ഒരു ലൈക്കിന് ഒരു സ്കിപ്പിങ്; ഭാരം കുറയ്ക്കാൻ വെല്ലുവിളി ഏറ്റെടുത്ത ഏഴുവയസ്സുകാരന് പണി പാളി; വീഡിയോയ്ക്ക് കിട്ടിയത് 18 ലക്ഷം ലൈക്കുകൾ; അച്ഛന്റെ കൊച്ചു തന്ത്രം വൈറലായപ്പോൾ മകൻ പെട്ട പാട്
ബീജിങ്: ശരീരഭാരം കുറയ്ക്കാൻ കഠിനപ്രയത്നം ചെയ്യുന്ന മുതിർന്നവർക്ക് പോലും മാതൃകയാവുകയാണ് ചൈനയിലെ ഒരു ഏഴുവയസ്സുകാരൻ. എന്നാൽ കക്ഷി ഏറ്റെടുത്ത വെല്ലുവിളി ഇപ്പോൾ അല്പം 'കൈവിട്ടു' പോയ അവസ്ഥയിലാണ്. വീഡിയോയ്ക്ക് ലഭിക്കുന്ന ഓരോ ലൈക്കിനും പകരമായി ഓരോ തവണ സ്കിപ്പിങ് ചെയ്യാമെന്നായിരുന്നു ടാങ്‌ഡൗ എന്ന മിടുക്കന്റെ വാഗ്ദാനം. വീഡിയോ വൈറലായതോടെ ലഭിച്ചത് 18 ലക്ഷം ലൈക്കുകൾ! ഇപ്പോൾ 18 ലക്ഷം തവണ ചാടിത്തീർക്കേണ്ട അവസ്ഥയിലാണ് ഈ കൊച്ചു താരം.
ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ഹേ എന്ന പിതാവാണ് മകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏഴു വയസ്സുകാരനായ ടാങ്‌ഡൗവിന് 45 കിലോയാണ് ഭാരം. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ട ശരാശരി ഭാരത്തേക്കാൾ (19-26 കിലോ) വളരെ കൂടുതലാണിതെന്ന് കണ്ടതോടെയാണ് പിതാവ് മകനെ വ്യായാമത്തിലേക്ക് തിരിച്ചുവിട്ടത്.
വെറുതെ സ്കിപ്പിങ് ചെയ്യിക്കുന്നതിന് പകരം രസകരമായ ഒരു കരാറും അച്ഛനും മകനും തമ്മിലുണ്ട്. ഓരോ അരക്കിലോ കുറയുമ്പോഴും അച്ഛൻ മകന് 10 യുവാൻ (ഏകദേശം 120 രൂപ) സമ്മാനം നൽകും. മറിച്ച് ഭാരം കൂടിയാൽ മകൻ അച്ഛന് പണം തിരിച്ചു നൽകണം. സ്കൂളിൽ നിന്നുള്ള സ്കിപ്പിങ് ഹോംവർക്ക് കൂടി വന്നതോടെ ടാങ്‌ഡൗ ഉത്സാഹത്തിലായി.
എന്നാൽ വീഡിയോ പോസ്റ്റ് ചെയ്ത് ഒറ്റദിവസം കൊണ്ട് ലൈക്കുകൾ പ്രവഹിച്ചതോടെ അച്ഛനും മകനും ഞെട്ടി. 18 ലക്ഷം തവണ സ്കിപ്പിങ് ചെയ്യുക എന്നത് ഒരു ഏഴുവയസ്സുകാരന് അസാധ്യമാണെന്നും, അമിതമായ വ്യായാമം കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ മകനെ നിർബന്ധിക്കാതെ രസകരമായ രീതിയിൽ വ്യായാമത്തിന് പ്രേരിപ്പിച്ച പിതാവിനെ അഭിനന്ദിക്കുന്നവരും കുറവല്ല. "ഇത്രയും ലൈക്ക് വരുമെന്ന് അച്ഛൻ കരുതിക്കാണില്ല, ഇപ്പോൾ മകന്റെ കൂടെ അച്ഛനും ചാടേണ്ടി വരുമല്ലോ" എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന രസകരമായ കമന്റുകൾ.