ഹിരോഷിമയിലെ അണുബോംബിനേക്കാള്‍ 20 മടങ്ങ് ശക്തിയുള്ള ആണവമുനകള്‍ വഹിക്കും; മണിക്കൂറില്‍ 15,000 മൈലിലധികം വേഗത; ഭൂഖണ്ഡങ്ങള്‍ കടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താനുള്ള ശേഷി; ഒരു മിസൈല്‍ ഉപയോഗിച്ച് ഒരേസമയം പല ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പ്രഹരശേഷി; ഇറാനെ ചാരമാക്കുമോ? ഒടുവില്‍ 'ഡൂംസ്‌ഡേ' പരീക്ഷിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കവെ, ലോകശ്രദ്ധ മുഴുവന്‍ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസിലേക്കാണ്. അമേരിക്ക തങ്ങളുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ICBM) മിനിറ്റ്മാന്‍ III വിജയകരമായി പരീക്ഷിച്ചതോടെ ആശങ്ക ഏറുകയാണ്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി മിസൈല്‍ വിക്ഷേപിച്ചത്. യുഎസിന്റെ 'ഡൂംസ്‌ഡേ' മിസൈല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഡൂംസ്ഡേ മിസൈല്‍' (ലോകാവസാന മിസൈല്‍) എന്ന് വിളിക്കപ്പെടുന്ന ഈ ആയുധത്തിന്റെ പരീക്ഷണം കേവലം ഒരു സാങ്കേതിക പരിശോധന എന്നതിലുപരി, നിലവിലെ ആഗോള സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ സൂചനകള്‍ കൂടി നല്‍കുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഏകദേശം 10,000 കിലോമീറ്ററോളം ദൂരപരിധിയുള്ള ഇതിന് മണിക്കൂറില്‍ 24,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. അതായത്, വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏത് കോണിലുമുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ മിനട്ട്മാന്‍ -3 മിസൈലിന് സാധിക്കും.
യുഎസ് എയര്‍ഫോഴ്‌സ് ഗ്ലോബല്‍ സ്ട്രൈക്ക് കമാന്‍ഡ് നടത്തിയ ഈ പരീക്ഷണത്തില്‍ മിസൈല്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകള്‍ക്ക് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചു. 'ജി.ടി255' എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണം രാജ്യത്തിന്റെ ആണവ പ്രതിരോധ വ്യൂഹത്തിന്റെ കാര്യക്ഷമതയും സന്നദ്ധതയും ഉറപ്പുവരുത്തുന്നതിനായുള്ള പതിവ് വിലയിരുത്തല്‍ പരിപാടിയുടെ ഭാഗമാണെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് അറിയിച്ചു. ഭൂഖണ്ഡങ്ങള്‍ കടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താന്‍ ഇതിന് ശേഷിയുണ്ട്. ഒരു മിസൈല്‍ ഉപയോഗിച്ച് തന്നെ ഒരേസമയം പല ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ സാധിക്കും.
നിലവിലെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷവുമായി ഈ പരീക്ഷണത്തിന് ബന്ധമില്ലെന്ന് യുഎസ് പ്രസ്താവിച്ചു. എങ്കിലും, ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത് ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അമേരിക്കയുടെ ആണവ സന്നദ്ധതയുടെ നിലവാരം പരിശോധിക്കാനും മിസൈല്‍ സംവിധാനത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താനും ഈ പരീക്ഷണം സഹായിച്ചുവെന്ന് വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ ലെഫ്റ്റനന്റ് കേണല്‍ കാരി റേ പറഞ്ഞു.
കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് യുഎസ് എയര്‍ഫോഴ്‌സ് ഗ്ലോബല്‍ സ്‌ട്രൈക്ക് കമാന്‍ഡാണ് മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണ ഘട്ടത്തില്‍ പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ഐലന്‍ഡിന് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് ഈ മിസൈല്‍ പതിച്ചു. ഇതിന് മുമ്പ് ആയിരക്കണക്കിന് മൈലുകള്‍ മിസൈല്‍ സഞ്ചരിച്ചിട്ടുണ്ട്. മിസൈല്‍ സംവിധാനത്തിന്റെ വിശ്വാസ്യതയും കൃത്യതയും ഉറപ്പുവരുത്താനാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
അമേരിക്കയുടെ 'ന്യൂക്ലിയര്‍ ട്രയാഡ്' (കര, കടല്‍, ആകാശം വഴി ആണവാക്രമണം നടത്താനുള്ള ശേഷി) സംവിധാനത്തിലെ കരധിഷ്ഠിത വിഭാഗത്തിലെ പ്രധാനിയാണ് എല്‍.ജി.എം-30ജി മിനിറ്റ്മാന്‍ III. 1970-കളില്‍ സൈന്യത്തിന്റെ ഭാഗമായ ഈ മിസൈല്‍, നിരന്തരമായ നവീകരണങ്ങളിലൂടെ ഇന്നും ലോകത്തിലെ ഏറ്റവും കൃത്യതയുള്ളതും വിനാശകാരിയുമായ ആയുധമായി തുടരുന്നു. മനുഷ്യരാശിയുടെ അന്ത്യത്തിന് കാരണമായേക്കാവുന്ന പ്രഹരശേഷിയുള്ളതിനാലാണ് ഇതിനെ 'ലോകാവസാന മിസൈല്‍' എന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ നിലപാട്മിഡില്‍ ഈസ്റ്റില്‍ ഇറാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ പരീക്ഷണം പല സംശയങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. എന്നാല്‍ യുഎസ് സ്‌പേസ് ഫോഴ്‌സ് ഇത് തള്ളിക്കളയുന്നു.
