അമ്മയുടെ സഹപ്രവര്‍ത്തകന്‍, അടുത്ത സുഹൃത്ത്; മകളുമായി വഴിവിട്ട ബന്ധം; പരസ്പരം അകന്നതോടെ കുടുംബജീവിതം തകര്‍ക്കുമെന്ന ഭീഷണി; പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഒന്നിച്ച് ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു; വകവരുത്തി റെയില്‍ ട്രാക്കിലിട്ടത് 'ആത്മഹത്യ'യാക്കാന്‍; മാനസിക വിഭ്രാന്തിയോടെ പെരുമാറുന്നതും ആത്മഹത്യ ഭീഷണി മുഴക്കുന്നതും മറയാക്കി കൊലപാതകം; എല്ലാം പൊളിഞ്ഞത് ട്രാക്ക് മാറിയ അബദ്ധം

Update: 2026-02-25 09:31 GMT

കൊച്ചി: വൈറ്റില കൊലപാതകത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. ചിങ്ങവനം സ്വദേശി സുധാബേബിയുടെ കൊലപാതകം ആസൂത്രിതമല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. വാക്കുതര്‍ക്കത്തിനിടെയുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിടിയിലായ പ്രതി പൊന്നുരുന്നി സ്വദേശി ഷാജി മൊഴി നല്‍കിയത്. അതിക്രൂരമായ മര്‍ദനമേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇടയ്ക്കിടെ മാനസിക വിഭ്രാന്തിയോടെ പെരുമാറുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്ന യുവതിയെ കൊന്ന് റെയില്‍വെ ട്രാക്കിലിട്ട് ആത്മഹത്യയായി ചിത്രികരിക്കാന്‍ പ്രതി ശ്രമിച്ചത് ആസൂത്രിത നീക്കമല്ലെയെന്ന ചോദ്യമാണ് ഉയരുന്നത്.

കേസില്‍ പ്രതിയായ ഹൈക്കോടതിയിലെ ജീവനക്കാരന്‍ ഷാജിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഷാജിയും സുധയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വാക്കുതര്‍ക്കത്തിനിടെ പ്രതി സുധയുടെ മുഖത്തും കണ്ണിലും പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കല്ലില്‍ തലയിടിച്ച് രക്തം വരാന്‍ തുടങ്ങി. സുധ കരയാന്‍ തുടങ്ങിയതോടെ പ്രതി അവരുടെ വാ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് സുധ അബോധാവസ്ഥയിലാകുകയായിരുന്നു. ഒടുവില്‍ മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ മൃതദേഹം ട്രാക്കില്‍ ഉപേക്ഷിച്ച് ഷാജി കാറുമായി സ്ഥലംവിട്ടു. സംഭവം നടക്കുമ്പോള്‍ തൊട്ടപ്പുറത്ത് ഏതാനും യുവാക്കള്‍ ഇരുന്നിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

പൊന്നുരുന്നി സ്വദേശി ഷാജി ഹൈക്കോടതി ജീവനക്കാരന്‍ ആയിരിക്കെയാണ് സഹപ്രവര്‍ത്തകയായ സുധയുടെ അമ്മ വഴി സുധയോട് ബന്ധം സ്ഥാപിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹമോചിതയായ സുധയും ഷാജിയും തമ്മില്‍ ഇതിനിടയില്‍ അടുപ്പത്തിലായി. അമ്മയ്‌ക്കൊപ്പം പൂത്തോട്ടയിലാണ് സുധ താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ കുടുംബത്തെ വിവരം അറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്നും സുധ ഷാജിയോട് അറിയിച്ചു. ഈ ഭീഷണിയാണ് ഒടുവില്‍ സുധയുടെ ജീവനെടുക്കാന്‍ കാരണമായത്. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുന്നതിനായാണ് ഷാജി സുധയെ കൂട്ടിക്കൊണ്ട് വന്നത്. ഒന്നിച്ച് ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ച ശേഷമാണ് ഇരുവരും റെയില്‍വേട്രാക്കിനടുത്തേക്ക് എത്തിയത്. ഇവിടെ ഇരുവരും മുന്‍പും വന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സംസാരത്തിനിടെ സുധ പ്രകോപിതയായി. വഴങ്ങില്ലെന്ന് ഉറപ്പായതോടെ ഷാജി, സുധയുടെ മുഖത്ത് ആഞ്ഞിടിച്ചു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായയും പൊത്തിപ്പിടിച്ചു. ഇടയ്ക്കിടെ ആത്മഹത്യാ ഭീഷണിമുഴക്കാറുണ്ടായിരുന്ന സുധയുടെ മരണം ആത്മഹത്യയാക്കി തീര്‍ക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. അതിന്റെ ഭാഗമായാണ് സുധയുടെ ശരീരം റെയില്‍വേ ട്രാക്കില്‍ തള്ളിയത്. എന്നാല്‍ അത് ട്രെയിന്‍ കടന്നു പോകുന്ന ട്രാക്കായിരുന്നില്ല.

ഇതിനിടെ പലതവണ സുധയുടെ സഹോദരി ഷാജിയുടെ ഫോണില്‍ വിളിച്ചിരുന്നു. സുധ ആത്മഹത്യ ചെയ്യാന്‍ പോകുന്നെന്ന് പറഞ്ഞ് എങ്ങോട്ടോ പോയെന്നാണ് ഷാജി മറുപടി നല്‍കിയത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.

യുവതിയും ഷാജിയും ഒന്നിച്ച് നടന്നുപോകുന്നതും പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നുവരുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇയാളുടെ ശരീരത്തിലുണ്ടായ രക്തക്കറയും സംശയം വര്‍ദ്ധിപ്പിച്ചു. മൃതദേഹത്തിനരികില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞത്.ചൊവ്വാഴ്ച വെളുപ്പിന് ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. അദ്ദേഹം ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മരട് പൊലീസ് നടത്തിയ പരിശോധനയില്‍ മരണം ട്രെയിന്‍ തട്ടിയല്ലെന്ന് വ്യക്തമായി. മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

സുധയുടെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കുന്നതിനായാണ് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. എന്നാല്‍ ട്രെയിന്‍ ഓടാത്ത ട്രാക്കിലാണ് മൃതദേഹം കിടന്നത്. ഇതും കൊലപാതകമെന്ന് ഉറപ്പിക്കാന്‍ പൊലീസിനെ സഹായിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകമാണ് ഷാജിയെ പൊലീസ് പിടികൂടിയത്. ഷാജിയുടെ രക്തം പുരണ്ട ഷര്‍ട്ട് പൊലീസ് തെളിവെടുപ്പിനിടെ കണ്ടെത്തി. നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ കാക്കനാട് ഓഫിസില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാജി

Tags:    

Similar News