കുഞ്ഞുങ്ങളുടെ പ്രയാസം കണക്കിലെടുത്ത് വീണയെ ഇത്തവണ ഒഴിവാക്കണമെന്ന് ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചിരുന്നു; വീണയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി തീരുമാനം; അത് അംഗീകരിക്കുക എന്നത് ഒരു പാര്‍ട്ടി അംഗത്തിന്റെ കടമ; ആറന്മുളയില്‍ വീണ തന്നെ; ഭര്‍ത്താവിനെക്കൊണ്ട് പരസ്യമായി തിരുത്തിച്ച് വീണാ ജോര്‍ജ്; കത്തയച്ചിട്ടില്ലെന്ന് ജോര്‍ജ് ജോസഫ്; സിപിഎമ്മിലെ ആശയക്കുഴപ്പത്തിന് താത്കാലിക വിരാമം

Update: 2026-03-05 04:57 GMT

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടിയുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. വീണയെ മത്സരിപ്പിക്കരുതെന്ന് കാണിച്ച് പാര്‍ട്ടിക്ക് കത്തയച്ചു എന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തള്ളിയ അദ്ദേഹം, അത്തരത്തില്‍ പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് വ്യക്തമാക്കി. എന്നാല്‍, കുഞ്ഞുങ്ങളുടെ പ്രയാസം കണക്കിലെടുത്ത് വീണയെ ഇത്തവണ ഒഴിവാക്കണമെന്ന് ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. വീണയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി തീരുമാനമാണെന്നും അത് അംഗീകരിക്കുക എന്നത് ഒരു പാര്‍ട്ടി അംഗത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ആറന്മുളയില്‍ വീണ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായിരിക്കുകയാണ്.

കണ്ണൂരില്‍ വെച്ച് വീണാ ജോര്‍ജിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് ജോര്‍ജ് ജോസഫ് വിശദീകരിച്ചു. ആക്രമണ ദൃശ്യങ്ങള്‍ കണ്ട് ഭയന്ന കുഞ്ഞുങ്ങളുടെ ആശങ്ക മാറ്റാനാണ് താന്‍ ശ്രമിച്ചത്. കുഞ്ഞുങ്ങള്‍ ഒന്ന് വലുതാകുന്നത് വരെ വീണയെ പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഒരു പിതാവിന്റെ വികാരത്തോടെ ജില്ലാ സെക്രട്ടറിയോട് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ പാര്‍ട്ടിക്ക് നല്‍കിയ 'കത്ത്' ആയി വ്യാഖ്യാനിച്ചതില്‍ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടില്ലെന്ന് ജോര്‍ജ് ജോസഫ് പറയുന്നു. കണ്ണൂരിലെ ആക്രമണത്തിന് ശേഷം തിരുവനന്തപുരത്തെ വീട്ടിലായിരുന്ന കുഞ്ഞുങ്ങള്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. അവരെ ഓര്‍ത്താണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ വിളിച്ചത്. പാര്‍ട്ടി തീരുമാനത്തിന് മുന്‍തൂക്കം നല്‍കുമെന്നും വീണയുടെ ഭര്‍ത്താവ് പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ നയപരമായ തീരുമാനമാണ്. അത് അനുസരിക്കാന്‍ വീണയും കുടുംബവും ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭര്‍ത്താവിനെക്കൊണ്ട് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ വീണ പിന്മാറുന്നു എന്ന തരത്തില്‍ വന്ന അഭ്യൂഹങ്ങള്‍ക്ക് അറുതിയായി. നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ കൂടിയാണ് ഇത്തരമൊരു പരസ്യ വിശദീകരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എതിരാളികള്‍ ഇത് ആയുധമാക്കാതിരിക്കാന്‍ വീണയുടെ ഇടപെടലിലൂടെ ഭര്‍ത്താവ് തന്നെ നേരിട്ട് രംഗത്തെത്തിയത് സി.പി.എമ്മിന് ആശ്വാസമായിട്ടുണ്ട്. സിപിഎം നേതൃത്വവും ഇതില്‍ ഇടപെട്ടിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി സിപിഐഎം നേതൃത്വത്തെ സമീപിച്ചുവെന്നുള്ള വാര്‍ത്തകളോട് പ്രതികരിച്ച് വീണയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് രംഗത്തു വന്നത് സിപിഎം നിര്‍ദ്ദേശ പ്രകാരമാണ്.

