കക്കൂസ് കഴുകലും അടിച്ചു തുടയ്ക്കലും പാര്‍ശ്വവല്‍കൃത ജാതികള്‍ക്ക്! ജയിലിലെ ജാതിവിവേചനത്തില്‍ സുപ്രീംകോടതി ഇടപെടല്‍ നിര്‍ണ്ണായകം; ജയില്‍ രജിസ്റ്ററുകളില്‍ നിന്ന് ജാതിക്കോളം മാറും; ജയിലുകളില്‍ 'തുലത്യ'യ്ക്ക് മാന്വല്‍ പരിഷ്‌കരണവും

എല്ലാ സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണം

Update: 2024-10-04 02:30 GMT

ന്യൂഡല്‍ഹി: തടവുകാരുടെ ജാതി നോക്കി തൊഴിലുകള്‍ വീതിച്ചുനല്‍കുന്ന സമ്പ്രദായം ഇനി ജയിലുകളില്‍ നടക്കില്ല. കേരളത്തില്‍ ഇത്തരമൊരു ജാതി വിവേചന പരാതി ഉയര്‍ന്നിട്ടേ ഇല്ല. എന്നാല്‍ ഉത്തരേന്ത്യയിലെ ജയിലുകളില്‍ തടവുകാരുടെ ജാതിയും ജോലി നല്‍കുന്നതില്‍ നോക്കും. ഇതിനാണ് സുപ്രീംകോടതി തടയിടുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ തടവുകാരുടെ ജാതി നോക്കി തൊഴിലുകള്‍ വീതിച്ചുനല്‍കുന്ന സമ്പ്രദായം ഉടന്‍ നിര്‍ത്തണമെന്ന് സുപ്രീംകോടതി പറയുമ്പോള്‍ ആ വിധിക്ക് സാമൂഹിക പ്രസക്തി ഏറെയാണ്.

ജയില്‍ രജിസ്റ്ററുകളില്‍ നിന്ന് ജാതിക്കോളവും തടവുകാരുടെ ജാതി സൂചിപ്പിക്കുന്ന വിവരങ്ങളും നീക്കണം. ജയിലുകളിലെ തൊഴിലിലും ജാതി വിവേചനം തുടരുന്നത് ഭരണഘടനാവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു. എല്ലാവരും ജയിലില്‍ ഇനി സമന്മാരാകും. ജാതി വിവേചനത്തിന അറുതി വരുത്തുകയാണ് നിര്‍ണ്ണായക വിധിയിലൂടെ സുപ്രീംകോടതി. ജയിലുകളിലെ ജാതിവിവേചനത്തെ കുറിച്ച് 'ദി വയര്‍' വാര്‍ത്താപോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തക സുകന്യാശാന്ത നല്‍കിയ കേസിലാണ് സുപ്രീംകോടതി ഇടപെടല്‍. ഹര്‍ജി തീര്‍പ്പാക്കിയ കോടതി വിഷയത്തില്‍ സ്വമേധയാകേസെടുത്ത് മുന്നോട്ടുപോകുമെന്ന് അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളും ജയില്‍ ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണം. ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഒരുതരത്തിലുള്ള വിവേചനവും ജയിലുകളില്‍ പാടില്ല. സംരക്ഷണം നല്‍കുന്നതിന് മാത്രമേ ജാതി കണക്കിലെടുക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും ജാതി വിവേചനം നിലനില്‍ക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കേരളത്തിനെതിരെ ആരും ജാതി വിവേചന ഉയര്‍ത്തിയില്ല. മറ്റ് വിഷയങ്ങളാണ് കേരളത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

'സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ നിലനില്‍ക്കുന്നത് ദുഃഖകരമാണ്. പാര്‍ശ്വവല്‍കൃത ജാതികളില്‍ നിന്നുള്ളവരെ അടിച്ചുതുടയ്ക്കല്‍, വൃത്തിയാക്കല്‍ ജോലികള്‍ക്ക് നിയോഗിക്കുമ്പോള്‍ മേല്‍ജാതിക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ക്ക് പാചകജോലികളും മറ്റുമാണ് നല്‍കുന്നത്. ഇത്തരം തൊഴില്‍വിഭജനങ്ങള്‍ തുല്യത വാഗ്ദാനം ചെയ്യുന്ന, വിവേചനങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദങ്ങളുടെ ലംഘനമാണ്'- ജസ്റ്റിസുമാരായ ജെ ബി പര്‍ധിവാല, മനോജ്മിശ്ര എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് വിധിന്യായത്തില്‍ വിശദീകരിച്ചു.

പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ ജനിച്ചവരായത് കൊണ്ട് മാത്രം ചിലര്‍ കക്കൂസ് വൃത്തിയാക്കണമെന്നും തൂത്തുവാരിത്തുടയ്ക്കണമെന്നും അനുശാസിക്കുന്നത് ചൂഷണമാണ്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക അവസ്ഥകളുടെ പേരില്‍ അവരെ തൊഴില്‍പരമായി ചൂഷണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഉത്തരവിലുണ്ട്. സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലുകളില്‍ കാതലായ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ജയില്‍ ചട്ടങ്ങളില്‍ സമ്പൂര്‍ണ്ണ പൊളിച്ചെഴുത്താണ് സുപ്രീംകോടതി ആഗ്രഹിക്കുന്നത്.

2016ലെ മാതൃകാ ജയില്‍ മാന്വലില്‍ സംസ്ഥാനങ്ങളും 2013ലെ പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ആക്റ്റില്‍ കേന്ദ്രസര്‍ക്കാരും മാറ്റം വരുത്തണം. എല്ലാ സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണം. മൂന്നുമാസത്തിനുശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

Tags:    

Similar News