മറുനാടന്‍ പ്രേക്ഷകര്‍ക്ക് നന്ദി! മാതാപിതാക്കള്‍ നഷ്ടപ്പെട്ട വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്കായി പ്രേക്ഷകര്‍ നല്‍കിയത് ഒരു കോടിയിലേറെ രൂപ; ബ്രിട്ടനിലെ മലയാളികള്‍ ശേഖരിച്ച 71 ലക്ഷത്തിനൊപ്പം ശാന്തിഗ്രാമിലെത്തിയ 35 ലക്ഷവും ചേര്‍ന്നപ്പോള്‍ നന്മ വളര്‍ന്നത് ഒരു കോടിക്ക് മുകളിലേക്ക്
മറുനാടന്‍ പ്രേക്ഷകര്‍ക്ക് നന്ദി! നല്‍കിയത് ഒരു കോടിയിലേറെ രൂപ
തിരുവനന്തപുരം: മറുനാടന്‍ പ്രേക്ഷകര്‍ക്ക് നന്ദി. വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ മാതാപിതാക്കള്‍ ഇല്ലാതായ കുട്ടികളെ സഹായിക്കാന്‍ മറുനാടന്‍ മലയാളി തിരുവനന്തപുരത്തെ ശാന്തിഗ്രാമിന്റെ സഹായത്തോടെ നടത്തിയ ആഹ്വാനം ലക്ഷ്യം കണ്ടു. ലോകമെമ്പാടുമുള്ള മലയാളികള്‍ ചേര്‍ന്ന് ഒരു കോടിയിലേറെ രൂപ സംഭാവന ചെയ്താണ് പദ്ധതി ലക്ഷ്യത്തിലെത്തിയത്. ശാന്തിഗ്രാമിന്റെ അക്കൗണ്ടിലേക്ക് ഇതുവരെ മറുനാടന്‍ പ്രേക്ഷകര്‍ നല്‍കിയത് 35 ലക്ഷത്തിന് അടുത്ത് തുകയാണെങ്കില്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് 71 ലക്ഷത്തിലേറെ രൂപ നല്‍കി.
28 പേര്‍ സ്‌കൈ ഡൈവിംഗ് നടത്തി യുകെ മലയാളികളില്‍ നിന്നും ശേഖരിച്ച 71 ലക്ഷത്തിലേറെ രൂപ (71,600 പൗണ്ട്) യും ഇന്ത്യയിലും വിദേശത്തുള്ളവരുമായി ശാന്തിഗ്രാം അക്കൗണ്ടില്‍ 3,358,939.36 രൂപയും ചേര്‍ത്താണ് ഒരു കോടി അഞ്ചു ലക്ഷത്തോളം രൂപ എന്ന തുകയിലേക്ക് എത്തുന്നത്. മറുനാടന്‍ മലയാളി എഡിറ്ററായ ഷാജന്‍ സ്‌കറിയ അടക്കം 28 പേര്‍ ചേര്‍ന്ന് ആകാശച്ചാട്ടം നടത്തിയാണ് ബ്രിട്ടനില്‍ നിന്നും പണം ശേഖരിച്ചത്. ഇന്ത്യയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമായിട്ടാണ് മറുനാടന്‍ വായനാക്കാരിലൂടെ ശാന്തിഗ്രാം അക്കൗണ്ട് വഴി പണം സമാഹരിച്ചത്.
വിദേശഫണ്ട് വ്യക്തികള്‍ക്ക് നേരിട്ടു നല്‍കുന്നതിന് പരിമിതികള്‍ ഉള്ളതിനാല്‍ ഇന്ത്യയില്‍ വിദേശഫൗണ്ട് സ്വീകരിക്കാന്‍ അനുമതിയുള്ള തിരുവനന്തപുരം പൂവാറിലെ ശാന്തിഗ്രാം കേരള എന്ന പ്രസ്ഥാനം വഴിയാണ് വയനാട്ടിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്നത്. ഗാന്ധിയനായ പങ്കജാക്ഷന്‍ എന്നയാള്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ് ശാന്തിഗ്രാം. ഇവരുടെ സഹായത്തോടെ മുണ്ടക്കൈയിലെ ദുരിതബാധിതരായ കുഞ്ഞുങ്ങള്‍ക്കാണ് സഹായം എത്തിക്കുക. വരവ്, ചെലവ് കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാകും വിധം 100% സുതാര്യമായിട്ടാണ് ഞങ്ങള്‍ ഈ ദൗത്യം നടപ്പിലാക്കുന്നത്. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സംഭാവന നല്‍കിയവര്‍ക്ക് അവരുടെ പേര്, അഡ്രസ്, ഫോണ്‍ / വാട്‌സ് ആപ്പ് നമ്പര്‍, PAN നമ്പര്‍, ബാങ്ക് ട്രാന്‍സാഷന്‍ രേഖ/ സ്‌ക്രീന്‍ ഷോട്ട് എന്നിവ കൂടി അയച്ചു നല്‍കിയാല്‍ എല്ലാവര്‍ക്കും രസീത് അയച്ചു നല്‍കുവാന്‍ സാധിക്കും വിധമായിരുന്നു ഫണ്ട് ശേഖരണം.
ഒരു കോടി രൂപ എന്ന നാഴികക്കല്ലും കടന്നു കുതിപ്പോടെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെയും മറുനാടന്‍ മലയാളിയുടേയും സംയുക്ത ദൗത്യമായ വയനാട് അപ്പീലിന് അവസാനമായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാം എന്ന ധാരണയോടെ തുടങ്ങിയ അപ്പീല്‍ 25 ലക്ഷം രൂപയില്‍ എത്തിയപ്പോഴാണ് വയനാട് ദുരന്തം സംഭവിച്ചത്. തുടര്‍ന്ന് വയനാട് അപ്പീലാക്കി മാറ്റുവാന്‍ തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്നു ശരവേഗത്തിലാണ് അപ്പീലിലേക്ക് പണം ഒഴുകി എത്തിയത്. സ്‌കൈ ഡൈവിംഗ് പോരാളിയായി മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ കൂടെ കൂടുകയും മറുനാടന്‍ മലയാളി വായനക്കാരോടും സഹായിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് അപ്പീല്‍ വേഗത്തില്‍ ഒരു കോടി കടന്നത്.
മുന്‍പും നിരവധി അപ്പീലുകളില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്‍ മലയാളിയും കൈകോര്‍ത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അപ്പീലില്‍ ഇത്രയും വലിയ തുക മറുനാടന്‍ വായനക്കാര്‍ സംഭാവന നല്‍കുന്നത്. മുന്‍പും പല അപ്പീലുകളിലും മറുനാടന്‍ വായനക്കാര്‍ ഭാഗബാക്കായിട്ടുണ്ടെങ്കിലും ഇത്രയും ഉയര്‍ന്ന തുക ദുരന്തത്തിന്റെ ആകുലതകള്‍ അവസാനിച്ച ഘട്ടത്തില്‍ ലഭിക്കുന്നത് തികച്ചും അവിശ്വസനീയമാകുകയാണ്. സര്‍ക്കാരും വിവിധ സംഘടനകളും നടത്തിയ അപ്പീലുകള്‍ക്ക് ശേഷം ഏറ്റവും ഒടുവിലാണ് ബ്രിട്ടീഷ് മലയാളിയുടെയും മറുനാടന്‍ മലയാളിയുടെയും വയനാടന്‍ അപ്പീല്‍ ആഹ്വാനം വായനക്കാരെ തേടി എത്തുന്നത് എന്നതും പ്രത്യേകതയാണ്.