ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ പേരിലെത്തിയ ക്രിമിനല്‍ സംഘത്തെ തിരിച്ചറിഞ്ഞതോടെ ലയന നീക്കത്തില്‍ നിന്ന് പിന്മാറി ജെഎസ്എസ്; മെത്രാന്റെ കുപ്പായമിട്ട കള്ളന്മാരെ വേദിയിലിരുത്തി ജനാധിപത്യ സംരക്ഷണ സമിതിയെ വിഴുങ്ങാന്‍ നോക്കിയ 'ഹം' തട്ടിപ്പുസംഘത്തിന് തിരിച്ചടി
എറണാകുളം: മെത്രാന്റെ കുപ്പായമിട്ട കള്ളന്മാരെ വേദിയിലിരുത്തി ജനാധിപത്യ സംരക്ഷണ സമിതിയെ (ജെഎസ്എസ്) വിഴുങ്ങാന്‍ നോക്കിയ 'ഹം' തട്ടിപ്പുസംഘത്തിന് ഒടുവില്‍ പണി കിട്ടി. കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ പേരിലെത്തിയ ക്രിമിനല്‍ സംഘത്തെ തിരിച്ചറിഞ്ഞതോടെ ലയന നീക്കത്തില്‍ നിന്ന് ജെഎസ്എസ് ഔദ്യോഗികമായി പിന്മാറി. പാര്‍ട്ടി ഭാരവാഹികളായി ചമഞ്ഞ് എത്തിയവര്‍ ഒന്നാന്തരം തട്ടിപ്പുകേസ് പ്രതികളാണെന്ന് വ്യക്തമായതോടെയാണ് ബാലരാമപുരം സുരേന്ദ്രനും സംഘവും ലയനത്തില്‍ നിന്ന് തലയൂരിയത്.
എറണാകുളത്ത് നടന്ന ലയന സമ്മേളനത്തില്‍ ബിഷപ്പുമാരുടെ വേഷമണിയിച്ച് ചിലരെ എത്തിച്ചപ്പോഴാണ് നേതാക്കള്‍ക്ക് മണം അടിച്ചത്. സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.ദേശീയ നേതാക്കളെന്ന് അവകാശപ്പെട്ടവര്‍ തൃശൂരിലെയും തിരുവനന്തപുരത്തെയും പിടികിട്ടാപ്പുള്ളികളായ തട്ടിപ്പുകാരായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വ്യാജരേഖ ചമച്ചും കേന്ദ്ര ന്യൂനപക്ഷ കമ്മീഷനില്‍ അംഗമാക്കാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയതുമുള്‍പ്പെടെ വമ്പന്‍ കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനങ്ങളില്‍ കറങ്ങി നടന്ന് തൈക്കൂടം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വന്‍കിട ഓപ്പറേഷന്‍.
ക്ഷേമപദ്ധതികളുടെ പേരില്‍ കര്‍ഷകരെ പറ്റിച്ച ഈ 'മാന്യന്മാര്‍' രാഷ്ട്രീയ തണല്‍ കൂടി ലക്ഷ്യമിട്ടാണ് ജെഎസ്എസിനെ സമീപിച്ചത്.തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ ഇവര്‍ ഇനി പ്രൊഫ. എ.വി. താമരാക്ഷന്‍ നയിക്കുന്ന വിഭാഗത്തില്‍ ലയിച്ച് എന്‍ഡിഎയെ ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുരംഗത്തെ അനുഭവസമ്പത്തുള്ള തങ്ങളെ വിഴുങ്ങാന്‍ നോക്കിയവര്‍ക്ക് രാഷ്ട്രീയമായി തന്നെ മറുപടി നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം.