ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം; എല്‍എല്‍ബി പഠിക്കാന്‍ പറ്റുമോ എന്നതാണ് ചിന്തയെന്ന് അന്‍വര്‍; മഞ്ചേരിയിലും ഫോണ്‍ ചോര്‍ത്തലില്‍ കേസ്; മറുനാടനെ 'ചെസ്റ്റ് നമ്പറിട്ട്' പൂട്ടാനിറങ്ങിയ അന്‍വറിക്കയെ തളയ്ക്കുമോ കേരളാ പോലീസ്?

ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്

Update: 2024-10-04 05:51 GMT

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ വീണ്ടും പൊലീസ് കേസ്. ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറം അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. ഇതോടെ അന്‍വറിന് കരുക്കു മുറുകും. ഇനിയും കേസുകള്‍ അന്‍വറിനെതിരെ വന്നേക്കും. ഒരു കൊലപാതക കേസില്‍ കോടതിയില്‍ പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടും ഇനി നിര്‍ണ്ണായകമാകും. അങ്ങനെ അന്‍വറിനെ കേരളാ പോലീസ് നോട്ടമിടുകയാണ്.

അരീക്കോട് ക്യാമ്പില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോണ്‍ ചോര്‍ത്തിയെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അന്‍വര്‍ ഔദ്യോഗിക രഹസ്യം ചോര്‍ത്തി എന്നാണ് എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആധാരമാക്കി ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതും ജാമ്യമുള്ള കേസാണെന്നാണ് സൂചന. മുമ്പിട്ടതും ജാമ്യമുള്ള വകുപ്പിലെ കേസാണ്.

മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി അന്‍വര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ ആരോപണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്‍വര്‍ ഫോണ്‍ ചോര്‍ത്തല്‍ ഉന്നയിച്ചത്. എഡിജിപി മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപണം ഒന്നിലധികം പ്രാവശ്യം അന്‍വര്‍ ഉന്നയിച്ചു. മാവോയിസ്റ്റ് നിരീക്ഷണത്തിന്റെ മറവില്‍ ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം. മറുനാടന്‍ മലയാളിയെ ചെസ്റ്റ് നമ്പര്‍ ഇട്ട് പൂട്ടാനുള്ള അന്‍വറിന്റെ ശ്രമം കോടതി ഇടപെടലുകളിലൂടെ പൊളിഞ്ഞിരുന്നു. അന്ന് വീരവാദം പറഞ്ഞ അന്‍വര്‍ ഇപ്പോള്‍ 'ഇര' വാദവുമായി പ്രതിരോധത്തിന് എത്തുകയാണ്.

അതോടൊപ്പം താന്‍ ഫോണ്‍ ചോര്‍ത്തിയതായി സ്വന്തമായി അന്‍വര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ മുന്‍പും പി വി അന്‍വറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോട്ടയം സ്വദേശിയുടെ പരാതിയിലാണ് കറുകച്ചാല്‍ പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് കേസ്. ഇത് ജാമ്യമുള്ള വകുപ്പ് പ്രകാരമുള്ള കേസായിരുന്നു. ഇനിയും കേസുകള്‍ അന്‍വറിനെതിരെ വരുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇരവാദം ചര്‍ച്ചയാക്കുകയാണ് അന്‍വര്‍.

അതിനിടെ കേസില്‍ പ്രതികരണവുമായി അന്‍വറും രംഗത്തു വന്നു. താന്‍ കുത്തുന്നത് കൊമ്പനോടാണ്, തന്നെ വളഞ്ഞിട്ട് കുത്താന്‍ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും പി വി അന്‍വര്‍ പരിസഹിച്ചു. തനിക്കെതിരെ കേസുകള്‍ ഇനിയും വന്നു കൊണ്ടോയിരിക്കാം. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. എല്‍എല്‍ബി പഠിക്കാന്‍ പറ്റുമോ എന്നതാണ് ചിന്തിക്കുന്നതെന്നും പി വി അന്‍വര്‍ പരിഹസിച്ചു. ഫോണ്‍ ചോര്‍ത്തുന്നതില്‍ കേസില്ല. ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് പറഞ്ഞതിലാണ് കേസ് ഇതെന്ത് നീതിയാമെന്ന് പി വി അന്‍വര്‍ ചോദിച്ചു.

അതേസമയം, നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. ഞായറാഴ്ച്ച സമ്മേളനത്തിന് ശേഷം തിങ്കളാഴ്ച്ച സഭയിലെത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. നിയമസഭയില്‍ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും സീറ്റില്ലങ്കില്‍ നിലത്തിരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതില്‍ ഉത്തരവാദിത്വം എല്‍ഡിഎഫിനാണ്. സിപിഎമ്മിന് എന്നെ പ്രതിപക്ഷമാക്കാന്‍ വ്യഗ്രതയാണെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു.

പി ശശിയുടെ വക്കീല്‍ നോട്ടീസിനെ നേരിടുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല. തനിക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെയല്ല എഴുതിക്കൊടുത്ത് വിളിപ്പിക്കുന്നവരെ അതേ പോലെ നേരിടും. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ ഉടന്‍ തന്നെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് തനിക്കും അറിയാം. സസ്‌പെന്റ് ചെയ്യുകയാണ് വേണ്ടത്. അത് ചെയ്യില്ല. തന്നെ കുറ്റവാളിയായി ജയിലിലടക്കാനാണ് നീക്കം. പാവപ്പെട്ട സഖാക്കള്‍ ഇത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News