44 വര്‍ഷത്തെ പരിചയം; സുധാകരന്റെ പിന്തുണയും ചെന്നിത്തലയുടെ തന്ത്രവും പിന്നാലെ പിജെ കുര്യനും; കോണ്‍ഗ്രസില്‍ 'പടയൊരുക്കം'; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍; കെസി വേണുഗോപാലും വിഡി സതീശനും വെട്ടിലായോ? കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് എത്തിക്കുമോ സുധാകരന്റേയും കുര്യന്റേയും പ്രഖ്യാപനം

Update: 2026-03-25 05:09 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍  ബാക്കിനില്‍ക്കെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള വടംവലി പരസ്യമാകുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി മുതിര്‍ന്ന നേതാക്കളായ പി.ജെ. കുര്യനും കെ. സുധാകരനും രംഗത്തെത്തിയതോടെ യുഡിഎഫ് ക്യാമ്പില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്ന കേരള രാഷ്ട്രീയത്തില്‍ ചെന്നിത്തലയുടെ 'സെക്കന്‍ഡ് ഇന്നിങ്സ്' ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

തിരുവല്ലയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് പി.ജെ. കുര്യന്‍ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. 'തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കും, മുഖ്യമന്ത്രിയാകുന്നത് രമേശ് ആയിരിക്കും. പാര്‍ട്ടി തീരുമാനിക്കുമെന്ന് ചെന്നിത്തല പറഞ്ഞേക്കാം, പക്ഷേ എനിക്കതില്‍ സംശയമില്ല,' എന്നായിരുന്നു കുര്യന്റെ വാക്കുകള്‍. ചെന്നിത്തല ഇത് ചിരിയോടെ സ്വീകരിച്ചെങ്കിലും പാര്‍ട്ടിയിലെ മറ്റ് അധികാര കേന്ദ്രങ്ങള്‍ക്ക് ഇത് കൃത്യമായ മുന്നറിയിപ്പായി മാറി.

കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനും ചെന്നിത്തലയ്ക്ക് അനുകൂലമായി നിലപാടെടുത്തു. ചെന്നിത്തല കാര്യങ്ങള്‍ അറിഞ്ഞു പെരുമാറുന്ന സീനിയര്‍ നേതാവാണെന്നും മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ അദ്ദേഹമാണെന്നും സുധാകരന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലേക്ക് ഇനി താനില്ലെന്ന് പ്രഖ്യാപിച്ച സുധാകരന്‍ ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കിയത് എ ഗ്രൂപ്പിനെയും വി.ഡി. സതീശന്‍ പക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഹരിപ്പാട് നിന്ന് 26-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി തുടങ്ങിയ ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഇന്ന് നിര്‍ണ്ണായക ഘട്ടത്തിലാണ്. കഴിഞ്ഞ തവണ കിറ്റ് രാഷ്ട്രീയവും കോവിഡ് സാഹചര്യവും ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച നല്‍കിയപ്പോള്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല നടത്തിയ പോരാട്ടങ്ങള്‍ വിസ്മരിക്കാനാവില്ലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിഞ്ഞതാണ് കഴിഞ്ഞ തവണ തിരിച്ചടിയായതെന്ന് ചെന്നിത്തല തന്നെ വിശ്വസിക്കുന്നു.

കോണ്‍ഗ്രസില്‍ സാധാരണയായി തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാറില്ല. എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങുന്നത് വി.ഡി. സതീശന്റെ നേതൃത്വത്തെ വെല്ലുവിളിക്കാനാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് ശേഷം എ ഗ്രൂപ്പിലുണ്ടായ മാറ്റങ്ങളും സുധാകരന്‍-ചെന്നിത്തല സഖ്യത്തിന്റെ പുതിയ നീക്കങ്ങളും വരും ദിവസങ്ങളില്‍ കെപിസിസിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി മുതിര്‍ന്ന നേതാക്കളായ പി.ജെ. കുര്യനും കെ. സുധാകരനും രംഗത്തെത്തിയതോടെ, വി.ഡി. സതീശന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷവും ചെന്നിത്തലയെ അനുകൂലിക്കുന്നവരും തമ്മിലുള്ള ബലപരീക്ഷണം യുഎഡി എഫ് അധികാരത്തിലേക്ക് എത്തിയാല്‍ പുതിയ തലത്തിലേക്ക് നീങ്ങും. തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം തേടിയും ഹൈക്കമാന്‍ഡ് ഇടപെട്ടുമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ചെന്നിത്തലയെ ഇലക്ഷന്‍ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത് അദ്ദേഹത്തിന് പാര്‍ട്ടിയിലുള്ള വലിയ സ്വാധീനം കണക്കിലെടുത്താണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ സമയത്ത് തന്നെ ചെന്നിത്തല എന്‍എസ്എസ്, ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വങ്ങളെ സന്ദര്‍ശിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വി.ഡി. സതീശനോട് അകല്‍ച്ച പാലിക്കുന്ന സമുദായ സംഘടനകളെ കൂടെനിര്‍ത്താന്‍ ചെന്നിത്തലയ്ക്ക് കഴിയുന്നു എന്നത് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അതേസമയം, സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കമെന്ന് ചില സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടുന്നു. എന്നാല്‍, പാര്‍ട്ടിയിലെ യുവാക്കളുടെയും വി.ഡി. സതീശന്‍ പക്ഷത്തിന്റെയും എതിര്‍പ്പ് ചെന്നിത്തലയ്ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.

Similar News