അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നിഷേധിച്ച് ബ്രിട്ടന്‍; വിസയുടെ ദുരുപയോഗം തടയാനെന്ന് വിശദീകരണം; 21 കാരിയെ ലൈംഗിക പീഢനത്തിന് ഇരയാക്കി അഫ്ഗാന്‍ അഭയാര്‍ത്ഥിയെ നാടുകടത്തുന്നു

അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നിഷേധിച്ച് ബ്രിട്ടന്‍

Update: 2026-03-04 05:32 GMT

ലണ്ടന്‍: നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തൊഴിലാളികളും ബ്രിട്ടനിലേക്ക് വരുന്നത് നിരോധിച്ചുകൊണ്ട് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് ഉത്തരവിറക്കി. വിസയെടുത്ത് യു കെയില്‍ എത്തിയതിനു ശേഷം അഭയത്തിനായി അപേക്ഷിക്കുന്ന പതിവാണ് ഇത്തരത്തിലൊരു നടപടിക്ക് ഹോം സെക്രട്ടറിയെ പ്രേരിപ്പിച്ചത് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിസയുടെ ഇത്തരത്തിലുള്ള ദുരുപയോഗം തടയുക എന്നത് ഉദ്ദേശിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് ഹോം ഓഫീസ് പറയുന്നത്. വര്‍ക്കര്‍ വിസയും, സ്റ്റുഡന്റ് വിസയും രാജ്യത്തേക്ക് പിന്‍വാതില്‍ വഴി പ്രവേശിക്കുന്നതിനുള്ള മാര്‍ഗ്ഗമായാണ് പലരും കാണുന്നതെന്നും ഹോം ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.

ഇത്തരത്തില്‍ എത്തിയ പലരെയും ബ്രിട്ടനിലെ നികുതിദായകരുടെ ചെലവില്‍ അഭയാര്‍ത്ഥി ഹോട്ടലുകളില്‍ താമസിപ്പിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഇതാദ്യമായി അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, സുഡാന്‍, മ്യാന്മാര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഹോം സെക്രട്ടറി ഔദ്യോഗിക വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബ്രിട്ടന്റെ ഉദാരമനസ്‌കത ചൂഷണം ചെയ്യുകയാണെന്നായിരുന്നു ഉത്തരവിറക്കിക്കൊണ്ട് ഷബാന മഹ്‌മൂദ് പറഞ്ഞത്.

2021 ന് ശേഷം ഈ രാജ്യങ്ങളില്‍ നിന്നും വിസയില്‍ ബ്രിട്ടനിലെത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം ആറ് മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. വര്‍ക്കര്‍ വിസ ദുരുപയോഗം ചെയ്യുന്നു എന്നതിനാല്‍ അഫ്ഗാനിസ്ഥാനിലുള്ളവര്‍ക്ക് വര്‍ക്കര്‍ വിസ നല്‍കുന്നതും തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്

21 കാരിയെ ലൈംഗികപീഢനത്തിനിരയാക്കിയ അഫ്ഗാന്‍ അഭയാര്‍ത്ഥിയെ നാടുകടത്തുന്നു

ലണ്ടന്‍ ബ്രിഡ്ജിലെ ഒരു പിസ ഷോപ്പില്‍ വെച്ച് കണ്ടുമുട്ടിയ 21 കാരിയെ ലൈംഗിക പീഢനത്തിനിരയാക്കിയ അബിദ് ഷെര്‍സാദ് എന്ന 25 കാരനെ 2 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കുന്നതോടെ നാടുകടത്തും. ഇരയുടെ ഭക്ഷണത്തിന്റെ പണം നല്‍കിയ ഇയാള്‍ അവരെയും കൂട്ടി ഭക്ഷണം കഴിക്കുന്നതിനായി അടുത്തുള്ള ഒരു ബെഞ്ചില്‍ പോയി ഇരിക്കുകയായിരുന്നു. അവിടെ വെച്ച് ഉറങ്ങിപ്പോയ ഇരയെ ചുംബിച്ചും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചും അബിദ് ഷെര്‍സാദ് ഉണര്‍ത്താന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

ഇതുകണ്ട ഒരു വഴിപോക്കന്‍ ശബ്ദമുയര്‍ത്തിയതോടെ അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഇയാളുടെ ഡി എന്‍ എ പരിശോധനയില്‍ ഇയാള്‍ കുറ്റക്കാരനെന്ന് തെളിയുകയായിരുന്നു. തുടര്‍ന്നാണ് ഓള്‍ഡ് ബെയ്‌ലി കോടതി ഇയാള്‍ക്ക് രണ്ട് വര്‍ഷത്തെ തടവ് വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ ഇയാളെ നാടുകടത്താനും കോടതി വിധിച്ചിരുന്നു. മാത്രമല്ല, ജീവിതകാലമ്മ് മുഴുവന്‍ ഇയാളുടെ പേര്‍ ലൈംഗിക കുറ്റവാളികളുടെ റെജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

Tags:    

Similar News