'ജി. സുധാകരനെ പരിഗണിക്കുന്നണ്ടോ' എന്ന് ചോദ്യം; 'ഒരു പരിഗണനയും ഇല്ല.. ഹി..ഹി..ഹി...' എന്ന് എം വി ഗോവിന്ദന്‍; ജി. സുധാകരനെ പ്രകോപിപ്പിച്ചത് എ.കെ.ജി സെന്ററിലെ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഈ മറുപടിയും ചിരിയും; 63 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ? എന്തിനും തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം; ആലപ്പുഴയില്‍ സിപിഎമ്മിന് പുതിയ വെല്ലുവിളി
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിന്റെ അവഗണനയില്‍ മനംമടുത്ത് പതിറ്റാണ്ടുകള്‍ നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാന്‍ മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍ മനസ്സു കൊണ്ടു തയാറെടുത്തതോടെ ആലപ്പുഴയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തി ജി.സുധാകരന്‍ കളത്തിലിറങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ജില്ലയില്‍ കഴിഞ്ഞ കുറേ നാളുകളായി നേരിടേണ്ടിവരുന്ന അവഗണനയ്ക്കൊപ്പം സംസ്ഥാന സെക്രട്ടറിയില്‍നിന്നു നേരിടേണ്ടിവന്ന അവഹേളനവുമാണ് പാര്‍ട്ടി അംഗത്വം പുതുക്കാതെ സമൂഹമാധ്യമത്തില്‍ അതൃപ്തി പരസ്യപ്പെടുത്തി രംഗത്തെത്താന്‍ സുധാകരനെ പ്രേരിപ്പിച്ചത്. 'സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സമീപനം ഇതാണെങ്കില്‍ എന്തിനാണ് ഇനി അവിടെ നില്‍ക്കുന്നത്' എന്നാണ് സുധാകരന്‍ ഏറെ അടുപ്പമുള്ളവരോടു ചോദിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജി.സുധാകരന്‍ രംഗത്തെത്തുകയും യുഡിഎഫ് പിന്തുണ നല്‍കുകയും ചെയ്താല്‍ സിപിഎമ്മിന് അത് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഹരിപ്പാട് ഒഴികെ മറ്റ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തലെങ്കിലും ജി.സുധാകരന്‍ മത്സര രംഗത്ത് ഇറങ്ങിയാല്‍ കടുത്ത വെല്ലുവിളിയാകും. ആലപ്പുഴ ജില്ലയിലാകെ എല്‍ഡിഎഫിനെ അതു പ്രതികൂലമായി ബാധിക്കാം. പാര്‍ട്ടി അംഗത്വമില്ലാതെ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരന്, ഇപ്പോഴത്തെ പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുള്ള പാര്‍ട്ടി അനുഭാവികളുടെ ഉള്‍പ്പെടെ ശക്തമായ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. സുധാകരന്‍ കളത്തിലിറങ്ങിയാല്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വത്തിനും അനുകൂല സമീപനമാണെന്നാണു സൂചന.
സിപിഎം ജില്ലാ, സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവുമായി കഴിഞ്ഞ കുറേ നാളുകളായി ജി.സുധാകരന്‍ തുടര്‍ന്നു പോരുന്ന അസ്വാരസ്യങ്ങളാണ് ഒടുവില്‍ പാര്‍ട്ടിയില്‍നിന്നു പുറത്തേക്കു പോകുന്ന തരത്തിലുള്ള പൊട്ടിത്തെറിയിലേക്കു കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവച്ച പല പദ്ധതികളുടെയും ഉദ്ഘാടനച്ചടങ്ങില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനും സുധാകരന്റെ പേരുള്ള ഫലകങ്ങള്‍ മാറ്റാനും നടന്ന ശ്രമങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് അനുകൂല വേദികളില്‍ സുധാകരന്‍ എത്തുകയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടാകുകയും ചെയ്തു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി സുധാകരന്‍ രൂക്ഷവിമര്‍ശനവും നടത്തിയിരുന്നു.
