സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചുദിവസം ജോലി; ആരോഗ്യമേഖലയിലും വന്‍ മാറ്റം; നഴ്സുമാരുടെ ഷിഫ്റ്റില്‍ ആശങ്കയും ആശ്വാസവും; സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഈ പരിഷ്‌കാരങ്ങളോട് എങ്ങനെ പ്രതികരിക്കും?

Update: 2026-02-08 01:44 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി ആഴ്ചയില്‍ അഞ്ചു ദിവസമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനൊപ്പം ആരോഗ്യമേഖലയിലും നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നു. നഴ്സുമാരുടെ ജോലിസമയം ക്രമീകരിക്കുന്നതിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു.

യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷന്‍ (യു.എന്‍.എ) ഉള്‍പ്പെടെയുള്ള സംഘടനകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചാണ് നടപടി. എന്നാല്‍, സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഈ പരിഷ്‌കാരങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്.

പുതിയ നിര്‍ദ്ദേശപ്രകാരം ആശുപത്രികളില്‍ ത്രീ ഷിഫ്റ്റ് സമ്പ്രദായം നിര്‍ബന്ധമാക്കും. പകല്‍ ഷിഫ്റ്റുകള്‍ എട്ടു മണിക്കൂറായി നിശ്ചയിക്കുമ്പോള്‍ രാത്രി ഷിഫ്റ്റ് വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയായി (12 മണിക്കൂര്‍) ക്രമീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

ഇത് നഴ്സുമാര്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ഉറപ്പാക്കുമെങ്കിലും, രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നത് ക്രൂരമാണെന്ന വിലയിരുത്തലുണ്ട്. ഈ വിഷയത്തില്‍ നഴ്സുമാര്‍ക്കിടയില്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ പുനരാലോചന നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.

യുവജനക്ഷേമ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഈ മാറ്റങ്ങള്‍. 50 വയസ്സ് കഴിഞ്ഞവരെ രാത്രി ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നും, അധികമായി ജോലി ചെയ്യുന്നവര്‍ക്ക് ഓവര്‍ടൈം വേതനമോ പകരം അവധിയോ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഹോസ്റ്റല്‍ അല്ലെങ്കില്‍ വാഹന സൗകര്യം ഉറപ്പാക്കുക, സമരങ്ങളില്‍ പങ്കെടുക്കുന്നവരോട് പ്രതികാര ബുദ്ധി കാണിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും, ലാഭക്കണ്ണോടെ നോക്കുന്ന ആശുപത്രി മാനേജ്മെന്റുകള്‍ ഇത് നടപ്പിലാക്കാന്‍ തയ്യാറാകുമോ എന്ന വലിയ ചോദ്യം അവശേഷിക്കുന്നു.

Similar News