40,000 രൂപ ശമ്പളം പോലുമില്ല; പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണി; തൊഴില്‍ നിയമങ്ങളുടെ ഗുരുതര ലംഘനമെന്ന് കെ സി വേണുഗോപാല്‍; നിലനില്‍പ്പിനായുള്ള നഴ്‌സുമാരുടെ പോരാട്ടത്തിനൊപ്പം മാനവീയം വീഥിയില്‍ അണിചേര്‍ന്ന് പൗരപ്രമുഖര്‍; മിനിമം വേതനത്തില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ അനിശ്ചിതകാലസമരം

Update: 2026-03-04 17:11 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാരെ പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയാണെന്നും ഇത് തൊഴില്‍ നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു. സുപ്രീം കോടതി നിര്‍ദേശിച്ച 40,000 രൂപ അടിസ്ഥാന ശമ്പളം സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ന്യായമായ ഈ ആവശ്യം പോലും പരിഗണിക്കാത്തത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തവിമുഖതയാണെന്ന് വിമര്‍ശിച്ചു. സ്വന്തം അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന നഴ്സുമാരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) സംഘടിപ്പിച്ച മാനവീയം വീഥിയിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, ആരോഗ്യ മേഖലയിലെ നിര്‍ണായക തൊഴിലാളികളായ നഴ്സുമാര്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി ശമ്പള വര്‍ധനവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ കോടികള്‍ ലാഭം കൊയ്യുന്ന സാഹചര്യത്തില്‍ നഴ്സുമാര്‍ക്ക് യോജിച്ച വേതനം നല്‍കാത്തത് ഗുരുതരമായ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഴ്സുമാരുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ അതിന് കാലം കണക്കുപറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നഴ്സുമാരുടെ സമരത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും, നിലവിലെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അധികാരത്തിലെത്തുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അവ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാനേജ്‌മെന്റുകള്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍, പണിമുടക്ക് സമരത്തിലേക്ക് നഴ്‌സുമാര്‍ കടക്കുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നുമായി നൂറുക്കണക്കിന് നഴ്‌സുമാരാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരവുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരങ്ങളില്‍ മാനേജ്‌മെന്റ് ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം കൂടുതല്‍ കടുപ്പിക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 ആക്കുക, 6 -6 -12 ഷിഫ്റ്റ് നടപ്പിലാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുക, നഴ്‌സിംഗ് അധ്യാപകര്‍ക്ക് യുജിസി സ്‌കെയില്‍ ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രതിഷേധ സമരം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്മാര്‍ അനിശ്ചിത കാല സമരത്തിലേക്ക് കടന്നിരിക്കുന്നത്. മിനിമം വേതനം 40,000 രൂപ ആക്കുക എന്ന ആവശ്യവുമായാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മിനിമം വേതനം 40,000 രൂപയാക്കുക, ഇ എസ് ഐ, പി ഫ് പരിധി ഉയര്‍ത്തുക, കോണ്‍ട്രാക്ട് സംവിധാനവും ട്രെയിനിങ് സംവിധാനവും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സെക്രട്ടറിയറ്റിന് മുന്‍പില്‍ സമാപിച്ചു. കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയില്‍ അവസാനമായി ശമ്പളപരിഷ്‌കരണം നടന്നത് 2018 ലാണ്. പിന്നീട് ഏഴ് വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ല. മിനിമം വേതനം പ്രഖ്യാപിക്കേണ്ട ഏറ്റവും കുറഞ്ഞ കാലാവധി 3 വര്‍ഷവും, ഏറ്റവും കൂടിയ കാലാവധി 5 വര്‍ഷവും ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംഘടന ഇക്കാര്യം ഉന്നയിച്ചിട്ടും സ്വകാര്യ മേഖലയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.

2023 ല്‍ യുഎന്‍എ നടത്തിയ ശക്തമായ സമരത്തിന്റെ ഭാഗമായി ശമ്പളം പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടെങ്കിലും നാളിതുവരെ പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമര രംഗത്തേക്കിറങ്ങുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലേ നഴ്‌സ്മാരുടെ വേതനത്തിന്റെ പകുതി പോലും സ്വകാര്യ മേഖലയില്‍ ഉള്ള നേഴ്‌സ്മാര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ വന്‍കിട അമേരിക്കന്‍ കമ്പനികള്‍ വന്‍ നിക്ഷേപം നടത്തി ആരോഗ്യ മേഖലയെ സ്വകാര്യ വത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂമിയിലെ മാലാഖമാര്‍ എന്ന് വിശേഷിപ്പിക്കുന്ന നഴ്‌സുമാരെയും അവരുടെ ദൈനംദിന ജീവിതത്തെയും കാണാതെ പോകരുതെന്നും സമരക്കാര്‍ ഓര്‍മിപ്പിക്കുന്നു.

Tags:    

Similar News