മുറിവേറ്റ സുധാകരന്‍
കഴിഞ്ഞ ദിവസം കൂടിയ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ ജി.സുധാകരനെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ 'അത് ക്ലോസ്ഡ് ചാപ്റ്റര്‍' ആണെന്നാണ് മുതിര്‍ന്ന സംസ്ഥാന നേതാവ് പ്രതികരിച്ചത്. ഇതിനു ശേഷം തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജി.സുധാകരന്റെ കാര്യത്തില്‍ എന്തെങ്കിലും പരിഗണനയുണ്ടോ എന്ന ചോദ്യത്തിന് ഒരു പരിഗണനയും ഇല്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. തുടര്‍ന്ന് ഗോവിന്ദനും മാധ്യമപ്രവര്‍ത്തകരും ചിരിക്കുന്ന വിഡിയോ സുധാകരന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
ഫെബ്രുവരി 28-ന് എ.കെ.ജി സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനമാണ് സുധാകരന്റെ തീരുമാനത്തില്‍ നിര്‍ണ്ണായകമായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 'സുധാകരന് ഒരു പരിഗണനയുമില്ല' എന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടിയും അതിനുപിന്നാലെ അദ്ദേഹം നടത്തിയ പൊട്ടിച്ചിരിയുമാണ് സുധാകരനെ മുറിപ്പെടുത്തിയത്. തന്നെ പരസ്യമായി അപമാനിച്ച ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ആ 8 സെക്കന്‍ഡും ഒരു പൊട്ടിച്ചിരിയും
ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് സി.പി.എം ആസ്ഥാനമായ തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചോദ്യങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ 'ജി. സുധാകരനെ പരിഗണിക്കുന്നണ്ടോ' എന്ന് ചോദിക്കുന്നു. 'ഒരു പരിഗണനയും ഇല്ല..' എന്ന് ഉടനടി മറുപടി. തുടര്‍ന്ന് പൊട്ടിച്ചിരിക്കുന്നു. സംസ്ഥാന സെക്രട്ടറിയുടെ ഈ ഒരു ഉത്തരവും പൊട്ടിച്ചിരിയുമാണ് 63 വര്‍ഷക്കാലത്തെ സി.പി.എം ബന്ധം ഉപേക്ഷിക്കാന്‍ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സമിതിയംഗവുമായ ജി. സുധാകരനെ പ്രേരിപ്പിച്ചത്. സി.പി.എം സംസ്ഥാന കമ്മിറ്റി ഔദ്യോഗിക ഫേസ്ബുക് പേജില്‍ പങ്കുവെച്ച ഈ വാര്‍ത്ത സമ്മേളനത്തിന്റെ പൂര്‍ണരൂപത്തില്‍നിന്ന് 8 സെക്കന്‍ഡുള്ള പ്രസ്തുത ഭാഗം മുറിച്ചെടുത്ത് പങ്കുവെച്ചാണ് സുധാകരന്‍ തന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.
പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനയും അപമാനവും തന്നെ എത്രത്തോളം മുറിപ്പെടുത്തിയെന്ന് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ നടത്തിയപ്പോള്‍, അക്കാലത്ത് ജയില്‍വാസവും മര്‍ദ്ദനവും അനുഭവിച്ച ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയായിട്ടും ആ പരിപാടിയിലേക്ക് ക്ഷണിച്ചില്ല. 43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും -അദ്ദേഹം വ്യക്തമാക്കി.
താന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോള്‍ ശബരിമലയിലെ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയില്ലെന്നും താനിരുന്ന മൂന്നരവര്‍ഷം ഒരു അഴിമതിയും നടന്നിട്ടില്ലെന്നുമുള്ള സുധാകരന്റെ പ്രതികരണം സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തോടെ ജില്ലാ നേതൃത്വം നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ പരിഹാസത്തില്‍ മുറിവേറ്റ് സുധാകരന്‍ അറ്റകൈ പ്രയോഗത്തിനൊരുങ്ങുന്നത്.
