ആ വീഡിയോ സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനായി കെട്ടിച്ചമച്ചത്; ഇതിനോടകം ലഭിച്ചത് 2.3 മില്യൺ വ്യൂസ്‌; വീഡിയോ വൈറലായതോടെ അവൻ കടുത്ത മനോവിഷമത്തിലായിരുന്നു; പരാതിയുണ്ടെങ്കിൽ നിയമസംവിധാനങ്ങളെ സമീപിക്കാമായിരുന്നു; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ദീപക്കിന്റെ സുഹൃത്ത്

Update: 2026-01-18 11:53 GMT

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനായി പെൺകുട്ടി കെട്ടിച്ചമച്ച വീഡിയോ പ്രചരിച്ചതിനെ മനോവിഷമത്തിലാണ് ദീപക് (41) ആത്മഹത്യ ചെയ്തതെന്ന് സുഹൃത്ത്. വീഡിയോ കണ്ടാൽ തന്നെ അത് ഫേക്ക് ആണെന്ന് മനസ്സിലാക്കാം. റീച്ചിന് വേണ്ടി പെൺകുട്ടികൾ ഇപ്പോൾ കാണിക്കുന്ന ഒരു ട്രെൻഡ് ആയിട്ടാണ് ഇതിനെ കാണുന്നത്. ചെറിയൊരു ഇഷ്യൂ കിട്ടിയാൽ അത് വെച്ച് എങ്ങനെ റീച്ച് ഉണ്ടാക്കാം എന്നാണ് ചിലർ നോക്കുന്നതെന്നും സുഹൃത്ത് പറഞ്ഞു.

ഈ വീഡിയോയ്ക്ക് ഇതിനോടകം 2.3 മില്യൺ വ്യൂസ് ലഭിച്ചിട്ടുണ്ടെന്ന് സുഹൃത്ത് പറഞ്ഞു. വീഡിയോയിലുള്ള യുവാവ് തൻ്റെ ആത്മാർത്ഥ സുഹൃത്താണെന്നും അവൻ അങ്ങനെയുള്ള ഒരു സ്വഭാവക്കാരനല്ലെന്നും സുഹൃത്ത് പറയുന്നു. താൻ വിളിച്ചു ചോദിച്ചപ്പോൾ തളർച്ച കാരണം ബാഗ് പിടിച്ചു നിൽക്കുകയായിരുന്നുവെന്നും വീഡിയോ ക്രിയേറ്റ് ചെയ്യുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നുമാണ് അവൻ പറഞ്ഞത്. ഈ വിഷയം പുറത്തറിഞ്ഞതോടെ സുഹൃത്ത് വലിയ മാനസിക വിഷമത്തിലാണെന്നും അതുകൊണ്ടാണ് മറ്റ് സുഹൃത്തുക്കളോട് പോലും താൻ ആദ്യം ഈ കാര്യം പറയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കണ്ടാൽ തന്നെ പെൺകുട്ടി അത് മനഃപൂർവ്വം ക്രിയേറ്റ് ചെയ്യുന്നതാണെന്ന് വ്യക്തമാണ്. വീഡിയോ എടുക്കാൻ സൗകര്യത്തിന് മാറി നിൽക്കുകയും റീച്ച് കിട്ടാൻ വേണ്ടി പരമാവധി മുതലെടുക്കുകയും ചെയ്തുവെന്ന് സുഹൃത്ത് ആരോപിക്കുന്നു. യുവാവിൻ്റെ വീട്ടുകാരോട് ആലോചിച്ച ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് സുഹൃത്ത് അറിയിച്ചു. വക്കീലിനെ കണ്ട് സംസാരിക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ആ സമയത്ത് അറിയിക്കുകയോ നിയമസംവിധാനങ്ങളെ സമീപിക്കുകയോ ചെയ്യണമായിരുന്നു. അല്ലാതെ റീച്ചിന് വേണ്ടി ഒരാളെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നത് ക്രൂരതയാണെന്ന് സുഹൃത്ത് പറഞ്ഞു. വീഡിയോ പ്രചരിച്ചതോടെ അവൻ കടുത്ത മാനസിക വിഷമത്തിലായിരുന്നു. അവന്റെ സ്വരത്തിലെ വ്യത്യാസത്തിൽ നിന്ന് തന്നെ ആ വിഷമം മനസ്സിലാക്കാൻ സാധിക്കുമെന്ന് സുഹൃത്ത് പറഞ്ഞു.

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് (41) സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് പിന്നീലെ ആത്മഹത്യ ചെയ്തത്. ഇന്നുരാവിലെയാണ് യുവാവിനെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക്കിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളാണ് കുടുംബവും സുഹൃത്തുക്കളും ഉന്നയിക്കുന്നത്.

സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ പോയിരുന്നു.തിരക്കുള്ള ബസില്‍ ദീപക് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് ഒരു യുവതി സെല്‍ഫി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ വിഷയത്തില്‍ ദീപക് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ദീപക് അത്തരത്തില്‍ മോശമായി പെരുമാറില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. അതേസമയം, ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവ് തനിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചെന്നാണ് യുവതി പറയുന്നത്.

'ശരീരത്തില്‍ സ്പര്‍ശിച്ചത് തെറ്റായ ഉദ്ദേശത്തോടെയാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചത്. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവം. വടകര പൊലീസില്‍ വിവരമറിയിച്ചിരുന്നു. വീഡിയോ പകര്‍ത്തുന്നത് യുവാവ് കണ്ടതാണ്. അതോടെ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു. തുടര്‍ന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്'- യുവതി പറഞ്ഞു.

Tags:    

Similar News