വൈറലാവാൻ എന്ത് വൃത്തികേടും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി; ഇരയാക്കപ്പെടുന്നത് സാധാരണക്കാരായ മനുഷ്യർ; വീഡിയോ കണ്ടപ്പോൾ അതിൽ അസാധാരണമായി ഒന്നുമില്ലെന്ന് തോന്നി; ഇതിനൊക്കെ ഗൾഫിലെ നിയമങ്ങൾ തന്നെയാണ് നല്ലത്; പരസ്യമായി വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രവീൺ രവി
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി വ്യക്തിഹത്യ നടത്തുന്ന പ്രവണത സാധാരണക്കാരുടെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയെന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് പ്രവീൺ രവി. ബസ് യാത്രയ്ക്കിടെ പകർത്തിയ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യാത്രക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രവീൺ പ്രതികരിച്ചത്. വൈറലായ വീഡിയോ കണ്ടപ്പോൾ അതിൽ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്ന് പ്രവീൺ പറഞ്ഞു.
"എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് അവിടെവച്ച് ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ പോലീസിനെ അറിയിക്കുകയോ ആണ് വേണ്ടത്. അതിനുപകരം വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ട് വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാനാവില്ല," അദ്ദേഹം വ്യക്തമാക്കി. സ്വന്തം നേട്ടത്തിനായി നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പ്രശസ്തിയും പണവും നേടാൻ ശ്രമിക്കുന്നവർ ജനാധിപത്യ പ്രിവിലേജുകൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങളിലെ കർശനമായ നിയമങ്ങളെ പ്രവീൺ കുറിപ്പിൽ പരാമർശിച്ചു. അവിടെ ഇത്തരം സാഹചര്യങ്ങളിൽ പകർത്തിയ വീഡിയോകൾ പോലീസിന് കൈമാറാൻ മാത്രമേ സാധിക്കൂ എന്നും, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമാനമായ നിയമങ്ങൾ ഇവിടെയും അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവീൺ രവിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ വേണ്ടി എന്ത് വൃത്തികേടും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇവിടെ ഇരയാക്കപ്പെടുന്നത് സാധാരണക്കാരായ മനുഷ്യരാണ്. ഈ പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസം ഞാൻ കണ്ടിരുന്നു, വീഡിയോ കണ്ടപ്പോഴും അതിൽ അസാധാരണമായി ഒന്നുമില്ലല്ലോ എന്ന് തോന്നിയിരുന്നു.. എന്നിട്ടും അവർ ആവർത്തിച്ച് പറയുന്നത് അയാൾ മനപ്പൂർവം തട്ടിമുട്ടി എന്നൊക്കെയാണ്..
ഇനി അങ്ങനെയാണേ തന്നെ, അതവിടെവച്ച് ചോദ്യം ചെയ്യുകയും മറ്റാളുകൾ ഇടപെടുകയും ചെയ്ത് പ്രശ്നം അവസാനിച്ചേനെ. ഇനിയും അതുമല്ല എങ്കിൽ പോലീസിൽ പരാതി കൊടുക്കുക.. വീഡിയോ പിടിച്ച തെളിവുകൾ പോലീസിൽ ഏൽപ്പിക്കുക. അതിനുപകരം പരസ്യമായി സോഷ്യൽ മീഡിയയിൽ ഇട്ട് വ്യക്തിഹത്യ ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.
ഇക്കാര്യത്തിൽ ഒക്കെ ഗൾഫിലെ നിയമങ്ങൾ തന്നെയാണ് നല്ലത്. അവിടെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായാൽ വീഡിയോ എടുത്തിട്ടുണ്ടെങ്കിൽ തന്നെ അത് പോലീസിൽ ഏൽപ്പിക്കാനേ സാധിക്കു ..അല്ലാതെ സ്വന്തമായി സോഷ്യൽ മീഡിയയിൽ ഇട്ട് റീച്ച് ഉണ്ടാക്കാൻ സമ്മതിക്കില്ല. സംസ്കാരശൂന്യരായ, നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്ന, പ്രശസ്തിക്കും പണത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളുകളുടെ മുന്നിൽ ജനാധിപത്യ നിയമങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും അതിലെ പ്രിവിലേജുകളും മറ്റുള്ളവർക്ക് പാരയായി മാറും.
ആ മനുഷ്യൻ ആത്മഹത്യ ചെയ്തതിലും നമുക്കെല്ലാവർക്കും പങ്കുണ്ട്.. ഇങ്ങനെ ഒരു വീഡിയോ പ്രചരിക്കുമ്പോഴേക്കും സത്യം അറിയാതെ തന്നെ, കോഴി, പെണ്ണുപിടിയ, പീഡന വീരാ എന്നൊക്കെ വിളിച്ച് അയാളെ അപമാനിക്കുന്ന ഈ സമൂഹവും അയാളുടെ മരണത്തിൽ ഉത്തരവാദിയാണ്.. ആ അപമാനം ഭയന്ന് ആയിരിക്കുമല്ലോ അയാൾ ആത്മഹത്യ ചെയ്തിട്ടുണ്ടാവുക..
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് (41) സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് പിന്നീലെ ആത്മഹത്യ ചെയ്തത്. ഇന്നുരാവിലെയാണ് യുവാവിനെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക്കിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളാണ് കുടുംബവും സുഹൃത്തുക്കളും ഉന്നയിക്കുന്നത്.
സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ പോയിരുന്നു.തിരക്കുള്ള ബസില്‍ ദീപക് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് ഒരു യുവതി സെല്‍ഫി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ വിഷയത്തില്‍ ദീപക് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ദീപക് അത്തരത്തില്‍ മോശമായി പെരുമാറില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. അതേസമയം, ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവ് തനിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചെന്നാണ് യുവതി പറയുന്നത്.
'ശരീരത്തില്‍ സ്പര്‍ശിച്ചത് തെറ്റായ ഉദ്ദേശത്തോടെയാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചത്. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവം. വടകര പൊലീസില്‍ വിവരമറിയിച്ചിരുന്നു. വീഡിയോ പകര്‍ത്തുന്നത് യുവാവ് കണ്ടതാണ്. അതോടെ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു. തുടര്‍ന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്'- യുവതി പറഞ്ഞു.
