ഉറച്ചുനില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എന്‍ എസ് എസിന് പാര്‍ലമെന്ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലിം വിരോധിയല്ല. ലിഗീനെതിരെ പറഞ്ഞാല്‍ അത് മുസ്ലിങ്ങള്‍ക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാല്‍ മുഴുവന്‍ മുസ്ലിം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതായത് വെള്ളാപ്പള്ളിയുടെ അതേ വാദങ്ങളാണ് സുകുമാരന്‍ നായരും ചര്‍ച്ചയാക്കുന്നത്. ഇതോടെ എന്‍ എസ് എസും എസ് എന്‍ ഡി പിയും അടുക്കുകയാണെന്നും വ്യക്തമായി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തു വന്നിരുന്നു. വര്‍ഗീയതക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും വെളളാപ്പള്ളി ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി മാറുന്നുവെന്നും സതീശന്‍ പറഞ്ഞു. വര്‍ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു കിടക്കുമെന്നും പിന്നില്‍ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി. '2016ല്‍ എന്നെ പറവൂരില്‍ തോല്‍പ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ എല്ലാം ചേര്‍ന്ന് ശ്രമിച്ചതാണ്. എന്നാല്‍ പറവൂരിലെ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞു. വന്‍ ഭൂരിപക്ഷത്തിലാണ് എന്നെ അവര്‍ വിജയിപ്പിച്ചത്. ഇനിയും അവര്‍ തന്നെ വിജയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.'-സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണെന്നും വര്‍ഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചെന്നും സതീശന്‍ പറഞ്ഞു.

മുസ്ലീം ലിഗാണ് എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തമ്മില്‍ തെറ്റിച്ചതെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം തെറ്റാണെന്നും സതീശന്‍ കൂട്ടിച്ചര്‍ത്തു. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യ നീക്കത്തെയും സതീശന്‍ സ്വാഗതം ചെയ്തു. എല്ലാ സമുദായങ്ങളും ഐക്യത്തോടെ ഇരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് സതീശന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സുകുമാരന്‍ നായരും രംഗത്ത് വരുന്നത്.

Similar News