ലിംഗമാറ്റം ഇനി 'സ്വയം' തീരുമാനിക്കാനാവില്ല; സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് വേണം! ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ ലോക്‌സഭ പാസാക്കി; ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാം, പക്ഷേ നിബന്ധനകള്‍ കടുപ്പം; ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം ഇനി മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും; സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് ആരോപിച്ച പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് കേന്ദ്രം
ലിംഗമാറ്റം ഇനി 'സ്വയം' തീരുമാനിക്കാനാവില്ല
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശക്തമായ ആശങ്കകളും എതിര്‍പ്പുകളും വകവെക്കാതെ, ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് (അവകാശ സംരക്ഷണ) ഭേദഗതി ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സ്വത്വം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും സര്‍ട്ടിഫിക്കേഷന്‍ നടപടികളിലും കാതലായ മാറ്റങ്ങള്‍ വരുത്തുന്നതാണ് ഈ ബില്‍.
കേന്ദ്ര സാമൂഹ്യനീതിമന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ ആണ് ലോക്‌സഭയില്‍ ഈ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ബില്‍ പാസായതോടെ, ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റാന്‍ അനുമതി ലഭിക്കും. എന്നാല്‍, സ്വയം ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് അവകാശപ്പെട്ടാല്‍ ഇനിമുതല്‍ അത് അംഗീകരിക്കില്ല.
പുതിയ വ്യവസ്ഥകള്‍ പ്രകാരം, ജന്മനായുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ലൈംഗിക സ്വഭാവ സവിശേഷതകള്‍ എന്നിവ നോക്കിയായിരിക്കും ഒരാളുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം തീരുമാനിക്കുക. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ ജില്ലാ മജിസ്‌ട്രേറ്റ് ആയിരിക്കും ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
ജനിതകവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ മാത്രം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥകളാണ് ബില്ലിന്റെ പ്രധാന സവിശേഷത. സ്വയം ലിംഗപദവി നിര്‍ണയിക്കാനുള്ള അവകാശത്തെ ഈ ബില്‍ തകര്‍ക്കുന്നുവെന്നും സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കിന്നര്‍, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സ്വത്വമുള്ളവരെയോ അന്തര്‍ലിംഗ വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാന്‍സ്ജെന്‍ഡര്‍ ആയി കണക്കാക്കൂ എന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. വ്യക്തിപരമായ താല്‍പര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ ഇതിനായി അംഗീകരിക്കില്ല. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാര്‍ സഭയെ അറിയിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനായി ചീഫ് മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഈ ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് കഠിനമായ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യാനും ബില്‍ ലക്ഷ്യമിടുന്നു.
കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ചു. ബില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങളെയും സ്വത്വത്തെയും സംബന്ധിച്ച നിയമനിര്‍മ്മാണത്തില്‍ ഈ ബില്‍ ഒരു നിര്‍ണ്ണായക ഘട്ടമാണെങ്കിലും, അവകാശ പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഇത് വലിയ സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