ജനപ്രിയനായ മന്ത്രി
1996-ല്‍ കായംകുളത്തുനിന്ന് സഭയിലെത്തിയ സുധാകരന്‍, പിന്നീട് 2006 മുതല്‍ 2021 വരെ അമ്പലപ്പുഴ മണ്ഡലത്തെയും പ്രതിനിധീകരിച്ചു. 2006-11 കാലത്തെ വി.എസ്. മന്ത്രിസഭയില്‍ സഹകരണ, ദേവസ്വംവകുപ്പും 2016-21 കാലത്തെ പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത്, രജിസ്ട്രഷന്‍ വകുപ്പ് മന്ത്രിയുമായിരുന്നു. ജനപ്രതിനിധി എന്ന നിലയ്ക്കും അഴിമതിരഹിതനായ മന്ത്രി എന്ന നിലയ്ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ സുധാകരനെ ജനപ്രിയനാക്കി.
ഒരുകാലത്ത് കടുത്ത വി.എസ്. അനുയായി ആയിരുന്നു സുധാകരന്‍. പിന്നീട് പാര്‍ട്ടിയില്‍ വി.എസ്.-പിണറായി പോരാട്ട കാലത്ത് പിണറായി പക്ഷത്തേക്ക് മാറി ആലപ്പുഴയിലെ പാര്‍ട്ടിയെ ഒപ്പം നിര്‍ത്തി. 2001-ല്‍ കായംകുളം മണ്ഡലത്തില്‍നിന്നുള്ള തോല്‍വിക്ക് പിന്നാലെയായിരുന്നു ആ മാറ്റം. പാര്‍ട്ടിയിലെ ശാക്തിക സമവാക്യങ്ങള്‍ മാറിമറിയുകയും വി.എസ്. പക്ഷം ദുര്‍ബലമാവുകയും ചെയ്തതോടെ ആലപ്പുഴയില്‍ സുധാകരന്‍ ശക്തനായി. ഒരിക്കല്‍ വി.എസ്സിന്റെ വിശ്വസ്തനായിരുന്ന സുധാകരന്‍ പിണറായി വിജയന്റെ ആലപ്പുഴയിലെ അവസാനവാക്കായി മാറി.
2002-ല്‍ വിഭാഗീതയുടെ കാലത്ത് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് സുധാകരനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നീട് സംസംസ്ഥാനസമ്മേളനത്തില്‍ തിരിച്ചെത്തുകയായിരുന്നു. അതിനിടെ ജില്ലയില്‍ ജി. സുധാകരന്‍-ടി.എം. തോമസ് ഐസക്ക് പക്ഷങ്ങള്‍ വളര്‍ന്നെങ്കിലും മേല്‍കൈ എല്ലാകാലത്തും ജി.സുധാകരന് തന്നെയായിരുന്നു. ഇന്ന് ആലപ്പുഴയിലെ തലപ്പൊക്കമുള്ള പല നേതാക്കന്മാരുടെയും വളര്‍ച്ചയില്‍ ചെറുതല്ലാത്ത പങ്ക് സുധാകരനുണ്ട്. അവരില്‍ നിന്നടക്കമാണ് സുധാകരന്‍ എതിര്‍പ്പ് നേരിടേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
അമ്പലപ്പുഴയിലെ പുതിയ അങ്കത്തട്ട്?
സുധാകരന്റെ പടിയിറക്കം ആലപ്പുഴയിലെ സി.പി.എമ്മിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. യു.ഡി.എഫ് അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് ആലപ്പുഴ ജില്ലയിലാകെ എല്‍.ഡി.എഫിന് തിരിച്ചടിയായേക്കാം. 'ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കും' എന്ന് പ്രഖ്യാപിച്ച സുധാകരന്‍, പാര്‍ട്ടിയുടെ ചട്ടക്കൂടിന് പുറത്ത് എന്ത് നിലപാട് സ്വീകരിക്കും എന്നതിലായിരിക്കും ഇനി കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ.
