ആചാരസംരക്ഷണത്തിന് തടയിടാന്‍ ഫയല്‍ മോഷണമോ? ശബരിമല കേസ് രേഖകള്‍ അപ്രത്യക്ഷം; ദേവസ്വം ബോര്‍ഡില്‍ ഉന്നതതല ഗൂഢാലോചനയെന്ന് സംശയം; ഫയലുകളില്ലെന്ന് അറിഞ്ഞ് ഞെട്ടി ജയകുമാറും സംഘവും; ഇത് മോഷണത്തിന് കേസ് കൊടുക്കേണ്ട കുറ്റം; സ്വര്‍ണ്ണം കട്ടവര്‍ ആ ഫയലും കൊണ്ടു പോയോ?
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാന നിയമരേഖകളും ഫയലുകളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി. മാര്‍ച്ച് 14-നകം സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ട ഘട്ടം വന്നപ്പോഴാണ് വര്‍ഷങ്ങളായുള്ള കേസ് രേഖകളുടെ പകര്‍പ്പ് പോലും ബോര്‍ഡിലില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.
പഴയ നിലപാടുകളില്‍ നിന്ന് മാറി ക്ഷേത്രാചാരങ്ങളും ഭക്തരുടെ വിശ്വാസവും സംരക്ഷിക്കുമെന്ന പുതിയ തീരുമാനത്തിലേക്ക് ബോര്‍ഡ് എത്തിയ ഘട്ടത്തിലാണ് ഈ സുപ്രധാന ഫയലുകള്‍ അപ്രത്യക്ഷമായത്. മുന്‍പ് നടന്ന നീക്കങ്ങളും സത്യവാങ്മൂലങ്ങളും പുറത്തറിയാതിരിക്കാന്‍ ബോര്‍ഡ് ആസ്ഥാനത്തെ ചിലര്‍ ബോധപൂര്‍വ്വം ഫയലുകള്‍ മുക്കിയതാണെന്ന സംശയം ശക്തമാണ്. കേസ് രേഖകള്‍ക്കായി തിരച്ചില്‍ നടത്തിയ ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറും അംഗങ്ങളും ഫയലുകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായത് അറിഞ്ഞ് അത്ഭുതപ്പെട്ടു. ശബരിമലയിലെ സ്വര്‍ണ്ണം കട്ടവര്‍ ആ ഫയലുകളും കൊണ്ടു പോയി എന്നാണ് സൂചന.
ഫയലുകള്‍ക്ക് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ നിലപാടുകളും, പിന്നീട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന കാലത്ത് യുവതീപ്രവേശനത്തെ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലങ്ങളും ഉള്‍പ്പെടെയുള്ള രേഖകളാണ് കാണാതായത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചപ്പോഴും ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടുകളുടെ രേഖകള്‍ പോലും ഓഫീസിലില്ല. രേഖകള്‍ കാണാതായ വിവരം സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിക്കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലാണ്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. നിലവില്‍ സുപ്രീംകോടതിയില്‍ കേസ് കൈകാര്യം ചെയ്ത അഭിഭാഷകരില്‍ നിന്ന് രേഖകളുടെ പകര്‍പ്പ് തേടിയിരിക്കുകയാണ് ബോര്‍ഡ് അധികൃതര്‍. അപ്പോഴും തീരുമാനങ്ങളിലേക്ക് എത്തിയത് എങ്ങനെ എന്ന കാര്യം ആര്‍ക്കും അറിയാന്‍ കഴിയാത്ത അവസ്ഥ വരും. ഫയല്‍ മോഷണം പോലീസിനെ അറിയിക്കേണ്ടതാണ്. എന്നാല്‍ അതു ചെയ്യരുതെന്ന സമ്മര്‍ദ്ദം ദേവസ്വം ബോര്‍ഡിന് മേല്‍ ചിലര്‍ ചെലുത്തുന്നുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ ആ്ഭ്യന്തര അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്.
ബോര്‍ഡ് ആസ്ഥാനത്തെ റെക്കോര്‍ഡ് റൂമില്‍ നിന്നോ ബന്ധപ്പെട്ട സെക്ഷനുകളില്‍ നിന്നോ ഫയലുകള്‍ ബോധപൂര്‍വ്വം നീക്കം ചെയ്തതാണോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആചാരസംരക്ഷണത്തിനായി പുതിയ സത്യവാങ്മൂലം തയ്യാറാക്കുന്നതിന് പഴയ രേഖകള്‍ അനിവാര്യമായതിനാല്‍, ഈ തിരോധാനം ബോര്‍ഡിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