പ്രചരിച്ച വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. കണ്ണൂരില്‍ വീണയ്ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളെ ഓര്‍ത്താണ് ജില്ലാ സെക്രട്ടറിയെ വിളിച്ച് ഇത്തവണ വീണയെ ഒഴിവാക്കി തരണം എന്ന് അഭ്യര്‍ത്ഥിച്ചത്. വീണയെ മത്സരിപ്പിക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. കണ്ണൂരില്‍ വീണയ്ക്കെതിരെ ആക്രമണം നടക്കുന്ന സമയം താന്‍ പത്തനംതിട്ടയിലെ വീട്ടിലും തന്റെ രണ്ട് കുഞ്ഞുങ്ങള്‍ തിരുവനന്തപുരത്തുമായിരുന്നു. വീണ വൈകിട്ട് വന്ദേഭാരതില്‍ തിരുവനന്തപുരത്ത് എത്തും എന്ന് പറഞ്ഞാണ് കുഞ്ഞുങ്ങള്‍ കാത്തിരുന്നത്. ഇതിനിടെയാണ് കണ്ണൂരിലെ സംഭവങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇത് കണ്ട് താന്‍ വീണയെ വിളിച്ചു. വീണയുടെ സംസാരം കേട്ടപ്പോള്‍ അവിടെ അപ്രതീക്ഷിതമായി എന്തോ സംഭവിച്ചതായി മനസിലായി. താന്‍ അവിടേയ്ക്ക് വരികയാണെന്ന് പറഞ്ഞപ്പോള്‍ ശരി എന്നായിരുന്നു വീണയുടെ മറുപടി. തന്നെ ഒരു കാര്യത്തിലും ബുദ്ധിമുട്ടിക്കാത്ത വീണ, താന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് അവിടെ എത്തണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ എന്തോ കാര്യമുണ്ടെന്ന് മനസിലായി. ഇതേ തുടര്‍ന്ന് താന്‍ അവിടേയ്ക്ക് തിരിച്ചു. അവിടെ എത്തുമ്പോള്‍ കടുത്ത വേദന അനുഭവിക്കുന്ന വീണയെയാണ് കണ്ടത്.

കണ്ണൂരിലെ ദൃശ്യങ്ങള്‍ കണ്ട് കുഞ്ഞുങ്ങളും ആശങ്കപ്പെട്ടിരുന്നു. വീണയെ കാണണമെന്ന് കുഞ്ഞുങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതിന് പറ്റുന്ന സാഹചര്യമായിരുന്നില്ല. കുഞ്ഞുങ്ങള്‍ ഫോണില്‍ വീണയോട് സംസാരിച്ചെങ്കിലും അവരുടെ ആശങ്ക മാറിയില്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. ഇതിനിടെയാണ് വീണ തന്നെ ആറന്മുളയില്‍ മത്സരിക്കുമെന്ന വാര്‍ത്ത താന്‍ കാണുന്നത്. ജില്ലാ സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച തീരുമാനം വന്നുവെന്നും കണ്ടു. ഉടന്‍ തന്നെ താന്‍ ജില്ലാ സെക്രട്ടറിയെ വിളിച്ചു. വീണയെ ഇത്തവണ ഒഴിവാക്കിയാല്‍ നല്ലതായിരുന്നുവെന്ന് പറഞ്ഞു. കുഞ്ഞുങ്ങള്‍ ഒന്ന് വലുതാകട്ടെ എന്നും പറഞ്ഞു. കത്ത് നല്‍കി എന്നത് വസ്തുതാ വിരുദ്ധമാണ്. അത് പ്രയാസമുണ്ടാക്കി. ഒരു പിതാവിന്റെ സ്ഥാനത്തുനിന്നാണ് താന്‍ അങ്ങനെ പറഞ്ഞത്.

എന്നാല്‍ മാധ്യമങ്ങള്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ചു. വീണയെ മത്സരിപ്പിക്കുക എന്നത് പാര്‍ട്ടി തീരുമാനമാണ്. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുക എന്നത് പാര്‍ട്ടി അംഗത്തിന്റെ കടമയാണെന്നും ജോര്‍ജ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

Similar News