ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റിയാല്‍ പകരം ആളെ നിയമിക്കില്ല; പോലീസ് മേധാവിയുടെ അന്വേഷണം റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് നല്‍കിയേക്കും; പോലീസ് ആസ്ഥാനത്ത് ഇനി 'ക്രമസമാധാനം' വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍

പോലീസ് ആസ്ഥാനത്ത് ഇനി 'ക്രമസമാധാനം' വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍

Update: 2024-10-03 01:41 GMT

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ഇതിന് ശേഷം എഡിജിപിയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയും എടുക്കും. എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയാല്‍ പകരം ക്രമസമാധാന ചുമതലയില്‍ എഡിജിപിയെ നിയമിച്ചേക്കില്ലെന്നും സൂചനകളുണ്ട്. പോലീസിലെ എല്ലാ അധികാരവും ഇനി പോലീസ് മേധാവിയില്‍ കേന്ദ്രീകരിക്കട്ടേ എന്നതാണ് സര്‍ക്കാര്‍ നിലപാട്. പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് അന്വേഷണത്തിന് ആധാരമായത്. ഇതില്‍ ആര്‍ എസ് എസ് നേതാക്കളുമായുള്ള ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ കൂടിക്കാഴ്ച സര്‍ക്കാരിനും തിരിച്ചടിയായി. അതുകൊണ്ട് തന്നെ ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റും.

ആര്‍ എസ് എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയില്‍ അടക്കം വീഴ്ചയുണ്ടായി എന്ന നിഗമനം പോലീസ് മേധാവിക്കുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യം സര്‍ക്കാരിനുണ്ടാകും. ആരോപണങ്ങളില്‍ തുടരന്വേഷണവും വന്നേക്കാം. അജിത് കുമാറിനെതിരായ അന്വേഷണത്തിന് പോലീസ് മേധാവിയ്ക്ക് ഒരു മാസത്തെ സമയമാണ് അനുവദിച്ചത്. അതും ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കുന്നത്.

എഡിജിപിയുടെ ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ സിപിഐ കടുത്ത നിലപാട് എടുത്തിരുന്നു. അജിത് കുമാറിനെ മാറ്റേണ്ടത് ഇടതു നയത്തിന്റെ കൂടി പ്രശ്നമാണെന്ന് സിപിഐ നിലപാട് എടുത്തു. നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ മാറ്റുന്നത്. ബുധനാഴ്ചയും എകെജി സെന്ററിലെത്തി പിണറായിയെ ബിനോയ് വിശ്വം നിലപാട് ധരിപ്പിച്ചിരുന്നു. സിപിഎം നേതൃയോഗങ്ങളും ചേരുന്നുണ്ട്. വ്യാഴാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത ദിവസം സംസ്ഥാന സമിതിയും ചേരും. ഈ യോഗങ്ങളിലും അജിത് കുമാര്‍ വിഷയം ചര്‍ച്ചയായി മാറും.

അതിനിടെയാണ് പോലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയിലുള്ള എഡിജിപി എന്ന പദവി എടുത്തു കളയാനാണ് സര്‍ക്കാര്‍ തലത്തിലെ ആലോചനയെന്ന റിപ്പോര്‍ട്ടും വരുന്നത്. ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരുന്നപ്പോഴാണ് ഇത്തരമൊരു പദവി പോലീസിന്റെ ഭാഗമായത്. എംആര്‍ അജിത് കുമാറിനെ ആ പദവിയില്‍ നിന്നും മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഏറെയാണ്. സിപിഐ അടക്കം നിലപാട് കടുപ്പിച്ചതോടെ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ബന്ധിതമാകുകയാണ്.

ഇതിനിടെയാണ് അജിത് കുമാറിനെ മാറ്റുമ്പോള്‍ ആ കസേര തന്നെ വേണ്ടെന്ന നിലപാട് ആഭ്യന്തര വകുപ്പ് പരിഗണിക്കുന്നത്. ഫലത്തില്‍ ക്രമസമാധാനം പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മടങ്ങിയെത്തും.

Similar News