സ്പാര്‍ക്കിന് പിന്നാലെ കെ-സ്മാര്‍ട്ടിലെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് തേടി; ജനന-മരണ സര്‍ട്ടിഫിക്കറ്റ് എടുത്തവരും നികുതി അടച്ചവരുമടക്കം ഒരു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു; ലക്ഷ്യം 'ഡാറ്റാ ലേക്ക്' നിര്‍മിക്കലോ? സര്‍ക്കാര്‍ ചെലവില്‍ പിആര്‍ വര്‍ക്കിന് വന്‍ ഡാറ്റാ മോഷണമെന്ന് സതീശനും ചെന്നിത്തലയും; ഡാറ്റാ ചോര്‍ച്ച വീണ്ടും ചര്‍ച്ചയാകുന്നു

Update: 2026-02-25 08:58 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്വെയറായ 'സ്പാര്‍ക്കില്‍' (SPARK) നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഡിഎ (DA) സംബന്ധിച്ച സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട വിവാദം കോടതി കയറിയതിനിടെ തദ്ദേശ സ്ഥാപനങ്ങളിലെ സേവനത്തിനായുള്ള കെ.സ്മാര്‍ട്ടിലെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയതിന്റെ രേഖകള്‍ പുറത്ത്. ഇന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട രേഖ പ്രകാരം കേവലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാത്രം വിവരങ്ങളല്ല മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ മാത്രമല്ല, പൊതുജനങ്ങളുടെ വിവരങ്ങളും അവരുടെ അനുമതിയില്ലാതെ ഇത്തരത്തില്‍ ചോര്‍ത്തിയോ എന്ന സംശയമാണ് ബലപ്പെടുന്നത്.

ജനന-മരണ രജിസ്‌ട്രേഷന്‍, കെട്ടിട നികുതി തുടങ്ങി 950-ലേറെ സേവനങ്ങള്‍ക്കായി കെ-സ്മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കോടിയിലേറെ ആളുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ശേഖരിക്കാന്‍ ശ്രമിച്ചത്. വ്യക്തികളുടെ പേര്, ഫോണ്‍ നമ്പര്‍, പ്രായം, ജില്ല, താലൂക്ക്, വാര്‍ഡ് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദ്ദേശം. സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് ഏകീകൃതമായ അറിയിപ്പുകള്‍ നല്‍കുന്നതിനായി 'സെന്‍ട്രലൈസ്ഡ് നോട്ടിഫിക്കേഷന്‍ ഹബ്' രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു 'ഡാറ്റാ ലേക്ക്' (Data Lake) നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

സ്പാര്‍ക്കില്‍നിന്ന് മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ ഡിജിറ്റല്‍ പദ്ധതിയായ കെ-സ്മാര്‍ട്ടില്‍നിന്നുള്ള ഡാറ്റയും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവ റാവു വിവിധ വകുപ്പുകള്‍ക്ക് അയച്ച കത്തിലാണ് ഈ വിവരങ്ങളുള്ളത്. തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള 950-ല്‍ അധികം സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്ലാറ്റ് ഫോമാണ് കെ- സ്മാര്‍ട്ട്. ഒരു കോടിയിലേറെ വ്യക്തികളുടെ വിവരങ്ങളാണ് കെ- സ്മാര്‍ട്ടിലുള്ളതെന്നാണ് സൂചന. ആനിലയ്ക്ക്, കരുതപ്പെട്ടിരുന്നതിനേക്കാള്‍ വലിയ ഡാറ്റാ ചോര്‍ച്ച നടന്നോ എന്ന സംശയമാണ് ഉയരുന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി 'സെന്‍ട്രലൈസ്ഡ് നോട്ടിഫിക്കേഷന്‍ ഹബ്' രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു കെ-സ്മാര്‍ട്ടില്‍നിന്നുള്ള വിവരം തേടിയത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു 'ഡാറ്റാ ലേക്ക്' നിര്‍മ്മിക്കുന്നതിനായാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് കത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി കെ-സ്മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, വയസ്, ജില്ല, താലൂക്ക്, വാര്‍ഡ്, തദ്ദേശ സ്ഥാപനം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഐടി മിഷന്റെ സഹായത്തോടെഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 2026 ഫെബ്രുവരി 12-നകം വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദേശം. ഐടി മിഷനിലെ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്ററുടെ ഇമെയില്‍ വിലാസത്തിലേക്കാണ് ഈ വിവരങ്ങള്‍ അയക്കേണ്ടത്. എസ്എംഎസ്, ഇമെയില്‍, വാട്സാപ്പ്, വോയിസ് എന്നിവ വഴി തത്സമയ അറിയിപ്പുകള്‍ നല്‍കുന്നതിനും 'ഗവണ്‍മെന്റ് ഓഫ് കേരള' എന്ന പേരില്‍ ഏകീകൃത സന്ദേശങ്ങള്‍ അയക്കുന്നതിനുമാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുകയെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ അനുമതിയില്ലാതെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.'സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ മാത്രമല്ല, സാധാരണക്കാരുടെ സ്വകാര്യതയിലേക്കും സര്‍ക്കാര്‍ കടന്നുകയറുകയാണ്. ഇതിലൂടെ വന്‍തോതിലുള്ള ഡാറ്റാ ചോര്‍ച്ചയാണ് നടക്കുന്നത്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ചോര്‍ത്തിയത് ഒരുകോടിയിലധികം പേരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡേറ്റയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. കെ - സ്മാര്‍ട്ടില്‍ വിവിധ സേവനങ്ങള്‍ക്കായി റജിസ്റ്റര്‍ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ കൈമാറാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒ.എസ്.ഡി എഴുതിയ കത്തു പുറത്തു വന്നതോടെ ഡേറ്റാ ചോര്‍ച്ചയുടെ വ്യാപ്തി പതിന്‍മടങ്ങ് വര്‍ധിച്ചു.

സര്‍ക്കാര്‍ അറിയിപ്പുകളുടെ രൂപത്തിലുള്ള പ്രചരണ മെസേജുകള്‍ ജനങ്ങളിലേക്ക് സര്‍ക്കാര്‍ ചെലവില്‍തന്നെ എത്തിക്കുകയാണ് ലക്ഷ്യം എന്നും വ്യക്തമാണ്. ഐടി നിയമങ്ങളുടെയും സ്വകാര്യതയുടെയും ലംഘനമാണ് ഇതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കെ.സ്മാര്‍ട്ടിലൂടെ 936 സേവനങ്ങളാണ് നല്‍കുന്നത്. സംസഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതു ലഭ്യവുമാണ്. വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നത് മുതല്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റ് വരെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും ഫയല്‍നീക്കം അറിയുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും കെ സ്മാര്‍ട്ട് ഉപയോഗിക്കാം. നികുതി അടക്കുന്നതും കെ സ്മാര്‍ട്ടുവഴിയാക്കാം. ഈ സേവനങ്ങള്‍തേടിയിട്ടുള്ള ലക്ഷക്കണക്കിന് പേരുടെ വിവരങ്ങളടങ്ങുന്ന വമ്പന്‍ഡേറ്റാ ബേസാണ് സര്‍ക്കാരിന് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈവശം കിട്ടിയിരിക്കുന്നത്.

Tags:    

Similar News